ശങ്കറിൻ്റെ സൂപ്പർതാര പദവി തെറിപ്പിച്ചതാര്? ലോകത്തുള്ളവരല്ലാം മനസിലാക്കിയിട്ടും ശങ്കർ അറിഞ്ഞില്ലെന്ന് മുകേഷ്
കൊച്ചി:മലയാള സിനിമയില്‍ ഒരു കാലത്ത് നിറഞ്ഞ് നിന്ന സൂപ്പര്‍ നടനായിരുന്നു ശങ്കര്‍. അന്ന് മോഹന്‍ലാലോ മമ്മൂട്ടിയോ പോലും സൂപ്പര്‍താര പദവിയിലേക്ക് എത്തിയില്ലെന്നുള്ളതും ശ്രദ്ധേയമാണ്. മലയാളത്തിന് പുറമേ തമിഴിലടക്കം ഹിറ്റ് സിനിമകള്‍ ചെയ്തിരുന്ന ശങ്കറിന്റെ ജീവിതവും കരിയറും വലിയ പരാജയമായി മാറുകയായിരുന്നു.
ഇന്ന് പഴയകാല നടന്‍ ശങ്കര്‍ എന്ന ലേബലിലേക്ക് താരം ഒതുങ്ങി പോയി. ഇത്രയും താരമൂല്യം ഉണ്ടായിട്ടും ശങ്കറിനെന്ത് പറ്റിയെന്ന് ചോദിച്ചാല്‍ അധികമാര്‍ക്കും ഉത്തരമറിയില്ല. എന്നാല്‍ ശങ്കറിന്റെ സൂപ്പര്‍താര കീരിടം തെറിപ്പിച്ച ആളെ കുറിച്ച് പറയുകയാണ് നടന്‍ മുകേഷ്. നടന്റെ യൂട്യൂബ് ചാനലായ മുകേഷ് സ്പീങ്ങിലൂടെയാണ് ശങ്കറിനെ പറ്റി മുകേഷ് പറഞ്ഞത്.
ഞാന്‍ സിനിമയില്‍ വരുമ്പോള്‍ സൂപ്പര്‍സ്റ്റാറായിരുന്ന ഒരാളെ കുറിച്ചാണ് മുകേഷ് പുതിയ എപ്പിസോഡില്‍ പറഞ്ഞത്. മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍സ്റ്റാറുകള്‍ ആവുന്നതിന് മുന്‍പ് മലയാളത്തില്‍ സൂപ്പര്‍സ്റ്റാറായിരുന്നു ശങ്കര്‍. ഞാന്‍ രണ്ടാമതോ മൂന്നാമതോ അഭിനയിക്കുന്ന ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തില്‍ ശങ്കറും ഉണ്ടായിരുന്നു. അന്നൊക്കെ അദ്ദേഹത്തിന് പിന്നാലെ ആളുകള്‍ ഓടി കൊണ്ടിരിക്കുകയാണ്.
മഞ്ഞില്‍വിരിഞ്ഞപൂവ് എന്ന സിനിമ കേരളത്തില്‍ ഹിറ്റായി ഓടുമ്പോള്‍ ശങ്കര്‍ തമിഴില്‍ അഭിനയിച്ച ചിത്രവും അവിടെ ഹിറ്റായി ഓടി. ഒരേ സമയം രണ്ട് ഭാഷയില്‍ സൂപ്പര്‍സ്റ്റാറായി രംഗപ്രവേശം ചെയ്യുക എന്ന് പറയുന്ന ഭാഗ്യം വളരെ അപൂര്‍വ്വം നടന്മാര്‍ക്കേ ലഭിക്കൂ.
ശങ്കറിന്റെ സ്വഭാവം മോശമായതോ, അദ്ദേഹം അഭിനയിച്ച സിനിമകള്‍ ഹിറ്റാവാതെ ഇരിക്കുകയോ ഒന്നും ചെയ്തിട്ടില്ല. പിന്നെ എങ്ങനെയാണ് അദ്ദേഹത്തിന്റെ സൂപ്പര്‍സ്റ്റാര്‍ പദവി നഷ്ടമായത് എന്നാണ് താന്‍ ചിന്തിച്ചതെന്ന് മുകേഷ് പറയുന്നു. അത്രയും പാവമായി ഇരുന്നാല്‍ കാര്യങ്ങള്‍ നല്ല രീതിയില്‍ പോവില്ല.
മത്സരം നടക്കുന്ന ഇന്‍ഡസ്ട്രിയില്‍ എല്ലാവരെയും വിശ്വസിച്ച് നിന്നാല്‍ പിന്നെ പണി കിട്ടും. കുറഞ്ഞ പക്ഷം നമ്മുക്ക് ഒരാള്‍ പാര വെക്കാന്‍ വരികയാണെങ്കില്‍ അത് മനസിലാക്കാനെങ്കിലും സാധിക്കണം. കുറച്ച് നിഷ്‌കളങ്കത കൂടി പോയത് കൊണ്ട് ഒരാള്‍ക്ക് ദോഷം വരികയാണ്.
അന്ന് തമിഴിലും മലയാളത്തിലുമായി ശങ്കര്‍ ഓടി നടക്കുകയാണ്. അങ്ങനെ തിരുവനന്തപുരത്ത് ഉള്ള ഒരു പയ്യന്‍ അവനെ രഘു(ശരിക്കും പേരല്ല) എന്ന് വിളിക്കാം. ഒരു സിനിമയില്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റും അടുത്ത ചിത്രത്തില്‍ ഭക്ഷണം വിളമ്പുന്ന ആളുകളെ നിയന്ത്രിക്കുന്നു. അങ്ങനെ സ്ഥാനങ്ങള്‍ മാറി വരികയാണ്.
എല്ലാ ജോലിയും ചെയ്ത് അസിസ്റ്റന്റായി നില്‍ക്കുകയാണ്. പക്ഷേ ആള് ഉടായിപ്പാണ്. ഒരിക്കല്‍ ശങ്കറിനെ ഞാന്‍ കണ്ടു. അന്നേരമുണ്ട് രഘു വരുന്നു. ചേട്ടന്‍ ഒന്നും അറിഞ്ഞില്ലേ എന്ന് ചോദിച്ചു. പണ്ടത്തേ പോലെയല്ല, ഞാന്‍ ശങ്കറിന്റെ സെക്രട്ടറിയാണെന്ന് പറഞ്ഞു.
ശങ്കറിന്റെ കാര്യങ്ങളൊക്കെ ഇദ്ദേഹമാണ് തീരുമാനിക്കുന്നത്. അവന്‍ വന്നതിന് ശേഷം എന്റെ ജീവിതത്തില്‍ ചിട്ടയൊക്കെ വന്നതായി ശങ്കറും പറഞ്ഞു. ഇതോടെ അദ്ദേഹം വഴിത്തെറ്റിയെന്ന് എനിക്ക് മനസിലായി. ഇതിനിടെ ശങ്കറിന്റെ ഫോട്ടോ ഫ്രെയിം ചെയ്ത് പൂജ റൂമില്‍ വെക്കണമെന്ന് പറഞ്ഞ് രഘു വന്നു. ഇതൂടി കേട്ടതോടെ ശങ്കര്‍ അവന്‍ പാവമാണെന്നും ആത്മാര്‍ഥതയുള്ളവനാണെന്നും പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് ശേഷം ശങ്കറിനെ കണ്ടപ്പോള്‍ ലോകത്തുള്ള എല്ലാവര്‍ക്കും അവന്‍ കാണിച്ചത് ഉടായിപ്പ് ആണെന്ന് മനസിലായി. പക്ഷേ ശങ്കറിന് മാത്രം മനസിലായില്ല. അതാണ് നിഷ്‌കളങ്കത കൂടിയതിന് ശേഷം ശങ്കറിന്റെ ജീവിതത്തിലും കരിയറിലും സംഭവിച്ചതെന്ന് എനിക്ക് മനസിലായതെന്ന് മുകേഷ് പറയുന്നു.