InternationalNews

ഹമാസ് ധാരണ തെറ്റിച്ചു, എല്ലാവരെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ്; ഇസ്രയേലും കളത്തില്‍; വെടി നിര്‍ത്തല്‍ പൊളിഞ്ഞു

ജെറുസലേം: പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷത്തിലേക്ക്. ശനിയാഴ്ച ഉച്ചയ്ക്ക് മുന്‍പ് ബന്ദികളെ കൈമാറിയില്ലെങ്കില്‍ വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്ത്. ബന്ദികൈമാറ്റം നീട്ടിവച്ചാല്‍ ആക്രമണം ആരംഭിക്കുമെന്നും ഹമാസിനെ ഇല്ലാതാക്കുംവരെ അത് തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി.

എക്‌സിലൂടെയാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ഒമ്പത് പേരെ വിട്ടയ്ക്കണമെന്നാണ് ഇസ്രായേലിന്റെ ആവശ്യം. എല്ലാ ബന്ദികളെയും ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് മുമ്പ് വിട്ടയച്ചില്ലെങ്കില്‍ ഹമാസിനെ വെറുതേ വിടില്ലെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ഹമാസ് മോചിപ്പിച്ച ഇസ്രയേല്‍ ബന്ദികളുടെ ദൃശ്യം ഞെട്ടിപ്പിക്കുന്നതാണെന്ന് അദ്ദേഹം നേരത്ത വ്യക്തമാക്കിയിരുന്നു.

അടുത്ത ശനിയാഴ്ച മൂന്ന് പേരെയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ 9 പേരെയും വിട്ടയക്കണമെന്നാണ് ആദ്യം നെതന്യാഹു ആവശ്യപ്പെട്ടിരുന്നത്. പിന്നീട് എല്ലാ ബന്ദികളേയും വിട്ടയക്കണമെന്ന് ഇസ്രയേല്‍ ആവശ്യപ്പെടുകയായിരുന്നു. ഇസ്രയേലുകാരായ ബന്ദികളെ മോചിപ്പിക്കുന്നത് ഹമാസ് നിര്‍ത്തിവെച്ചിരുന്നു. ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു ഹമാസിന്റെ നടപടി. നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ബന്ദി കൈമാറ്റത്തിനില്ലെന്നാണ് ഹമാസിന്റെ നിലപാട്. ഗാസയിലേക്കുള്ള മാനുഷിക സഹായം ഇസ്രയേല്‍ തടസ്സപ്പെടുത്തുന്നു എന്നാണ് ഹമാസിന്റെ പ്രധാന ആരോപണം. മൂന്നാഴ്ചയായി ഇസ്രയേല്‍ നിരന്തരം കരാര്‍ ലംഘനം നടത്തുന്നുവെന്നും ഹമാസ് പറയുന്നു. എന്തിനും സജ്ജമായിരിക്കാന്‍ സൈന്യത്തിന് ഇസ്രയേല്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഹമാസിന്റെ പ്രഖ്യാപനം വെടിനിര്‍ത്തല്‍ കരാറിന്റെ സമ്പൂര്‍ണ്ണ ലംഘനമാണെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രിയും പറഞ്ഞു. എന്നാല്‍ ശനിയാഴ്ച ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിപ്പിച്ച് ഹമാസുമായി യുദ്ധം പുനരാരംഭിക്കുമെന്ന് മന്ത്രിസഭായോഗത്തിന് ശേഷം നെതന്യാഹു അറിയിച്ചു. അതേസമയം ബന്ദികളെ കൈമാറാന്‍ ഹമാസ് തയ്യാറായില്ലെങ്കില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് യുദ്ധത്തിലേക്ക് നീങ്ങണെന്ന് യു.എസ് പ്രസിഡന്റ് ട്രംപ് ആഹ്വാനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. ബന്ദികളെ ശനിയാഴ്ച വിട്ടയച്ചില്ലെങ്കില്‍ ഹമാസിനെ നരകം കാണിക്കുമെന്ന് ട്രംപ് ഒരിക്കല്‍ കൂടി പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ ട്രംപിന്റെ ഭീഷണികള്‍ക്ക് ഒരു വിലയും കല്‍പ്പിക്കുന്നില്ലെന്നാണ് ഹമാസ് വക്താവായ സമി അബു സുഹ്രി വ്യക്തമാക്കിയത്.

ഒരു ധാരണ ഉണ്ടാക്കിയാല്‍ അത് പാലിക്കാന്‍ ഇരു കൂട്ടരും ബാധ്യസ്ഥരാണെന്ന കാര്യം എല്ലാവരും ഓര്‍ക്കണമെന്നും ഹമാസ് ചൂണ്ടിക്കാട്ടി. ഇസ്രയേലുമായി ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഹമാസ് മോചിപ്പിക്കേണ്ട 33 ബന്ദികളുടെ പട്ടികയാണ് നല്‍കിയത്. അതേ സമയം ഗാസ അമേരിക്ക ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ട്രംപ് കൂടുതല്‍ വിശദീകരണവുമായും രംഗത്തെത്തിയിട്ടുണ്ട്. ഗാസ അമേരിക്ക ഏറ്റെടുത്ത് കഴിഞ്ഞാല്‍ പലസ്തീന്‍ ജനതയ്ക്ക് അവിടേക്ക് മടങ്ങാന്‍ അവകാശമുണ്ടാകില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയത്. അറബ് രാജ്യങ്ങളില്‍ മികച്ച താമസ സൗകര്യമൊരുക്കിയാല്‍ പിന്നെ ഗാസയിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരില്ലെന്ന് ട്രംപ് പറഞ്ഞു.

എന്നാല്‍ ഗാസയിലെ ജനങ്ങളെ മാററിപ്പാര്‍പ്പിക്കരുതെന്ന നിലപാട് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയതായി ജോര്‍ദ്ദാനിലെ അബ്ദുള്ള രണ്ടാമന്‍ രാജാവ് വെളിപ്പെടുത്തി. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുകയാണ് ഇ്പ്പോള്‍ ചെയ്യേണ്ടതെന്നാണ് ജോര്‍ദ്ദാന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker