ന്യൂഡല്‍ഹി: ഏപ്രിലില്‍ മാസം ഇന്ത്യയില്‍ 74 ലക്ഷം അക്കൗണ്ടുകള്‍ക്ക് വിലക്കേർപ്പെടുത്തി വാട്‌സ്ആപ്പ്. കേന്ദ്ര ഐ.ടി. നിയമപ്രകാരമുള്ള പ്രതിമാസ റിപ്പോര്‍ട്ടിലാണ് വാട്‌സ്ആപ്പ് ഇക്കാര്യം അറിയിച്ചത്.
ഏപ്രില്‍ ഒന്നു മുതല്‍ 30 വരെ വാട്‌സ്ആപ്പിന് ഇന്ത്യയിലെ ഉപയോക്താക്കളില്‍നിന്ന് ലഭിച്ച പരാതികളുടേയും, നിയമങ്ങളും നിബന്ധനകളും ലംഘിച്ച് പ്രവര്‍ത്തിച്ച അക്കൗണ്ടുകള്‍ക്കെതിരേ എടുത്ത നടപടികളുടേയും, ഗ്രീവന്‍സ് അപ്പലേറ്റ് കമ്മിറ്റിയില്‍നിന്ന് ലഭിച്ച ഉത്തരവുകളുടേയുമടക്കം വിവരങ്ങളുള്ള റിപ്പോര്‍ട്ടിലാണ് നിരോധിച്ച അക്കൗണ്ടുകളുടെ എണ്ണവുമുള്ളത്.
പൂട്ടിയ അക്കൗണ്ടുകളില്‍ 24 ലക്ഷവും ഏതെങ്കിലും പരാതി ലഭിക്കുന്നതിന് മുമ്പേതന്നെ മുന്‍കരുതലായി വാട്‌സ്ആപ്പ് സ്വമേധയാ എടുത്ത നടപടിയാണ്. ദുരുപയോഗത്തിനെതിരായാണ് വാട്‌സ്ആപ്പ് ഇത്തരത്തിലുള്ള നടപടിയെടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗ്രീവന്‍സ് അപ്പലേറ്റ് കമ്മിറ്റിയില്‍നിന്ന് ഏപ്രില്‍ ഒന്നിനും 30-നുമിടയില്‍ വാട്‌സ്ആപ്പിന് രണ്ട് ഉത്തരവുകളാണ് ലഭിച്ചത്. ഇത് രണ്ടും പാലിച്ചു. വാട്‌സ്ആപ്പിന്റെ ഉപയോക്താക്കളില്‍ നിന്ന് 4,100 നിരോധനത്തിനായുള്ള അഭ്യര്‍ഥനകള്‍ വന്നപ്പോള്‍, 223 അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുത്തുവെന്നും പ്രതിമാസ റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ ഒന്ന് വ്യാഴാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
ഇന്ത്യയിലെ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് രാജ്യാന്തര നമ്പരുകളിൽനിന്ന് വ്യാപകമായി സ്പാം കോളുകൾ എത്തുന്നത് അടുത്തിടെ വലിയ ചർച്ചയായിരുന്നു. വിഷയത്തിൽ കേന്ദ്ര സർക്കാർ അടക്കം ഇടപെടുകയും വാട്സ്ആപ്പിനോട് വിശദീകരണം ചോദിക്കുമെന്ന് അറിയിക്കുകയും ചെയ്തു. പ്രശ്നം പരിഹരിക്കാൻ എഐ- എംഎൽ സാങ്കേതികവിദ്യകൾ അടക്കം പ്രയോജനപ്പെടുത്തിവരുന്നു എന്നായിരുന്നു വാട്സ്ആപ്പിന്റെ പ്രതികരണം.
