തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലിലെ ദുരന്തബാധിതര്‍ക്ക് സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ആറ് ലക്ഷം രൂപ വീതം ധനസഹായം നല്‍കും എന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 70% അംഗവൈകല്യം ബാധിച്ചവര്‍ക്ക് 75000 രൂപ സഹായമായി നല്‍കും.
പരിക്കേറ്റവര്‍ക്ക് 50000 രൂപ വീതവും ധനസഹായം നല്‍കും. കാണാതായവരുടെ ആശ്രിതര്‍ക്കും സഹായധനം ലഭ്യമാക്കും. പ്രതിമാസ വാടക ഇനത്തില്‍ നേരത്തെ പ്രഖ്യാപിച്ച 6000 രൂപയ്ക്ക് പുറമെയാണിത്. സമഗ്രമായ പുനരധിവാസ പാക്കേജ് തയ്യാറാക്കി വരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളില്ലെങ്കില്‍ അടുത്ത ബന്ധുക്കള്‍ക്ക് ധനസഹായം നല്‍കും എന്നും ഇതിനായി പിന്തുടര്‍ച്ച അവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരിത ബാധിത കുടുംബത്തിന് പ്രതിമാസം ലഭിക്കുന്ന 6000 രൂപ വാടക ബന്ധുവീടുകളിലേക്ക് മാറുന്നവര്‍ക്കും ലഭിക്കും. എന്നാല്‍ സ്‌പോണ്‍സര്‍ഷിപ്പ് കെട്ടിടങ്ങളിലേക്കോ സര്‍ക്കാര്‍ സംവിധാനങ്ങളിലേക്കോ മാറുന്നവര്‍ക്ക് വാടക തുക ലഭിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് ഈ തുക വകയിരുത്തുന്നത്. രേഖകള്‍ നഷ്ടമായവര്‍ക്ക് പുതുക്കിയ രേഖ വാങ്ങാം.
ഇതിന് ഫീസ് ഉണ്ടാകില്ല. പൊലീസ് നടപടി പൂര്‍ത്തിയാക്കി കാണാതായവരുടെ പട്ടിക തയ്യാറാക്കും.ഡിഎന്‍എ പരിശോധനയില്‍ ഇനി കണ്ടെത്താനുള്ളത് 118 പേരെയാണ്. ദുരന്ത ബാധിത മേഖലകളില്‍ ഇന്നും തെരച്ചില്‍ തുടരുകയാണ്. പ്രത്യേക സോണുകളിലായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്. വിദഗ്ധ സംഘം രാവിലെ ഏഴ് മണിയോടെ പുനരാരംഭിച്ച തിരച്ചില്‍ തുടരുകയാണ്.
ഉച്ചയോടെ കാലാവസ്ഥ പ്രതികൂലമാകാനുള്ള സാധ്യത കണക്കിലെടുത്ത് വേഗത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. ചാലിയാറില്‍ വെള്ളിയാഴ്ച വരെ തിരച്ചില്‍ തുടരും. വിദഗ്ധ സംഘത്തിന്റെ സമഗ്ര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ദുരന്തം ബാധിച്ച മേഖലയിലെ പുനരധിവാസം സംബന്ധിച്ച് തീരുമാനമെടുക്കുന്നത്. ഭൂവിനിയോഗ രീതികള്‍ ഈ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കും.
മേപ്പാടിയില്‍ നിന്നും 151 മൃതദേഹവും നിലമ്പൂരില്‍ 80 മൃതദേഹവുമാണ് കണ്ടെത്തിയത്. 39 ശരീരഭാഗം മേപ്പാടിയില്‍ നിന്നും നിലമ്പൂരില്‍ നിന്ന് 172 ശരീരഭാഗവും കണ്ടെടുത്തു. ഇതുവരെ ലഭിച്ച എല്ലാ ശരീരഭാഗത്തിന്റേയും മൃതദേഹത്തിന്റേയും പോസ്റ്റു മോര്‍ട്ടം നടത്തി. തിരിച്ചറിഞ്ഞ 178 മൃതദേഹവും 2 ശരീരഭാഗവും ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.