ചേട്ടന്റേം അനിയന്റേം സിനിമയെടുത്ത് നാല് കൊല്ലം പോയി; കല്യാണം കഴിക്കാന്‍ പോലും പറ്റിയില്ല: വിശാഖ്
വിനീത് ശ്രീനിവാസനേയും ധ്യാനിനേയും കളിയാക്കി വിശാഖ് സുബ്രഹ്‌മണ്യം. ചേട്ടന്റേം അനിയന്റേം സിനിമയെടുത്ത് തനിക്ക് കല്യാണം കഴിക്കാന്‍ പോലും പറ്റിയില്ലെന്നാണ് വിശാഖ് പറഞ്ഞത്. ജനുവരി 21 ന് പുറത്തിറങ്ങുന്ന ഹൃദയത്തിന്റെ നിര്‍മാതാവാണ് വിശാഖ്. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് വിശാഖിന്റെ പ്രതികരണം. വിനീതും വിശാഖിനൊപ്പം അഭിമുഖത്തിലുണ്ടായിരുന്നു.
34 വയസായിട്ടും കല്യാണം കഴിക്കാത്തതെന്താണെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു വിശാഖ്. ‘ചേട്ടന്റേം അനിയന്റേം പടമെടുത്ത് എന്റെ നാല് കൊല്ലമാണ് പോയത്. രണ്ട് കൊല്ലം ഒരു പടം, രണ്ട് കൊല്ലം അടുത്ത പടം,’ വിശാഖ് പറഞ്ഞു. 2019 സെപ്റ്റംബറില്‍ ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ലവ് ആക്ഷന്‍ ഡ്രാമയുടെ നിര്‍മാതാവും വിശാഖ് ആയിരുന്നു.
‘2019 സെപ്റ്റംബറില്‍ ലവ് ആക്ഷന്‍ ഡ്രാമ ഇറങ്ങി. അടുത്ത ഡിസ്ട്രിബൂഷന്‍ പടം ഹെലന്‍ ഒക്ടോബര്‍ വന്നു. ഡിസംബറില്‍ ഹൃദയത്തിന്റെ പ്രീപ്രൊഡക്ഷന്‍ ഷൂട്ട് കഴിഞ്ഞ് ലോക്ക്ഡൗണ്‍, കൊവിഡ് അങ്ങനെ പോയി,’ വിശാഖ് ചിരിച്ചുകൊണ്ട് പറഞ്ഞു. വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. അജു വര്‍ഗ്ഗീസ്,അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
മെറിലാന്‍ഡ് സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെറിലാന്റ് സിനിമാസിന്റെ 70ാം വര്‍ഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഹൃദയം. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍.’
ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.