ബത്തേരി: വാകേരി കൂടല്ലൂരിലെ നരഭോജി കടുവയെ മയക്കുവെടി വച്ചു പിടികൂടാന്‍ ഉത്തരവ്. കടുവയെ വെടിവച്ചു കൊല്ലണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ വന്‍ പ്രതിഷേധത്തിനൊരുങ്ങി ജനങ്ങള്‍. മയക്കുവെടി വച്ചുപിടികൂടുന്നതിനു പകരം, വെടിവച്ചുകൊല്ലാനുള്ള ഉത്തരവ് ഇറക്കുന്നതുവരെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും സര്‍വകക്ഷി നേതാക്കളും ഉപവാസം തുടങ്ങി. വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് ഇനിയും വൈകിയാല്‍ ബത്തേരിയില്‍ ദേശീയപാത ഉപരോധിക്കാനും നീക്കമുണ്ട്.
ഇന്നലെ വൈകിട്ടാണ് കൂടല്ലൂരില്‍ വയലില്‍ പുല്ലരിയാന്‍ പോയ ക്ഷീരകര്‍ഷകന്‍ പ്രജീഷിനെ കടുവ ആക്രമിച്ചു കൊന്നത്. ബത്തേരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും കടുവയെ വെടിവച്ചുകൊല്ലാനുള്ള ഉത്തരവെത്തുന്നതുവരെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിലാണു ബന്ധുക്കളും നാട്ടുകാരും.
കടുവയെ മയക്കുവെടി വച്ചു പിടികൂടിയാല്‍ പരുക്കുകളൊന്നുമില്ലെങ്കില്‍ ഉള്‍വനത്തിലേക്കു തുറന്നു വിടുകയാണു വനംവകുപ്പിന്റെ പതിവ്. ഉള്‍വനത്തിലേക്കു വിട്ടാലും കടുവ വീണ്ടും നാട്ടിലേക്കിറങ്ങും. പച്ചാടിയിലെ വന്യജീവി പുനരധിവാസ കേന്ദ്രത്തില്‍ ഇനി ഒരു കടുവയ്ക്കു കൂടി താമസമൊരുക്കാനുള്ള സൗകര്യവുമില്ല. ഇതുകൊണ്ടാണ്, നരഭോജിയായ കടുവയെ വെടിവച്ചുകൊല്ലണമെന്ന ആവശ്യം നാട്ടുകാര്‍ ഉന്നയിക്കുന്നത്. കടുവയ്ക്കായി കൂടല്ലൂരിലും പരിസരപ്രദേശത്തും വനംവകുപ്പ് തിരച്ചില്‍ തുടരുകയാണ്.