ഉപയോക്താക്കൾക്ക് മികച്ച സുരക്ഷാഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ എപ്പോഴും ശ്രദ്ധ നൽകുന്ന വാട്സ്ആപ്പ് സ്പാം കോളുകളെ നേരിടുന്നതിൽ പതറിപ്പോയിരുന്നു. അത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കുകയും ചെയ്തു. എങ്കിലും തങ്ങളുടെ പ്രതിബദ്ധത തെളിയിക്കാൻ സ്പാംകോൾ അടക്കം എല്ലാ വെല്ലുവിളികളെയും നേരിടാൻ ഉപയോക്താക്കളെ സഹായിക്കാൻ ഒരു സെക്യൂരിറ്റി സെന്ററുമായി രംഗത്തെത്തിയിരിക്കുകയാണ് വാട്സ്ആപ്പ്.
സ്‌പാമുകളോ അനാവശ്യ കോളുകളോ നിങ്ങളെ ശല്യപ്പെടുത്തുന്നുവെങ്കിൽ അവയെ നേരിടാനും സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ മാർഗനിർദേശങ്ങളും വിവരങ്ങളും പുതിയ വാട്സ്ആപ്പ് സെക്യൂരിറ്റി സെന്ററിൽനിന്ന് അറിയാൻ സാധിക്കും. വാട്സ്ആപ്പിലുള്ള സുരക്ഷാ ഫീച്ചറുകളെക്കുറിച്ച് ഉപയോക്താക്കളെ ബോധവാന്മാരാക്കുന്ന ഒരു സമഗ്ര കേന്ദ്രം എന്നതാണ് ആഗോളതലത്തിൽ ആരംഭിച്ച വാട്സ്ആപ്പ് സെക്യൂരിറ്റി സെന്റർ ലക്ഷ്യമിടുന്നത്.
ഇംഗ്ലീഷിലും ഹിന്ദി, പഞ്ചാബി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ബംഗാളി, മറാത്തി, ഉറുദു, ഗുജറാത്തി എന്നിവയുൾപ്പെടെ പത്ത് ഇന്ത്യൻ ഭാഷകളിലും വാട്സ്ആപ്പ് സെക്യൂരിറ്റി സെന്ററിന്റെ സേവനം ലഭ്യമാണ്. സുരക്ഷാ കേന്ദ്രത്തിലെ സേവനങ്ങൾ അറിയുന്നതിനും മറ്റുമായി ഉപയോക്താക്കൾക്ക് https://www.whatsapp.com/security എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
സുരക്ഷയ്ക്കായി തങ്ങൾ നിരവധി ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവയെപ്പറ്റി ഉപയോക്താക്കൾക്ക് കാര്യമായ ധാരണയില്ല എന്നാണ് വാട്സ്ആപ്പ് കരുതുന്നത്. അതിനാൽത്തന്നെ വാട്സ്ആപ്പ് നൽകുന്ന സ്വകാര്യതാ സുരക്ഷയെക്കുറിച്ച് ഉപയോക്താക്കളെ ബോധവൽക്കരിക്കുകയും അവരുടെ അക്കൗണ്ടുകളിൽ കൂടുതൽ നിയന്ത്രണം നേടാൻ സഹായിക്കുകയും ചെയ്യുന്ന സൂത്രങ്ങൾ പറഞ്ഞ് നൽകുക എന്നതാണ് സുരക്ഷാ സെന്ററിലൂടെ വാട്സ്ആപ്പ് ഉദ്ദേശിക്കുന്നത്.
വാട്സ്ആപ്പ് സുരക്ഷാ സെന്റർ പ്രധാനമായും ഊന്നൽ നൽകിയിരിക്കുന്നത് ടു സ്റ്റെപ്പ് വെരിഫിക്കേഷൻ, സ്കാം, ഔദ്യോഗിക വാട്സ്ആപ്പ്, ഗ്രൂപ്പ് കൺട്രോൾ തുടങ്ങിയ കാര്യങ്ങളിലാണ്. മറ്റുള്ളവർ നമ്മുടെ അക്കൗണ്ടിൽ കടന്നുകയറുന്നത് ഒഴിവാക്കാൻ സഹായിക്കുന്ന അധിക സുരക്ഷാ പാളിയാണ് ടു സ്റ്റെപ്പ് വെരിഫിക്കേഷൻ( Two-step verificatio ).
