KeralaNews

ഞങ്ങളാണ് യഥാർഥ ജെ.ഡി.എസ്, ദേവഗൗഡയുടെ പ്രസിഡന്റ് പദം സ്വയം ഇല്ലാതായി: മാത്യു ടി. തോമസ്

കൊച്ചി: എന്‍.ഡി.എയ്ക്ക് ഒപ്പം ചേരാനുള്ള ജെ.ഡി.എസ്. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം തള്ളി കേരള ഘടകം. പാര്‍ട്ടി നേതൃത്വം എന്‍.ഡി.എ.യ്‌ക്കൊപ്പം പോയിട്ടില്ല. ദേശീയ നേതൃത്വത്തിലെ ചില വ്യക്തികളാണ് പോയത്. അത് പാര്‍ട്ടി ദേശീയ പ്ലീനം അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിനെതിരാണ്. യഥാര്‍ഥ ജെ.ഡി.എസ്. തങ്ങളാണ്. ദേവഗൗഡയുടെ പ്രസിഡന്റ് പദം സ്വയം ഇല്ലാതായെന്നും കേരള ഘടകം പ്രസിഡന്റ് മാത്യു ടി. തോമസ് പറഞ്ഞു.

കൊച്ചിയില്‍ ചേര്‍ന്ന ജെ.ഡി.എസ്. കേരള ഘടകത്തിന്റെ വിശാല യോഗത്തിനുശേഷമായിരുന്നു തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. കേന്ദ്ര നേതൃത്വത്തിനൊപ്പമില്ലെന്ന ഒക്ടോബര്‍ ഏഴിനെടുത്ത തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായും പ്രസിഡന്റ് അറിയിച്ചു.

എന്‍.ഡി.എ.യ്‌ക്കൊപ്പം പോകാനുള്ള തീരുമാനം കേന്ദ്ര നേതൃത്വത്തിന്റേതല്ല. കേന്ദ്ര നിര്‍വാഹക സമിതിയോ ദേശീയ സമിതിയോ അത്തരത്തില്‍ തീരുമാനമെടുത്തിട്ടില്ല. പ്രസിഡന്റ് ദേവഗൗഡയും എച്ച്.ഡി. കുമാരസ്വാമിയും ഏകപക്ഷീയമായെടുത്ത തീരുമാനമാണ്. ഈ നിലപാടിനോട് യോജിക്കുന്നില്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇടതുപക്ഷത്തുനിന്ന് ഒരുതരത്തിലുള്ള സമ്മര്‍ദവുമില്ലെന്നും മാത്യു ടി. തോമസ് വ്യക്തമാക്കി.

ദേശീയ പ്ലീനം അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിന് വിരുദ്ധമായ നിലപാടാണ് ദേശീയ നേതൃത്വത്തിലെ ചിലയാളുകള്‍ കൈക്കൊണ്ടത്. പ്ലീനത്തിന് വിരുദ്ധമായ നിലപാടെടുക്കുമ്പോള്‍ ദേവഗൗഡ സ്വയം ദേശീയ പ്രസിഡന്റല്ലാതായി മാറി.

പാര്‍ട്ടി പ്ലീനം അംഗീകരിച്ച രാഷ്ട്രീയപ്രമേയത്തില്‍ അടിയുറച്ചുനിന്ന് പ്രവര്‍ത്തിക്കുന്നതാണ് കേരളാ ഘടകം. അതിനാല്‍ത്തന്നെ യഥാര്‍ഥ ജെ.ഡി.എസ്. തങ്ങളാണ്. ദേശീയ നേതൃത്വത്തിലെ ആളുകളുടേത് അഭിപ്രായമാണ്. തങ്ങളുടേതാണ് പാര്‍ട്ടി നിലപാടെന്നും മാത്യു ടി. തോമസ് പറഞ്ഞു.

ബി.ജെ.പി.യും സഖ്യകക്ഷികളും തങ്ങളുടെ ശത്രുപക്ഷത്താണ്. കേന്ദ്ര നേതൃത്വ തീരുമാനത്തെ അംഗീകരിക്കാത്ത പല സംസ്ഥാനങ്ങളുമുണ്ട്. ഇവരെ യോജിപ്പിച്ച് നീങ്ങാനുള്ള ശ്രമത്തിലാണ്. സംസ്ഥാനത്തും ആ തരത്തിലുള്ള നീക്കങ്ങള്‍ നടത്തുകയാണ്.

ദേശീയ ഘടകവും സംസ്ഥാന ഘടകവും രണ്ടുവഴിക്ക് പോയ സന്ദര്‍ഭം 2006-ലും ഉണ്ടായിട്ടുണ്ടെന്നും മാത്യു ടി. തോമസ് കൂട്ടിച്ചേര്‍ത്തു. നവംബര്‍ 14-ന് പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൂട്ടായ്മ നടത്താനും സംസ്ഥാന നേതൃത്വം തീരുമാനിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button