KeralaNews

‘പ്രവര്‍ത്തകരുടെ മേല്‍ കൈവച്ചവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാം’; ബി.ജെ.പി നേതാവിന്റെ പ്രകോപന പ്രസംഗം പുറത്ത്

കണ്ണൂര്‍: തലശ്ശേരി സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിന് മുന്നേ, ബിജെപി നേതാവ് പ്രകോപനപരമായി പ്രസംഗിക്കുന്ന വീഡിയോ പുറത്ത്. ബിജെപി-സിപിഎം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് പ്രസംഗം. ബിജെപി കൗണ്‍സിലര്‍ വിജേഷാണ് പ്രതിഷേധ പരിപാടിക്കിടെ പ്രകോപന പ്രസംഗം നടത്തിയത്. ‘വളരെ ആസൂത്രിതമായി കോലോത്ത് ക്ഷേത്രത്തില്‍വച്ച് സിപിഎമ്മിന്റെ കൊടും ക്രിമിനലുകളായിട്ടുള്ള രണ്ടു പേര്‍ നേതൃത്വം നല്‍കിക്കൊണ്ട് നമ്മുടെ സഹപ്രവര്‍ത്തകരെ അതിക്രൂരമായി ആക്രമിച്ച സംഭവം വളരെ വൈകാരികമായിട്ടാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്തിട്ടുള്ളത്.

നമ്മുടെ പ്രവര്‍ത്തകരുടെ മേല്‍ കൈവച്ചവരെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന കൃത്യമായ ബോധ്യം നമുക്ക് എല്ലാവര്‍ക്കുമുണ്ട്. അതെങ്ങനെയാണ് കൈകാര്യം ചെയ്യുകയെന്ന് കഴിഞ്ഞ കാലങ്ങളിലുള്ള ചരിത്രം പരിശോധിച്ചാല്‍ ഇവിടെയുള്ള സിപിഎം നേതാക്കള്‍ക്ക് മനസ്സിലാകം. പക്ഷെ സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന ഈ പ്രദേശത്ത് കൊടുംക്രിമിനലുകളായിട്ടുള്ള രണ്ടു പേരുടെ തോന്ന്യാസത്തിന് നമ്മുടെ നാട് അശാന്തിയിലേക്ക് പോകേണ്ടതില്ല, ജനങ്ങളുടെ മുന്നില്‍ ഇത് തുറന്നു കാട്ടുന്നതിനാണ് ഈ പ്രതിഷേധ പ്രകടനം നടത്തുന്നത്.’ ബിജെപി നേതാവ് പറഞ്ഞു.

കൊരമ്പില്‍ താഴെ കുനിയില്‍ ഹരിദാസ് (54) ആണ് കൊല്ലപ്പെട്ടത്. മത്സ്യത്തൊഴിലാളിയായ ഹരിദാസിനെ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ പുലര്‍ച്ചെയാണ് ബൈക്കിലെത്തിയ നാലംഗ സംഘം വെട്ടിക്കൊന്നത്.ഹരിദാസിന്റെ ശരീരമാസകലം വെട്ടേറ്റു. ഒരു കാല്‍ വെട്ടിമാറ്റിയ നിലയിലാണ്. ഹരിദാസിന്റെ വീടിന് തൊട്ട് മുന്നില്‍ വച്ചാണ് കൊലപാതകം നടന്നത്. ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ ഉടനെ തലശ്ശേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ഹരിദാസിനു നേരെയുള്ള അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ സഹോദരന്‍ സുരനും വെട്ടേറ്റു.കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. ഒരാഴ്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലില്‍ പ്രദേശത്ത് സിപിഎം-ബിജെപി സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഹരിദാസിനു നേരെ ആക്രമണമുണ്ടായത്.തലശ്ശേരി നഗരസഭ ന്യൂമാഹി പഞ്ചായത്ത് എന്നിവിടങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹര്‍ത്താല്‍ വൈകിട്ട് ആറ് മണിവരെ നീളും.

ആസൂത്രണം ചെയ്തുകൊണ്ടാണ് കൊല നടത്തിയിട്ടുള്ളതെന്നും ഒരിക്കലും ന്യായീകരിക്കാന്‍ കഴിയാത്തൊരു കൊലപാതകമാണിതെന്നും സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. സിപിഎം ഭൂമിക്ക് താഴെ ക്ഷമിച്ചിരിക്കുകയാണ്. സമീപകാലങ്ങളിലായി സിപിഎം പ്രവര്‍ത്തകന്മാരെയും ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ പ്രവര്‍ത്തകന്മാരെയും ക്രൂരമായി കൊലപ്പെടുത്തുകയാണ് രാഷ്ട്രീയ എതിരാളികള്‍ ചെയ്യുന്നത്, അദ്ദേഹം പറഞ്ഞു.

‘നേരത്തെ ബിജെപിയുടെ ഒരു കൗണ്‍സിലര്‍ ആ പ്രദേശത്ത് സിപിഎംകാരായ രണ്ട് പേരെ ഞങ്ങള്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്നും അവരെ വെറുതെ വിടുകയില്ലെന്നുമാണ് പരസ്യമായി പ്രഖ്യാപിച്ചത്. അത് സോഷ്യല്‍ മീഡിയയിലൂടെയും മറ്റു പ്രചരിപ്പിക്കുകയും ചെയ്തു. മുന്‍കൂട്ടി പ്രഖ്യാപിച്ച് കൊല നടത്തുക. ഇത് നേതൃത്വത്തിന്റെ അറിവോടെ നടന്ന കൊലയാകണം.

ജോലികഴിഞ്ഞ് ഇത്രമണിക്ക് ഹരിദാസ് തിരിച്ചെത്തുമെന്ന് മനസ്സിലാക്കിക്കൊണ്ട് ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ഹരിദാസിനെ കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ എത്തിച്ചേര്‍ന്ന ഒരു ക്രിമിനല്‍ സംഘം അവിടെ കാത്തിരിക്കുന്നുണ്ടാകണം. അല്ലെങ്കില്‍ ഇങ്ങനെ വെട്ടിനുറിക്കാന്‍ കഴിയില്ല. ഒരു കാല്‍ അറുത്തിടാന്‍ കഴിയില്ല.’-ജയരാജന്‍ പറഞ്ഞു

അതേസമയം കൊലപാതകത്തില്‍ ബിജെപിക്ക് പങ്കില്ലെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഹരിദാസ് പറഞ്ഞു. സിപിഎം പ്രതികളെ പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്നും ജില്ലയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ പ്രയത്‌നിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും ഹരിദാസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker