മാനന്തവാടി: മാനന്തവാടി തലപ്പുഴ കണ്ണോത്തുമലയിലുണ്ടായ വാഹനാപകടത്തില്‍ പത്മനാഭന് നഷ്ടപ്പെട്ടത് ഭാര്യയെയും മകളെയും. മക്കിമല ആറാംനമ്പര്‍ കോളനിയില്‍ താമസിക്കുന്ന പത്മനാഭന് ഭാര്യ ശാന്തയെയും, മകള്‍ ചിത്രയെയുമാണ് അപകടത്തില്‍ നഷ്ടപ്പെട്ടത്.
വാഹനാപകടമുണ്ടായെന്ന വിവരം അറിഞ്ഞ് മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ പത്മനാഭന്‍ ഭാര്യയും മകളും മരിച്ചുവെന്നറിഞ്ഞ് വിങ്ങിപ്പൊട്ടി തളര്‍ന്നുപോകുകയായിരുന്നു. കണ്ണോത്തുമലയിലുണ്ടായ അപകടത്തില്‍ സഹോദരന്മാര്‍ക്ക് ഭാര്യമാരെയും നഷ്ടപ്പെട്ടു. ആറാംനമ്പര്‍ കോളനിയിലെ മണി എന്ന വേലായുധന് ഭാര്യ കാര്‍ത്ത്യായനിയെ നഷ്ടമായപ്പോള്‍ സഹോദരന്‍ സത്യന് ഭാര്യ ലീലയെയും അപകടത്തില്‍ നഷ്ടമായി.
ഒരു കോളനിയില്‍ കഴിയുന്ന ഒമ്പത് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് നാടിനെ ഒരുപോലെ കണ്ണീരിലാഴ്ത്തി. വര്‍ഷങ്ങളായി 13 തൊഴിലാളികള്‍ ഒരുമിച്ചാണ് തേയിലത്തോട്ടത്തില്‍ ജോലി ചെയ്യുവാനും മറ്റു തൊഴിലിനുമായി പോകാറുണ്ടായിരുന്നത്. ഈ തൊഴിലാളികള്‍ സഹോദരങ്ങളെ പോലെയാണ് പെരുമാറിയിരുന്നതെന്ന് മാത്രമല്ല, നാട്ടുകാര്‍ക്കെല്ലാം ഏറെ പ്രിയപ്പെട്ടവരുമായിരുന്നു.
വയനാട് മാനന്തവാടിയിലെ ജീപ്പ് അപകടത്തിന്‍റെയും അപകടത്തിൽ മരിച്ചവരുടെയും ചികിത്സയിലുള്ളവരുടെയും കൂടുതൽ വിവരങ്ങൾ പുറത്ത്. നാടിനെയാകെ കണ്ണീരിലാഴ്ത്തിയ അപകടത്തിൽ 9 പേർക്കാണ് ജീവൻ നഷ്ടമായത്. അപകടത്തിൽ മരിച്ചവരെല്ലാം സ്ത്രീകളാണ്. ജീപ്പിലുണ്ടായിരുന്ന മറ്റ് അഞ്ച് പേരും അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. ഇതിൽ ഡ്രൈവർ മണികണ്ഠനുൾപ്പെടെ 3 പേരുടെ നില അതീവഗുരുതരമായി തുടരുകയാണെന്നാണ് വിവരം. വളവ് തിരിയുന്നതിനിടെയാണ് അപകടമുണ്ടായത്. 30 മീറ്റർ താഴ്ചയിലേക്കാണ് ജീപ്പ് പതിച്ചത്. ഇതാണ് അപകടത്തിന്‍റെ തീവ്രത വർധിപ്പിച്ചത്.
ചിത്ര, ശോഭന, കാർത്യായനി, ഷാജ. ചിന്നമ്മ, റാബിയ, ലീല, ശാന്ത, റാണി എന്നിവരാണ് മരിച്ചത്. മണികണ്ഠൻ, ജയന്തി, ഉമാദേവി, ലത, മോഹന സുന്ദരി എന്നിവരാണ് ചികിത്സയിലുള്ളത്. മക്കിമല ആറാം നമ്പർ മേഖലയിൽ നിന്നുള്ളവരാണ് മരിച്ചവരെല്ലാം. അപകടത്തിൽ പെട്ടത് ഡി ടി ടി സി കമ്പനിയിലെ തോട്ടം തൊഴിലാളികളാണ്. വൈകുന്നേരം മൂന്നരയോടെ തേയിലത്തോട്ടത്തിലെ പണി കഴിഞ്ഞു വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. മരണപ്പെട്ടവരുടെ പൊതുദർശനം നാളെ നടത്താനാണ് തീരുമാനം. മക്കിമല എൽ പി സ്കൂളിൽ നാളെ ഉച്ചക്ക് 12 മണിക്കാണ് പൊതുദർശനം നടത്തുക.
വയനാട് മാനന്തവാടിയില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. എല്ലാ ആരോഗ്യ പ്രവര്‍ത്തകരുടേയും സേവനവും ചികിത്സയും ആവശ്യാനുസരണം ലഭ്യമാക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരണമടഞ്ഞവരുടെ ബന്ധുക്കളുടെ ദു:ഖത്തില്‍ പങ്കുചേരുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യുന്നതായും മന്ത്രി പറഞ്ഞു. പോസ്റ്റുപോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കാന്‍ ആവശ്യമെങ്കില്‍ കൂടുതല്‍ ഫോറന്‍സിക് സര്‍ജന്‍മാരുടെ സേവനം ഉറപ്പാക്കാനും മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.