NationalNews

അഡ്ജസ്റ്റ്മെന്റ് ചോദിക്കുന്നവരെ ചെരിപ്പൂരി അടിക്കണം, തമിഴ്നാട്ടിലും കമ്മിറ്റി വരും: വിശാൽ

ചെന്നൈ:തമിഴ് സിനിമാ രം​ഗത്തും അന്വേഷണ കമ്മിറ്റി വേണമെന്ന് നടൻ വിശാൽ. നടികൾക്ക് ബൗൺസർമാരെ നിയമിക്കേണ്ട അവസ്ഥയാണ്. അഡ്ജസ്റ്റ്മെന്റ് ചോദിക്കുന്നവരെ ചെരിപ്പൂരി അടിക്കണമെന്നും വിശാൽ പറ‍ഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ മലയാള സിനിമയിൽ ഉടലെടുത്ത വിവാദങ്ങളുമായി ബന്ധപ്പെട്ട് വിവിധ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മലയാളത്തിലെ അമ്മയ്ക്ക് തുല്യമായ തമിഴ്നാട്ടിലെ താരസംഘടനയാണ് നടികർ സംഘം. തമിഴ് സിനിമയിലെ ലൈം​ഗികാതിക്രമം ഉൾപ്പെടെയുള്ള മനുഷ്യാവകാശ ധ്വംസനങ്ങൾ പരിശോധിക്കാൻ തമിഴ് താരസംഘടന അടുത്ത പത്തു ദിവസത്തിനുള്ളിൽ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് സംഘടന ജനറൽ സെക്രട്ടറി കൂടിയായ വിശാൽ അറിയിച്ചു. പിറന്നാളിനോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ ഹേമ കമ്മിറ്റി പോലെ ഒരു പാനൽ രൂപീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അദ്ദേഹം. അത് നടികർ സംഘത്തിന്റെ ഉത്തരവാദിത്തമാണെന്ന് വിശാൽ പറഞ്ഞു.

“പത്ത് ദിവസത്തിനുള്ളിൽ നടികർ സംഘം ഒരു കമ്മിറ്റി രൂപീകരിക്കും. ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിവരികയാണ്. ഔദ്യോ​ഗിക പ്രഖ്യാപനം ഉടനുണ്ടാവും. ഇത് ഞങ്ങളുടെ കടമയാണ്. സംഘടന എന്നത് സിനിമാ മേഖലയിലെ പുരുഷന്മാർക്കുവേണ്ടി മാത്രമുള്ളതല്ല. അത് സ്ത്രീകൾക്കും വേണ്ടിയുള്ളതാണ്, ഒരാൾ അവർക്കു വേണ്ടിയുണ്ടെന്ന് അവർ അറിയണം. സ്ത്രീകളോട് യാതൊരു ബഹുമാനവുമില്ലാതെ മോശം ആവശ്യങ്ങളുമായി അവരെ സമീപിക്കുന്ന പുരുഷന്മാർ തമിഴ് സിനിമയിലുമുണ്ട്. സ്ത്രീകൾ കരുതലോടെയിരിക്കണം.

പ്രൊഡക്ഷൻ കമ്പനി നിയമാനുസൃതമാണോ എന്നും അവർ അവകാശപ്പെടുന്നത് പോലെ ശരിക്കും ഒരു സിനിമ ചെയ്യുന്നുണ്ടോ എന്നും സ്ത്രീകൾ പരിശോധിക്കേണ്ടതുണ്ട്. അഭിനയിക്കാൻ കരാറൊപ്പിടുന്നതിനു മുൻപ് അവർ ഇതെല്ലാം പരിശോധിക്കണം. അവർ നിർഭയരും മോശം ഉദ്ദേശത്തോടെ സമീപിക്കുന്നവരെ ചെരിപ്പൂരി അടിക്കാൻ പ്രാപ്തരായിരിക്കുകയുംവേണം.” വിശാൽ പറഞ്ഞു.

ജയസൂര്യ, സിദ്ദിഖ്, മുകേഷ് പോലുള്ള പ്രമുഖ താരങ്ങൾക്കെതിരെയുള്ള ലൈം​ഗികാതിക്രമ കേസുകളെക്കുറിച്ചുള്ള ചോദ്യങ്ങളോടും വിശാൽ പ്രതികരിച്ചു. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഉറപ്പായും ജയിലിലിടണം. ഒരു സ്ത്രീയുടെ ജീവിതം നശിപ്പിച്ചശേഷം എങ്ങനെയാണ് അവർ സന്തോഷത്തോടെ ജീവിക്കുക? ചെയ്ത പാപങ്ങൾക്കുള്ള ശിക്ഷ അവർ അഭിമുഖീകരിച്ചേ മതിയാവൂ എന്നും വിശാൽ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker