തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സിപിഐഎം സംസ്ഥാന സെക്രട്ടറിക്കുമെതിരെ ആരോപണങ്ങളുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. എം വി ഗോവിന്ദന്റെ നിർദേശ പ്രകാരം വിജേഷ് എന്ന വിജയ് പിള്ള എന്നയാൾ സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പിന് ശ്രമിച്ചെന്ന ആരോപണവുമായാണ് സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലെെവിലൂടെ രംഗത്തെത്തിയത്.’
മൂന്ന് ദിവസം മുമ്പ് കണ്ണൂരിൽ നിന്നും വിജേഷ് എന്നൊരാൾ നിരന്തരം വിളിച്ച് ഇന്റർവ്യൂ എടുക്കാനെന്ന് പറഞ്ഞു. അതനുസരിച്ച് ഞാൻ മക്കളുമായി ബെംഗളൂരുവിലെ ഹോട്ടലിലെത്തിയപ്പോൾ കേസ് സെറ്റിൽ ചെയ്യുന്നതിന് 30 കോടി രൂപ വാഗ്ദാനം ചെയ്തു. ഒരാഴ്ചത്തെ സമയം തരാം, മക്കളെയും കൊണ്ട് ബെംഗ്ലൂരു വിട്ട് ഹരിയാനയിലേക്കോ ജയ്പൂരിലേക്കോ മാറണമെന്ന് പറഞ്ഞു. എം വി ഗോവിന്ദൻ പറഞ്ഞിട്ടാണ് ബന്ധപ്പെടുന്നതെന്നും അയാൾ പറഞ്ഞു.
എന്റെ കയ്യിലുളള എല്ലാ രേഖകളും വിവരങ്ങളും കെെമാറണം. മുഖ്യമന്ത്രിയുടേയൊ വീണയുടേയൊ, കമലാ മാഡത്തിന്റെയോ ബന്ധപ്പെട്ട എല്ലാം വിവരങ്ങളും കെെമാറണം. അവർ പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ ഗോവിന്ദൻ കൊന്നുകളയുമെന്നും അയാൾ പറഞ്ഞു.
മലേഷ്യയിലേക്ക് മൂന്നുമാസത്തിനുള്ളിൽ കള്ളവിസ തയാറാക്കിത്തരാം. 10 കോടി തരാം എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് അത് 30 കോടിയാക്കി. ഗോവിന്ദനും മുഖ്യമന്ത്രിയും എല്ലാ സഹായവും നൽകും. സ്വപ്ന സുരേഷ് ജീവിച്ചിരിക്കുന്നത് പോലും ആരും അറിയാൻ പാടില്ല. എവിടെപോയി വേണമെങ്കിലും ജീവിക്കാം, അതിനു വേണ്ടതെല്ലാം മുഖ്യമന്ത്രിയും ഗോവിന്ദനും ചേർന്ന് നൽകുമെന്ന് അയാൾ പറഞ്ഞു.
യുഎഇയിൽ വെച്ച് യൂസഫലിയെ ഉപയോഗിച്ച് എനിക്കെതിരെ ഇല്ലാത്ത കേസ് കെട്ടിച്ചമച്ച് എന്നെ കുടുക്കുമെന്നും വിജേഷ് ഭീഷണിപ്പെടുത്തി. ബാഗിലടക്കം നോട്ടോ മയക്കുമരുന്നോ വച്ച് എന്നെ അകത്താക്കാൻ യൂസഫലിക്ക് എളുപ്പമെന്നും അയാൾ പറഞ്ഞു. ഇതിന്റെ അവസാനം നരെ ഞാൻ ഫെെറ്റ് ചെയ്യും എന്ന് പിണറായി വിജയനോട് വ്യക്തമായും പറയുന്നു. ജീവനുണ്ടെങ്കിൽ നിങ്ങളുടെ മകളുടെ എല്ലാ ബിസിനസ് സാമ്രാജ്യത്തെക്കുറിച്ച് എല്ലാ വിവരങ്ങളും പുറത്തുവിടും,’സ്വപ്ന ഫെയ്സ്ബുക് ലൈവിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെയും സി പി എം സംസ്ഥാന സെക്രട്ടറിയുടെയും അടക്കം പേരിൽ തന്നെ ഭീഷണിപ്പെടുത്തിയതെന്നാണ് സ്വപ്ന പറഞ്ഞത്. ഇതോടെ വിജയ് പിള്ള പുതിയ ഇടനിലക്കാരനാണെന്ന നിലയിലുള്ള ചർച്ചയും സജീവമാകുകയാണ്. കൊച്ചിയിൽ പ്രവർത്തിക്കുന്ന വി ജി എൻ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലാണ് വിജയ് പിള്ള പ്രവർത്തിക്കുന്നത്. ഇയാളുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.