സ്‌കാം എന്ന സെക്ഷനിൽ, സാധാരണ സ്‌കാമുകൾ എങ്ങനെ തിരിച്ചറിയാമെന്നും അനാവശ്യ സന്ദേശങ്ങൾ കൈകാര്യം ചെയ്യുന്നതിന് ബ്ലോക്ക് ചെയ്യലും റിപ്പോർട്ടുചെയ്യലും പോലുള്ള ടൂളുകൾ എങ്ങനെ ഉപയോഗിക്കാമെന്നും ഉപയോക്താക്കൾക്ക് പഠിക്കാനാകും. വാട്സ്ആപ്പിന്റെ വ്യാജ പതിപ്പുകൾ ഒഴിവാക്കി സുരക്ഷിതമായി എങ്ങനെ മുന്നോട്ട് പോകാം എന്ന് അറിയാൻ സഹായിക്കുന്ന വിവരങ്ങളാണ് ഔദ്യോഗിക വാട്സ്ആപ്പ് വിഭാഗത്തിൽ പറഞ്ഞുനൽകുന്നത്.
ഗ്രൂപ്പുകളിലേക്ക് ഉപയോക്താക്കളെ ആർക്കൊക്കെ ചേർക്കാം എന്നതുമായി ബന്ധപ്പെട്ട മുൻഗണനകൾ പരിശോധിക്കാനും നിയന്ത്രിക്കാനും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഗ്രൂപ്പ് കൺട്രോൾ എന്ന വിഭാഗത്തിൽ പറയുന്നു. വാട്സ്ആപ്പിന് ഏറ്റവുമധികം ഉപയോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ. അതിനാൽത്തന്നെ വാട്സ്ആപ്പിലൂടെ പരക്കുന്ന വ്യാജസന്ദേശങ്ങളും തട്ടിപ്പുകളുമൊക്കെ രാജ്യത്തിനും ഏറെ വെല്ലുവിളി സൃഷ്ടിക്കാറുണ്ട്.
അടുത്തിടെയായി സൈബർ ക്രിമിനലുകൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് വാട്സ്ആപ്പ് വഴിയുള്ള തട്ടിപ്പുകളിലാണ്. വളരെ എളുപ്പത്തിൽ ആളുകളിലേക്ക് എത്താമെന്നതും കോടിക്കണക്കിന് ഉപയോക്താക്കൾ ഉപയോഗിക്കുന്നു എന്നതും വാട്സആപ്പിനെ തട്ടിപ്പുകാരുടെയും പ്രിയപ്പെട്ട ആപ്പാക്കി മാറ്റുന്നു. അതിനാൽത്തന്നെ വാട്സ്ആപ്പ് വഴി എത്തുന്ന വ്യാജ ജോലി വാഗ്ദാനങ്ങളിലോ, സംശയകരമായ ലിങ്കുകളിലോ വീഴാതിരിക്കാൻ ഉപയോക്താക്കൾക്ക് സുരക്ഷാബോധവൽക്കരണം അനിവാര്യമാണ്.
കൂടാതെ ഇപ്പോൾ നടക്കുന്ന സ്പാം കോൾ തട്ടിപ്പിന് ഇരയാകാതിരിക്കാൻ എത്യോപ്യ (+251), മലേഷ്യ (+60), ഇന്തോനേഷ്യ (+62), കെനിയ (+254), വിയറ്റ്‌നാം (+84) തുടങ്ങിയ രാജ്യാന്തര നമ്പരുകളിൽനിന്ന് എത്തുന്ന കോളുകളോട് പ്രതികരിക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. പരിചയമില്ലാത്ത ഇൻർനാഷണൽ നമ്പരിൽനിന്ന് തുടർച്ചയായി കോളുകൾ എത്തുന്നുണ്ടെങ്കിൽ ആ നമ്പർ ബ്ലോക്ക് ചെയ്യുന്നതും നന്നായിരിക്കും.