FeaturedHealthhome bannerHome-bannerKeralaNews

തൃശ്ശൂരിൽ വെസ്റ്റ് നൈൽ പനി ബാധിച്ച് ഒരു മരണം; ജാഗ്രതാ നി‍ർദേശവുമായി ആരോഗ്യവകുപ്പ്

തൃശ്ശൂർ:  തൃശ്ശൂരിൽ വെസ്റ്റ് നൈൽ പനി ബാധിച്ച് മധ്യവയസ്കൻ മരിച്ചു. പുത്തൂർ ആശാരിക്കോട് സ്വദേശി ജോബി (47) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് പനി ബാധിച്ച് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെസ്റ്റ്നൈൽ ആണ് ബാധിച്ചത് എന്ന് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പാണഞ്ചേരി പഞ്ചായത്തിൽ ഇന്ന് ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. 

കൊതുകിൽ നിന്ന് പകരുന്ന രോഗമാണ് വെസ്റ്റ് നൈൽ പനി. മരിച്ച ജോബിയിൽ നിന്ന് നിലവിൽ മറ്റാരിലേക്കും രോഗം പകർന്നിട്ടില്ല. കൂടുതൽ പേരെ പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് ഇന്നലെ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തിയിരുന്നു. പ്രദേശത്ത് രോഗം പരത്തുന്ന ക്യൂലെക്സ് കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം പതിനേഴിനാണ് ജോബിയിൽ രോഗലക്ഷണം കണ്ടെത്തിയത്. തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. രണ്ട് ദിവസം മുമ്പാണ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

വെസ്റ്റ് നൈൽ പനി

എന്താണ് വെസ്റ്റ് നൈൽ പനി? എന്തിൽ നിന്നാണ് ഈ പനി പടരുന്നത്?  ഇതിനെകുറിച്ച് പലർക്കും ഇപ്പോഴും അറിയില്ല. വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ്‌ നൈൽ പനി. വെസ്റ്റ് നൈൽ വൈറസാണ് രോഗകാരി. കൊതുക് വഴിയാണ് ഇത് പകരുന്നത്. 1937ൽ ഉഗാണ്ടയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. ഈ രോഗം പിടിപെട്ട പക്ഷികളിൽ നിന്നു കൊതുകിലേക്കും കൊതുകിൽ നിന്ന് മനുഷ്യരിലേക്കും പകരും. 

കൊതുക് കടിയേൽക്കുന്നതിലൂടെ മാത്രമേ രോഗം പകരൂ. ഈ രോഗത്തിനു പ്രതിരോധ വാക്സിനില്ല. കൊതുകു കടിയേൽക്കാതെ നോക്കുക എന്നതു മാത്രമാണു പോംവഴി. പിടിപെട്ടു കഴിഞ്ഞാൽ സാധാരണ വൈറൽപ്പനി മാറുന്നതുപോലെ ഭേദമാകും. ചിലരിൽ രോഗം വിട്ടുപോകാൻ മാസങ്ങളോളം വേണ്ടിവരും. തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റൽ, ഓർമ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. രോഗബാധയുണ്ടായ 75% ശതമാനം പേരിലും പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടമായി അനുഭവപ്പെടാറില്ല. 

20 ശതമാനത്തോളം പേർക്ക് പനി, തലവേദന, ഛർദ്ദി, ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ കാണാം. ഒരു ശതമാനം ആളുകളിൽ മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങളുണ്ടാവാം. കൊതുകുള്ള സ്ഥലങ്ങളിൽ അവയെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുകയാണ് വേണ്ടത്. കഴിഞ്ഞാഴ്ച കോഴിക്കോട് ഒരു പെണ്‍കുട്ടിക്ക് വെസ്റ്റ്‌നൈല്‍ രോഗം സ്ഥിരീകരിച്ചിരുന്നു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker