27.9 C
Kottayam
Thursday, May 2, 2024

ഇന്ത്യയെ വിറപ്പിച്ച് മെഹിദി ഹസന് ജഴ്‌സി സമ്മാനിച്ച് വിരാട് കോലി; സവിശേഷ സമ്മാനമെന്ന് ബംഗ്ലാ താരം

Must read

ധാക്ക: ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റില്‍ വിറച്ച് വിറച്ചാണ് ഇന്ത്യ ജയിച്ചത്. ധാക്കയില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. മുന്‍നിര തകര്‍ന്നെങ്കിലും ആര്‍ അശ്വിന്റെ (62 പന്തില്‍ 42) സമയോചിത ഇന്നിംഗ്‌സ് ഇന്ത്യക്ക് വിജയം കൊണ്ടുവന്നു. ശ്രേയസ് അയ്യര്‍ (29) അശ്വിനൊപ്പം പുറത്താവാതെ നിന്നു. അക്‌സര്‍ പട്ടേല്‍ (34) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അഞ്ച് വിക്കറ്റ് നേടിയ മെഹിദി ഹസന്‍ മിറാസാണ് ഇന്ത്യയെ തകര്‍ത്തത്. ശുഭ്മാന്‍ ഗില്‍ (7), ചേതേശ്വര്‍ പൂജാര (6), വിരാട് കോലി (1) എന്നീ വമ്പന്മാരെ പുറത്താക്കാന്‍ മെഹിദിക്കായിരുന്നു.

മെഹിദിയുടെ പന്തില്‍ ഷോര്‍ട്ട് ലെഗ്ഗില്‍ മൊമിനുള്‍ ഹഖിന് ക്യാച്ച് നല്‍കിയാണ് കോലി മടങ്ങുന്നത്. ടെസ്റ്റില്‍ പലപ്പോഴായി കോലി ചൂടന്‍ സ്വഭാവം പുറത്തെടുത്തിരുന്നെങ്കിലും മെഹിദിയെ അഭിനന്ദിക്കാന്‍ കോലി മറന്നില്ല. മെഹിദിക്ക് കോലി ഒപ്പിട്ട ഏകദിന ജഴ്‌സി കൈമാറുകയായിരുന്നു. ഈ ചിത്രം മെഹിദി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു. ചിത്രത്തിന് ബംഗ്ലാദേശ് സ്പിന്നറിട്ട കുറിപ്പ് ഇങ്ങനെയായിരുന്നു. ”മഹാനായ ക്രിക്കറ്റ് താരത്തില്‍ നിന്ന് സ്പെഷ്യല്‍ സുവനീര്‍.” എന്നാണ് മെഹിദി കുറിച്ചിട്ടത്. അദ്ദേഹത്തിന്റെ പോസ്റ്റ് കാണാം…

ബംഗ്ലാദേശിനെതിരായ പരമ്പര തൂത്തുവാരിയതോടെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനം നിലനിര്‍ത്തി ടീം ഇന്ത്യ. ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ പരമ്പര ജയം ഇന്ത്യക്ക് അനിവാര്യമായിരുന്നു. ബംഗ്ലാദേശ്-ഇന്ത്യ രണ്ടാം ടെസ്റ്റിന് ശേഷമുള്ള പുതുക്കിയ പട്ടിക പ്രകാരം ഓസ്ട്രേലിയ തന്നെയാണ് തലപ്പത്ത്. 13 മത്സരങ്ങളില്‍ 120 പോയിന്റും 76.92 പോയിന്റ് ശരാശരിയുമാണ്  ഓസീസിന്റെ സമ്പാദ്യം. രണ്ടാമതുള്ള ഇന്ത്യക്കുള്ളത് 14 കളിയില്‍ 87 പോയിന്റും 58.93 പോയിന്റ് ശരാശരിയും. ദക്ഷിണാഫ്രിക്കയാണ് മൂന്നാമത്. 

ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ഓസ്‌ട്രേലിയക്കെതിരെ നാട്ടില്‍ കളിക്കുന്ന നാല് ടെസ്റ്റുകളുടെ പരമ്പരയാണ് ഇനി ലോക ചാമ്പ്യന്‍ഷിപ്പില്‍ ടീം ഇന്ത്യക്ക് മുന്നിലുള്ളത്. ഫെബ്രുവരി 9-ാം തിയതി നാഗ്പൂരില്‍ ആദ്യ ടെസ്റ്റ് ആരംഭിക്കും. ഫെബ്രുവരി 17-21 തിയതികളില്‍ ദില്ലിയില്‍ രണ്ടാം ടെസ്റ്റും മാര്‍ച്ച് 1-5 തിയതികളില്‍ ധരംശാലയില്‍ മൂന്നാം ടെസ്റ്റും മാര്‍ച്ച് 9 മുതല്‍ 13 വരെ അഹമ്മദാബാദില്‍ നാലാം ടെസ്റ്റും നടക്കും. ഓസ്‌ട്രേലിയക്കെതിരായ പരമ്പര 3-1ന് സ്വന്തമാക്കിയാല്‍ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന് യോഗ്യത നേടാനാവും. ബംഗ്ലാദേശിനെതിരായ പരമ്പര 2-0ന് തൂത്തുവാരിയില്ലായിരുന്നു എങ്കില്‍ ഇന്ത്യക്ക് കരുത്തരായ ഓസ്‌ട്രേലിയക്കെതിരെ 4-0ന്റെ വിജയം അനിവാര്യമായി വരുമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week