KeralaNews

31 മൃതദേഹങ്ങളും 158 ശരീരഭാഗങ്ങളും ഇന്ന് സംസ്കരിക്കും, തിരച്ചിൽ നിർത്തിയിട്ടില്ല : മന്ത്രി കെ. രാജൻ

കൽപറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും ഒരു സംഘവും ദൗത്യം നിർത്തിയിട്ടില്ലെന്നും റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. കൃത്യമായ സംവിധാനങ്ങളിലൂടെയാണ് രക്ഷാപ്രവർത്തനം മുന്നോട്ടു പോകുന്നതെന്നും കണക്കുകൾ പ്രകാരം മാത്രമാണ് ആളുകളെ ഉള്ളിലേക്ക് കടത്തിവിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പുത്തുമലയിലെ 64 സെന്റ് സ്ഥലത്ത് തിരിച്ചറിയാത്ത 31 ഭൗതിക ശരീരങ്ങളുടെയും 158 ശരീരഭാഗങ്ങളുടെയും സംസ്‌കാര ചടങ്ങുകൾ തിങ്കളാഴ്ച വൈകിട്ട് നടക്കുമെന്നും മന്ത്രി പറ‍ഞ്ഞു. ദുരന്തത്തിൽ മരണമടഞ്ഞവരിൽ തിരിച്ചറിയാത്തവരുടെ സംസ്‌കാര ചടങ്ങുകൾ ഞായറാഴ്ചയാണ് ആരംഭിച്ചത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ഓൺലൈൻ അവലോകന യോഗത്തിന് ശേഷമായിരിക്കും സംസ്‌കാര നടപടികൾ ആരംഭിക്കുക. റവന്യൂ മന്ത്രി കെ. രാജനും വനം മന്ത്രി എ.കെ ശശീന്ദ്രനും ഓൺലൈനായി യോഗത്തിൽ പങ്കെടുക്കും.

മരിച്ച് 72 മണിക്കൂറിനുശേഷവും തിരിച്ചറിയാൻ സാധിക്കാത്ത പക്ഷം അജ്ഞാത മൃതദേഹമായി കരുതി സംസ്‌കരിക്കാൻ നിയമമുണ്ടെങ്കിലും, സംസ്‌കാര നടപടികൾക്കു തൊട്ടുമുമ്പുവരെ ബന്ധുക്കൾക്ക് തിരിച്ചറിഞ്ഞ് കൊണ്ടുപോവാൻ സർക്കാർ അവസരം ഒരുക്കിയിട്ടുണ്ട്. മൃതദേഹഭാഗങ്ങളുടെയടക്കം ഡിഎൻഎ എടുക്കുകയും സംസ്‌കരിക്കുന്ന സ്ഥലം കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തതിന് ശേഷമാണ് സംസ്‌കാരം നടത്തുക.

ചൂരൽമലയിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും കാണാതായ അവസാനത്തെ വ്യക്തിയെയും കണ്ടെത്തുന്നതുവരെ പരിശോധന തുടരുമെന്നും ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും മന്ത്രിമാർ വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് കേന്ദ്രമന്ത്രിയെ പഠിപ്പിക്കാനുള്ള അവസരമല്ല ഇതെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന്റെ വിമർശനം സംബന്ധിച്ച് എ.കെ ശശീന്ദ്രൻ പ്രതികരിച്ചു. അനധികൃത ഖനനവും അനധികൃത മനുഷ്യവാസവുമാണ് വയനാട് ദുരന്തത്തിന് കാരണമെന്നും തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ വിമർശനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker