കൽപ്പറ്റ: വയനാട്ടില്‍ ആത്മഹത്യ ചെയ്ത ഡി.സി.സി ട്രഷറര്‍ എന്‍.എം. വിജയന്റെ ആത്മഹത്യാ കുറിപ്പും കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എഴുതിയ കത്തും പുറത്ത്. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ നിയമനത്തിന് കോഴവാങ്ങിയെന്ന് വ്യക്തമാക്കുന്ന കുറിപ്പുകളാണ് പുറത്തുവന്നിരിക്കുന്നത്. ആത്മഹത്യയ്ക്ക് പിന്നാലെ സുല്‍ത്താന്‍ ബത്തേരി ബാങ്കിലെ നിയമന ക്രമക്കേട് ചര്‍ച്ചയായിരുന്നു. ഇതിനുപിന്നാലെയാണ് ആത്മഹത്യാ കുറിപ്പും കത്തും പുറത്തുവന്നിരിക്കുന്നത്.
നാല് പേജുള്ള ആത്മഹത്യാക്കുറിപ്പില്‍ അദ്ദേഹത്തിന് എത്ര സാമ്പത്തിക ബാധ്യത ഉണ്ടെന്നും അത് എങ്ങനെ സംഭവിച്ചു എന്നും വ്യക്തമാക്കുന്നുണ്ട്. അര്‍ബന്‍ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് തനിക്ക് കോടിക്കണക്കിന് രൂപയുടെ ബാധ്യത ഉണ്ടായെന്നും നിയമനവുമായി ബന്ധപ്പെട്ട് പല കോണ്‍ഗ്രസ് നേതാക്കളും പണം വാങ്ങിയെന്നും കെ. സുധാകരന് അയച്ച കത്തിലും പറയുന്നു. ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍റേയും ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്റേയും പേരുകളും എന്‍.എം. വിജയന്‍ എഴുതിയ കത്തിലുണ്ട്.
നിയമനത്തിന്റെ പേരില്‍ പലരില്‍നിന്നും പണം വാങ്ങിയെന്നും ഇത് ഐ.സി ബാലകൃഷ്ണന് വേണ്ടിയാണെന്നും സൂചനകളുണ്ട്. അവസാനം, തന്നെ ആരും തിരിഞ്ഞ് നോക്കാത്ത അവസ്ഥ ഉണ്ടായെന്നും എല്ലാ ബാധ്യതകളും തനിക്ക് നേരെ മാത്രം വന്നെന്നും കെ.പി.സി.സി. പ്രസിഡന്റിന് അയച്ച കത്തിലുണ്ട്. ബത്തേരി കാര്‍ഷിക ബാങ്കിലും ബത്തേരി അര്‍ബന്‍ സഹകരണ ബാങ്കിലും നിയമനക്രമക്കേട് ഉണ്ടായെന്നും കത്തിൽ പറയുന്നു.
ബാങ്കില്‍ നിയമനം നല്‍കാമെന്നുപറഞ്ഞ് പലരില്‍നിന്നും പണം വാങ്ങിയെന്നും തൊഴില്‍ നല്‍കാനായില്ലെന്നും ഇത് തനിക്ക് ബാധ്യത ഉണ്ടാക്കിയെന്നും കത്തില്‍ പരാമര്‍ശമുണ്ട്. ഈ പണം തിരിച്ച് കൊടുക്കേണ്ടിവന്നത് ബാധ്യതയുണ്ടാക്കി. തന്റെ മക്കളെയെങ്കിലും രക്ഷിക്കാന്‍ കെപിസിസി നേതൃത്വം സഹായിക്കണം എന്നുപറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.
പിതാവ് ആവശ്യപ്പെട്ട പ്രകാരം കത്ത് ബന്ധപ്പെട്ടവര്‍ക്ക് അയച്ചുകൊടുത്തെന്നും പാര്‍ട്ടി നേതൃത്വത്തില്‍നിന്നും ഇടപെടല്‍ ഉണ്ടാവുമോ എന്നറിയാനാണ് പത്ത് ദിവസം കാത്തിരുന്നതെന്നും നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് കത്ത് പുറത്തുവിടുന്നതെന്നും കുടുംബം അറിയിച്ചു.
എന്നാല്‍, കത്തിലും കുറിപ്പിലും പറയുന്ന കാര്യങ്ങള്‍ സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ.സി ബാലകൃഷ്ണന്‍ നിഷേധിച്ചു. താന്‍ പണം വാങ്ങിയിട്ടില്ലെന്നും അന്വേഷണം നേരിടാന്‍ തയ്യാറാണെന്നും ഐ.സി ബാലകൃഷ്ണന്‍ പറഞ്ഞു. ഇ.ഡി, വിജിലന്‍സ് ഉള്‍പ്പടെയുള്ള ഏജൻസികളുടെ അന്വേഷണം നടത്തട്ടേയെന്നും ഐ.സി ബാലകൃഷ്ണന്‍ പറഞ്ഞു.