KeralaNews

വ്‌ളോഗര്‍ നേഹയുടെ മരണം: മയക്കുമരുന്ന് എത്തിച്ചത് അബ്ദുള്‍ സലാം

കൊച്ചി: മരിച്ച നിലയില്‍ കണ്ടെത്തിയ യു ട്യൂബ് വ്‌ളോഗറും മോഡലുമായ കണ്ണൂര്‍ സ്വദേശിനി നേഹയുടെ മുറിയില്‍നിന്നു ലഭിച്ച മയക്കുമരുന്ന് എത്തിച്ചതു കഴിഞ്ഞ ദിവസം അറസ്റ്റിലായ അബ്ദുള്‍ സലാം. നേഹയ്ക്കൊപ്പം താമസിച്ചിരുന്ന കാസര്‍ഗോഡ് സ്വദേശി സിദ്ധാര്‍ഥ് നായരുടെ അടുത്ത സുഹൃത്താണ് ഇയാളെന്നാണ് സൂചന. സിദ്ധാര്‍ഥ് നായരെ എളമക്കര പോലീസ് ഇന്നു രാവിലെ ചോദ്യം ചെയ്തു വിട്ടയച്ചു. ഇയാളില്‍നിന്നു നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചതായാണ് സൂചന.

ഇന്നും വരും ദിവസങ്ങളിലുമായി നേഹയുടെ അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും പോലീസ് ചോദ്യംചെയ്യും. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും മരിച്ച നേഹ ഉള്‍പ്പെടെയുള്ളവര്‍ക്കു ലഹരി ഇടപാടുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. നേഹയുടെ പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ സംഭവത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കൂ. മരണത്തിനു മുമ്പ് ആത്മഹത്യ സൂചന നല്‍കി ഇവര്‍ സുഹൃത്തുക്കള്‍ക്ക് അയച്ചതായി പറയുന്ന സന്ദേശവും പോലീസ് പരിശോധിക്കുന്നുണ്ട്.

ഫെബ്രവരി 28ന് ഉച്ചയ്ക്കാണ് പോണേക്കരയിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നേഹയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ഒരു വര്‍ഷമായി ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു. ആറു മാസം മുമ്പാണ് സിദ്ധാര്‍ഥുമൊത്തു കൊച്ചിയില്‍ താമസം തുടങ്ങിയത്. ദമ്പതികളെന്നു പറഞ്ഞാണ് അപ്പാര്‍ട്ട്‌മെന്റ് വാടകയ്‌ക്കെടുത്തത്. താഴത്തെ നിലയില്‍ താമസിച്ചിരുന്ന ഇവര്‍ക്കു മറ്റുള്ളവരുമായി ബന്ധമൊന്നും ഇല്ലായിരുന്നു. ഐടി ഉദ്യോഗസ്ഥര്‍ എന്നാണ് ഇവര്‍ അയല്‍ക്കാരോടു പറഞ്ഞിരുന്നത്.

അസമയത്ത് ഇവരുടെ മുറിയില്‍ പലരും വന്നു പോകുന്നത് അയല്‍വാസികള്‍ ചോദ്യം ചെയ്തപ്പോള്‍ രാത്രിയില്‍ വിദേശ കമ്പനികള്‍ക്കു വേണ്ടി ജോലി ചെയ്യുന്നവരാണ് ഇവിടെ എത്തുന്നതെന്നാണ് മറുപടി നല്‍കിയത്. കഴിഞ്ഞ 25ന് സിദ്ധാര്‍ഥ് നേഹയുമായി പിണങ്ങി കാസര്‍ഗോഡേക്കു പോയതായാണ് വിവരം. അതേസമയം, മരിച്ച ദിവസം നേഹയ്ക്കൊപ്പം സിദ്ധാര്‍ഥിന്റെ സുഹൃത്തായ നെട്ടൂര്‍ സ്വദേശി ഉണ്ടായിരുന്നു. ഇയാള്‍ ഭക്ഷണം വാങ്ങാന്‍ പുറത്തുപോയി വന്ന സമയത്താണ് നേഹ മരിച്ചതെന്നാണ് പറയുന്നത്.

മരണവിവരം ഇയാളാണ് അയല്‍ക്കാരെ അറിയിച്ചത്. ഇയാളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. സിദ്ധാര്‍ഥിനെ പോലീസ് ഫോണില്‍ ബന്ധപ്പെട്ടു ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് അറിയിച്ചിരുന്നു. അപ്രകാരമാണ് അയാള്‍ ചോദ്യം ചെയ്യലിനു ഹാജരായത്. അതേസമയം, നേഹയുടെ മരണം അറിഞ്ഞെത്തിയ പോലീസ് സമീപത്തുനിന്ന് 8.120 ഗ്രാം എംഡിഎംഎ ഗുളികകളും 380 മില്ലിഗ്രാം വെള്ള രൂപത്തിലുള്ള എംഡിഎംഎയുമാണ് അബ്ദുള്‍ സലാമിനെ അറസ്റ്റ് ചെയ്തത്.

പോലീസിനെ കണ്ട് അബ്ദുള്‍ സലാം പരിഭ്രാന്തനായതിനെത്തുടര്‍ന്നായിരുന്നു പോലീസ് കാര്‍പരിശോധിച്ചു ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. ഇയാള്‍ക്കൊപ്പം മറ്റു രണ്ടു പേരും കാറില്‍ ഉണ്ടായെങ്കിലും ഇവരെ വിട്ടയയ്ക്കുകയായിരുന്നു. വിട്ടയച്ചവരെയും ഇന്നു ചോദ്യംചെയ്യും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button