കോഴിക്കോട്: ശക്തമായ മഴയില്‍ കിണര്‍ താഴ്ന്നുപോയി. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ വടിശ്ശേരി ബാലകൃഷ്ണന്റ വീട്ടിലെ കഴിഞ്ഞ വര്‍ഷം നിര്‍മിച്ച കിണറാണ് നിമിഷ നേരം കൊണ്ട് ഭൂമിക്കടിയിലേക്ക് ആണ്ടുപോയത്. വ്യാഴാഴ്ച ഉച്ചക്ക് മൂന്നോടെയാണ് അപകടമുണ്ടായത്. വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും കിണര്‍ അപ്രത്യക്ഷമായിരുന്നു. കിണറിന്റെ ഏകദേശം 500 മീറ്റര്‍ അരികിലൂടെയാണ് ഇരുവഴിഞ്ഞിപ്പുഴ ഒഴുകുന്നത്.
പ്രദേശത്ത് ശക്തമായ മഴ നിലനില്‍ക്കുന്നതിനാല്‍ കിണറിന്റെ പരിസരങ്ങളില്‍ വെള്ളക്കെട്ടുണ്ടായിരുന്നു. എന്നാല്‍ കിണര്‍ ഇടിയുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. 20 കോല്‍ താഴ്ചയുള്ള കിണറാണ് പൂര്‍ണമായും ഇടിഞ്ഞുപോയത്. ഇതിനോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന മോട്ടോറും നശിച്ചു. വീട് ഉള്‍പ്പെടുന്ന സൗത്ത് കാരശ്ശേരി 15ാം വാര്‍ഡ് മെമ്പര്‍ റുഖിയ സ്ഥലം സന്ദര്‍ശിച്ചു. വില്ലേജ് ഓഫീസ് അധികൃതര്‍ നാളെ എത്താമെന്ന് അറിയിച്ചതായി ബാലകൃഷ്ണന്‍ പറഞ്ഞു.