30 C
Kottayam
Sunday, May 12, 2024

ഇന്ത്യയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസ് ആകേണ്ടയാള്‍,നോട്ടുനിരോധനത്തിലെ വിയോജന വിധിയെഴുതിയ ബി.വി.നാഗരത്‌ന ആരെന്നറിയാം

Must read

ന്യൂഡല്‍ഹി: നോട്ടുനിരോധനത്തിലെ സുപ്രീംകോടതിയിലെ ഭിന്ന വിധിയിലൂടെ ശ്രദ്ധേയയാകുകയാണ് ജസ്റ്റിസ് ബി വി നാഗരത്‌ന. നോട്ടുനിരോധനം ചോദ്യം ചെയ്തുള്ള 58 ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചായിരുന്നു വിധി പ്രസ്താവിച്ചത്. ഇതില്‍ നാല് ജഡ്ജിമാരും കേന്ദ്ര സര്‍ക്കാരിന്റെ നോട്ടുനിരോധനത്തെ അംഗീകരിച്ചപ്പോള്‍ ഭൂരിപക്ഷ വിധിയോട് വിയോജിക്കുകയായിരുന്നു ബി വി നാഗരത്‌ന ചെയ്തത്.

24 മണിക്കൂര്‍ കൊണ്ടാണ് നോട്ടുനിരോധനം നടപ്പാക്കിയത് എന്നും കേന്ദ്രസര്‍ക്കാരിന്റെ ആഗ്രഹപ്രകാരമായിരുന്നു ഇത് എന്നും ബി വി നാഗരത്‌ന തന്റെ വിധി ന്യായത്തില്‍ പറഞ്ഞു. നോട്ടുനിരോധനം നടപ്പാക്കിയത് ഭരണഘടനാപരമായല്ല എന്നും പാര്‍ലമെന്റിലൂടെ നിയമനിര്‍മാണം ആവശ്യമായിരുന്നു എന്നും നാഗരത്‌ന ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരിന് നോട്ട് നിരോധിക്കാന്‍ അധികാരമില്ലെന്നും നാഗരത്ന പറഞ്ഞു.

നോട്ടുനിരോധനം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലെ ഓരോ ചോദ്യത്തേയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ ജസ്റ്റിസ് ബി ആര്‍ ഗവായ് തയ്യാറാക്കിയ മറുപടിയില്‍ നിന്ന് വ്യത്യസ്തമാണ് എന്നായിരുന്നു നാഗരത്ന വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാരാണ് നോട്ട് നിരോധനം നടത്തുന്നത് എങ്കില്‍ കറന്‍സി, നാണയം, നിയമപരമായ ടെന്‍ഡര്‍, വിദേശനാണ്യം എന്നിവയെക്കുറിച്ച് പറയുന്ന പട്ടിക 36-ല്‍ നിന്നാണ് അത്തരം അധികാരം ലഭിക്കുന്നത് എന്നും നാഗരത്ന പറഞ്ഞിരുന്നു.

നോട്ടുനിരോധന വിധിയിലെ ബി വി നാഗരത്‌നയുടെ വിധി എതിര്‍കക്ഷികള്‍ ഏറ്റെടുതത്ത് കഴിഞ്ഞു. 2021 ല്‍ ആണ് ബി വി നാഗരത്‌ന സുപ്രീംകോടതി ജസ്റ്റിസ് ആയി നിയമിക്കപ്പെട്ടത്. കര്‍ണാടക ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന ബി വി നാഗരത്ന ഇന്ത്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നു. സീനിയോറിറ്റി പ്രകാരം 2027 ല്‍ ബി വി നാഗരത്‌ന ഇന്ത്യയുടെ പരമോന്നത കോടതിയുടെ ചീഫ് ജസ്റ്റിസ് ആകും.

3

എന്നാല്‍ 36 ദിവസം മാത്രമായിരിക്കും ബി വി നാഗരത്‌നയ്ക്ക് പദവിയില്‍ തുടരാന്‍ സാധിക്കുക. അത് കഴിഞ്ഞാല്‍ ബി വി നാഗരത്‌ന വിരമിക്കും. ബെംഗളൂരുവില്‍ അഭിഭാഷകയായാണ് ബി വി നാഗരത്‌ന തന്റെ നിയമജീവിതം ആരംഭിക്കുന്നത്. 2008 ഫെബ്രുവരിയില്‍ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതയായതോടെ ന്യായാധിപ ജീവിതവും ആരംഭിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം അവര്‍ സ്ഥിരം ജഡ്ജിയായി.

4

ജസ്റ്റിസ് നാഗരത്നയുടെ പിതാവ്, ഇഎസ് വെങ്കിട്ടരാമയ്യ, 1989-ല്‍ ഏതാണ്ട് ആറുമാസത്തോളം ചീഫ് ജസ്റ്റിസായിരുന്നു. 2009 നവംബറില്‍ ബി വി നാഗരത്‌നയേയും കര്‍ണാടക ഹൈക്കോടതിയിലെ മറ്റ് രണ്ട് ജഡ്ജിമാരെയും ഒരു കൂട്ടം അഭിഭാഷകര്‍ പ്രതിഷേധത്തിനിടെ കോടതി മുറിയില്‍ പൂട്ടിയിട്ടിരുന്നു. ഇതിനോട് തങ്ങള്‍ക്ക് ദേഷ്യമില്ല എന്നും പക്ഷേ ബാര്‍ തങ്ങളോട് ചെയ്തതില്‍ സങ്കടമുണ്ട് എന്നും ലജ്ജിച്ചു തല താഴ്ത്തണം എന്നുമായിരുന്നു ബി വി നാഗരത്‌ന പ്രതികരിച്ചിരുന്നത്.

5

ഇലക്ട്രോണിക് മാധ്യമങ്ങളെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് 2012 ല്‍ ശ്രദ്ധേയമായ വിധി ബി വി നാഗരത്‌ന പുറപ്പെടുവിച്ചിരുന്നു. ഏത് പ്രക്ഷേപണ ചാനലിനും വിവരങ്ങള്‍ സത്യസന്ധമായി പ്രചരിപ്പിക്കേണ്ടത് അനിവാര്യമായിരിക്കെ, ‘ബ്രേക്കിംഗ് ന്യൂസ്’, ‘ഫ്‌ലാഷ് ന്യൂസ്’ പോലുള്ള സെന്‍സേഷനലിസം നിയന്ത്രിക്കണം എന്നായിരുന്നു അവര്‍ തന്റെ വിധിന്യായത്തില്‍ പറഞ്ഞിരുന്നത്.

6

പ്രക്ഷേപണ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് ഒരു സ്വയംഭരണവും നിയമാനുസൃതവുമായ സംവിധാനം രൂപീകരിക്കുന്നത് പരിഗണിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയന്ത്രണമെന്ന ആശയം സര്‍ക്കാരിന്റെയോ അധികാരങ്ങളുടെയോ നിയന്ത്രണമായി അര്‍ത്ഥമാക്കേണ്ടതില്ലെന്നും ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കിയിരുന്നു. 1962 ഒക്ടോബര്‍ 30 ന് കര്‍ണാടകയിലെ പാണ്ഡവപുരയില്‍ ആണ് ബി വി നാഗരത്‌ന ജനിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week