ദുബായ്∙ ഏഷ്യാ കപ്പ് ക്രിക്കറ്റിനായുള്ള പരിശീലനത്തിനിടെ പാക്കിസ്ഥാനിൽനിന്നുള്ള ഭിന്നശേഷിക്കാരിയായ ആരാധികയോടൊപ്പം സെൽഫിയെടുത്ത് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി. ഇന്ത്യൻ താരങ്ങളെ കാണാനായി ഭിന്നശേഷിക്കാരിയായ ആരാധിക പരിശീലന സ്ഥലത്തെത്തുകയായിരുന്നു. മണിക്കൂറുകള്‍ കാത്തിരുന്നാണു കോലിയെ കണ്ടതെങ്കിലും തന്റെ ആരോഗ്യ വിവരം താരം തിരക്കിയതായി പെൺകുട്ടി പറയുന്നു.
നേരത്തേ ഇന്ത്യൻ താരങ്ങളുടെ പരിശീലന മൈതാനത്തേക്കു സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് പാക്കിസ്ഥാൻ കാരനായ ഒരു ക്രിക്കറ്റ് ആരാധകനെത്തിയിരുന്നു. ഇയാളുടെ ആവശ്യവും വിരാട് കോലിയെ കാണണമെന്നായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞെങ്കിലും കോലി ഇടപെട്ട് ആരാധകനെ വിളിച്ചുവരുത്തി. കോലിയോടൊപ്പമുള്ള ഒരു ചിത്രം പകർത്താനാകുമെന്ന പ്രതീക്ഷയിലാണ് എത്തിയതെന്ന് ഇയാൾ ഒരു പാക്കിസ്ഥാൻ മാധ്യമത്തോടു പറഞ്ഞു.
‘‘ വിരാട് കോലിയെയല്ലാതെ മറ്റാരെയും ആരാധിക്കുന്നില്ല. കോലിയോടൊപ്പം ഒരു ചിത്രമെടുക്കുന്നതിനാണ് ഞാന്‍ പാക്കിസ്ഥാനിൽനിന്നു വന്നത്. ഈ നിമിഷത്തിനായി ഞാൻ ഒരു മാസം കാത്തിരുന്നു. കോലി പരിശീലനം കഴിഞ്ഞ് ഹോട്ടലിലേക്കു പോകുമ്പോഴാണു കാണാന്‍ ശ്രമിച്ചത്. അദ്ദേഹം ഒരു മികച്ച ക്രിക്കറ്ററും നല്ല മനുഷ്യനുമാണ്. ഞാൻ പറയുന്നതു കേൾക്കുകയും എനിക്കൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തു’’– ആരാധകൻ പറഞ്ഞു. 28നാണ് ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം.
ഏഷ്യാ കപ്പില്‍ നാളെ ഞായറാഴ്‌ചയാണ് ഇന്ത്യ-പാകിസ്ഥാന്‍ ആവേശപ്പോരാട്ടം. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍സമയം രാത്രി 7.30ന് മത്സരം ആരംഭിക്കും. ടി20 ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ വിരാട് കോലിക്ക് ടൂര്‍ണമെന്‍റിലെ പ്രകടനം നിര്‍ണായകമാകും. അതിനാല്‍ മത്സരത്തില്‍ ക്രിക്കറ്റ് ലോകത്തിന്‍റെ കണ്ണുകളെല്ലാം കിംഗ് കോലിയിലാണ്. ഇന്ത്യക്ക് ജസ്പ്രീത് ബുമ്രയുടെയും പാക് ടീമിന് ഷഹീന്‍ അഫ്രീദിയുടേയും അഭാവം തിരിച്ചടിയാവും. ശക്തമായ ബാറ്റിംഗ് നിരയുള്ള ഇന്ത്യയാണ് ടൂര്‍ണമെന്‍റിലെ ഫേവറേറ്റുകള്‍ എന്നാണ് വിലയിരുത്തല്‍. സൂപ്പര്‍ ഫോറിലും ഇന്ത്യ-പാക് മത്സരമുണ്ടാകും.