പശ്ചിമേഷ്യയില്‍ യുദ്ധം വ്യാപിച്ചേക്കും,സൗദി അറേബ്യയുടെ മുന്നറിയിപ്പ്; തൊട്ടുപിന്നാലെ യുഎസ് താവളങ്ങള്‍ ആക്രമിച്ചു
ബെയ്‌റൂത്ത്: പശ്ചിമേഷ്യയില്‍ യുദ്ധം വ്യാപിച്ചേക്കുമെന്ന് സൂചന. ലബ്‌നാനിലെ പൗരന്മാര്ക്ക് സൗദി അറേബ്യ മുന്നറിയിപ്പ് നല്‍കി. മണിക്കൂറുകള്‍ പിന്നിടവെ സിറിയയില്‍ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ബോംബാക്രമണമുണ്ടായി. ലബ്‌നാന്‍-ഇസ്രായേല്‍ അതിര്‍ത്തിയിലും സംഘര്‍ഷം നിലനില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേല്‍ സന്ദര്‍ശിച്ച് മടങ്ങിയ പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്ന് ടെല്‍ അവീവിലെത്തി. ഇസ്രായേല്‍ ഭരണകൂടത്തിന് എല്ലാ പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു. ഇതിനിടെയാണ് ഹമാസിന് പുറമെ ലബ്‌നാനിലെ ഹിസ്ബുല്ലയും ഇസ്രായേലിനെതിരെ ആക്രമണം തുടങ്ങിയേക്കുമെന്ന വാര്‍ത്ത. സിറിയിയലുണ്ടായ ആക്രമണത്തിന് പിന്നിലും ഹിസ്ബുല്ലയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹിസ്ബുല്ല യുദ്ധത്തിന് ഒരുങ്ങുന്നു എന്ന വിവരം വന്ന പിന്നാലെയാണ് ലബ്‌നാനിലെ പൗരന്മാര്ക്ക് സൗദി അറേബ്യ മുന്നറിയിപ്പ് നല്‍കിയത്. എല്ലാ പൗരന്മാരും വളരെ പെട്ടെന്ന് ലബ്‌നാനില്‍ നിന്നു തിരിച്ചുവരണം എന്നായിരുന്നു സൗദിയുടെ നിര്‍ദേശം. ഇസ്രായേലിനോട് ചേര്‍ന്ന തെക്കന്‍ അതിര്‍ത്തിയില്‍ യുദ്ധം ഉടലെടുത്തേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് ബെയ്‌റൂത്തിലെ സൗദി എംബസിയുടെ നിര്‍ദേശം.
ഹിസ്ബുല്ലയും ഇസ്രായേലും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 18 പേരാണ് കൊല്ലപ്പെട്ടത്. റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകനും രണ്ട് സിവിലിയന്മാരും ഉള്‍പ്പെടെയാണിത്. 18ല്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടത് ഇസ്രായേലിലാണ്. ഗാസയില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയതോടെ ഹിസ്ബുല്ലയും ഇസ്രായേലിനെതിരെ ആക്രമണം തുടങ്ങുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
ഗാസയിലെ ആശുപത്രി ആക്രമിച്ച് 500ലധികം രോഗികളെ കൊലപ്പെടുത്തിയ ഇസ്രായേല്‍ നടപടി ലോകവ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ലബ്‌നാന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ വലിയ പ്രതിഷേധ പ്രകടനം നടന്നു. ലബ്‌നാനിലേക്ക് യാത്ര ചെയ്യരുതെന്ന് കുവൈത്ത് തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടിയന്തരമായ ആവശ്യമില്ലാത്തവര്‍ ലബ്‌നാനിലേക്ക് പോകരുത് എന്നായിരുന്നു കുവൈത്തിന്റെ നിര്‍ദേശം.
അതിനിടെയാണ് സിറിയയില്‍ രണ്ട് അമേരിക്കന്‍ സൈനിക താവളങ്ങള്‍ ആക്രമിക്കപ്പെട്ടു എന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഷിയാ ബന്ധമുള്ള അല്‍ മയദീന്‍ ടിവിയാണ് വിവരം പുറത്തുവിട്ടതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ആക്രമണത്തെ കുറിച്ച് അല്‍ മയദീന്‍ ടിവി വിശദമായി വാര്‍ത്ത നല്‍കിയിട്ടുണ്ട്.
ഇറാഖ്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സിറിയന്‍ പ്രദേശമായ അല്‍ തന്‍ഫില്‍ അമേരിക്കന്‍ സൈനിക താവളമുണ്ട്. ഈ താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണമാണ് നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വടക്കന്‍ സിറിയയിലെ ദെയ്‌റുസ്സൗറിലുള്ള അമേരിക്കന്‍ സൈനിക താവളവും ആക്രമിക്കപ്പെട്ടുവെന്നാണ് വാര്‍ത്ത. ഇക്കാര്യം ശരിയാണെങ്കില്‍ പലസ്തീന്‍ ഇസ്രായേല്‍ യുദ്ധം ലബ്‌നാനിലേക്കും സിറിയയിലേക്കും വ്യാപിക്കുന്നു എന്ന് മനസിലാക്കാം.