മുംബൈ: രണ്ടാഴ്ചയോളം ചികിത്സയിലായിരുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി ആശുപത്രി വിട്ടു. വൈകീട്ട് നാലുമണിയോടെയാണ് ഇന്ത്യന്‍ ജേഴ്സിയണിഞ്ഞ വിനോദ് കാംബ്ലി ആശുപത്രി വിട്ടത്. പുതുവത്സരാശംസകള്‍ നേര്‍ന്ന കാബ്ലി മദ്യവും മയക്കു മരുന്നും ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്തു.
52 കാരനായ ബാറ്ററെ തുടക്കത്തില്‍ കടുത്ത മൂത്രാശയ അണുബാധയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. ഈ ആഴ്ച ആദ്യം കാംബ്ലിക്ക് പനി ബാധിച്ചിരുന്നു.
തുടര്‍ന്ന് ചൊവ്വാഴ്ച ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. അതിനിടെ, രോഗം ഭേദമായതോടെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ വച്ച് ചക്ക് ദേ ഗാനത്തിന് ആശുപത്രിയില്‍ ചുവടുവയ്ക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു.
മദ്യവും മയക്കുമരുന്നും ഒരാളുടെ ജീവിതം നശിപ്പിക്കുമെന്നും അതിന്റെ ഉപയോഗം ഒഴിവാക്കണമെന്ന് ജനങ്ങളോട് കാംബ്ലി അഭ്യര്‍ത്ഥിച്ചു. ആരോഗ്യനില ഉടന്‍ വീണ്ടെടുക്കുമെന്നും മുന്‍ ബാറ്റ്‌സ്മാന്‍ പറഞ്ഞു. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സാമ്പത്തിക സഹായത്തോടെ 2013ല്‍ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
ഒന്‍പത് വര്‍ഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ് കരിയറില്‍ രാജ്യത്തിനു വേണ്ടി 17 ടെസ്റ്റുകളും 104 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. രണ്ട് ഇരട്ട സെഞ്ചറി ഉള്‍പ്പെടെ 4 സെഞ്ചറി നേടി. ടെസ്റ്റില്‍ തുടര്‍ച്ചയായി രണ്ട് ഇരട്ട സെഞ്ചറി നേടിയ ആദ്യ ഇന്ത്യക്കാരന്‍ എന്ന റെക്കോര്‍ഡിന്റെ ഉടമയാണ്.