CrimeKeralaNews

നിർണായകമായത് സിസിടിവി ദൃശ്യങ്ങളിലെ ഷർട്ട്; ഒരുകോടിയും 300 പവനും ഒളിപ്പിച്ചത് കട്ടിലിനുള്ളിലെ രഹസ്യ അറയിൽ

കണ്ണൂര്‍: വളപട്ടണം മന്നയിലെ അരി മൊത്തവ്യാപാരിയുടെ വീട്ടില്‍നിന്ന് മോഷ്ടിച്ച ഒരുകോടി രൂപയും 300 പവനും പ്രതി ലിജീഷ് ഒളിപ്പിച്ചത് കട്ടിലിനുള്ളിലുണ്ടാക്കിയ പ്രത്യേക അറയില്‍. പിടിയിലായ ലിജീഷ് മുമ്പ് ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയാണെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്യുമ്പോള്‍ പ്രതിയുടെ വിരലടയാളം പരിശോധിച്ചിരുന്നു. ഇതില്‍നിന്ന്‌ കണ്ണൂര്‍ കീച്ചേരില്‍ ഒന്നരവര്‍ഷം മുമ്പ് മോഷണം നടന്ന വീട്ടില്‍നിന്ന് ലഭിച്ച വിരലടയാളവുമായി സാമ്യമുണ്ടെന്ന് വ്യക്തമായി.

മോഷണം നടന്ന കെ.പി. അഷ്‌റഫിന്റെ വീടിന്റെ തൊട്ടടുത്തുള്ള വീട്ടിലാണ് ലിജീഷ് താമസിക്കുന്നത്. ഒരുമതിലിന് ഇരുപുറവുമാണ് രണ്ടുവീടുകളും. അഷ്‌റഫിന്റെ വീട് ലിജീഷ് നിരന്തരം നിരീക്ഷിച്ചുവരികയായിരുന്നു. നവംബര്‍ 19-ന് അഷ്‌റഫും കുടുംബവും വീട് പൂട്ടി മധുരയിലേക്ക് പോയെന്ന് മനസിലാക്കിയ പ്രതി മോഷണം നടത്തുകയായിരുന്നു. ഒരുകോടി രൂപയും 300 പവനുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇതിന്റെ പകുതി ആദ്യത്തെ ദിവസം മോഷ്ടിച്ചു. പിന്നീട് 21-ാം തീയതി വീണ്ടും വീട്ടില്‍ കയറി ശേഷിക്കുന്ന സ്വര്‍ണ്ണവും പണവും കവര്‍ന്നു.

സി.സി.ടി.വി. ദൃശ്യം കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. ലഭിച്ച ദൃശ്യങ്ങളില്‍ വ്യക്തതയുണ്ടായിരുന്നില്ല. ധരിച്ച ഷര്‍ട്ടിന്റെ നിറത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലാവുന്നത്.

മോഷണം നടന്ന ദിവസം പോലീസ് അയല്‍വാസിയായ ലിജീഷിന്റെ വീട്ടില്‍ പോയിരുന്നു. സംശയാസ്പദമായി എന്തെങ്കിലും കണ്ടിരുന്നോയെന്ന് പോലീസ് ലിജീഷിനോട് അന്വേഷിച്ചിരുന്നു. ഇല്ലെന്നായിരുന്നു ഇയാളുടെ മറുപടി. അതേസമയം, ലിജീഷിന്റെ തലയിലും ശരീരത്തിലും ചിലന്തിവലകളുണ്ടായിരുന്നു. മോഷണം നടന്ന സ്ഥലത്തും ഈ ചിലന്തിവലകളുണ്ടായിരുന്നു. ശരീരത്തിലെ ചിലന്തിവലകള്‍ ശ്രദ്ധിച്ച പോലീസ് എന്തുപറ്റിയതാണെന്ന് അന്വേഷിച്ചപ്പോള്‍ കൃത്യമായ മറുപടി നല്‍കാന്‍ ലിജീഷിനായില്ല.

ഞായറാഴ്ച രാവിലെയാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ആറുമണിക്ക് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈകിട്ട് ആറുവരെ ചോദ്യംചെയ്തു. ഈ സമയത്തൊന്നും കുറ്റംസമ്മതിക്കാന്‍ ഇയാള്‍ തയ്യാറായില്ല. ഇതിന് ശേഷമാണ് മോഷണം നടത്തിയത് താനാണെന്ന് സമ്മതിക്കുന്നത്.

പിന്നാലെ പ്രതിയെ വീട്ടിലെത്തിച്ച് തൊണ്ടിമുതല്‍ വീണ്ടെടുത്തു. കട്ടിലിനുള്ളില്‍ പ്രത്യേക അറയുണ്ടാക്കി പണവും സ്വര്‍ണ്ണവും ഒളിപ്പിച്ചുവെച്ചിരുന്നതായി കണ്ടെത്തി. 1.20 കോടി രൂപ പ്രതിയില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. 300 പവനും കണ്ടെടുത്തു. വെല്‍ഡിങ് തൊഴിലാളിയാണ് ലിജീഷ്. ഈ വൈദഗ്ധ്യം ഉപയോഗിച്ച് കമ്പി തകര്‍ത്താണ് പ്രതി അകത്തുകയറി ലോക്കറില്‍നിന്ന് പണവും സ്വര്‍ണ്ണവും മോഷ്ടിച്ചത്.

നേരത്തെ കണ്ണൂര്‍ കീച്ചേരിയിലെ വീട്ടില്‍നിന്ന് ലിജീഷ് 11 പവന്‍ മോഷ്ടിച്ചിരുന്നതായും പോലീസ് പറയുന്നു. അന്ന് തൊണ്ടിമുതല്‍ കണ്ടെത്താനോ പ്രതിയെ പിടികൂടാനോ സാധിച്ചിരുന്നില്ല. വിരലടയാളത്തില്‍നിന്നാണ് അന്ന് മോഷണം നടത്തിയത് ഇയാള്‍ത്തന്നെയാണെന്ന് പോലീസിന് മനസ്സിലായത്. കട്ടിലിനുള്ളിലെ അറ നേരത്തെ നിര്‍മിച്ചതാവാനാണ് സാധ്യതയെന്നാണ് പോലീസ് നിഗമനം. നേരത്തേ നടത്തിയ മോഷണങ്ങളിലെ പണവും സ്വര്‍ണവും സൂക്ഷിക്കാന്‍ വേണ്ടിയാവാം അറ നിര്‍മിച്ചതെന്നും പോലീസ് കരുതുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker