NationalNews

ഉത്തേജക മരുന്ന് പരിശോധന നടത്താനായില്ല; വിനേഷ് ഫോഗട്ടിന് നോട്ടീസയച്ച് നാഡ

സോനിപ്പത്ത്: ഗുസ്തി താരവും ഹരിയാണയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ വിനേഷ് ഫോഗട്ടിന് നോട്ടീസയച്ച് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ). ഉത്തേജക മരുന്ന് പരിശോധനയ്ക്കായി ഉണ്ടാകുമെന്നറിയിച്ച സ്ഥലത്ത് ഇല്ലാതിരുന്നതിനാലാണ് വിശദീകരണം ചോദിച്ച് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി നോട്ടീസയച്ചത്. 14 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്.

നാഡയുടെ രജിസ്‌റ്റേഡ് ടെസ്റ്റിങ് പൂളില്‍(ആര്‍.ടി.പി) രജിസ്റ്റര്‍ ചെയ്തിരിക്കുന്ന അത്‌ലറ്റുകള്‍ ഉത്തേജക മരുന്ന് പരിശോധനയ്ക്ക് തയ്യാറാകുന്ന സമയവും സ്ഥലവും അറിയിക്കേണ്ടതുണ്ട്. എന്നാല്‍ വിവരം നല്‍കിയതു പ്രകാരം പരിശോധനയ്ക്ക് ഹാജരായില്ലെങ്കില്‍ വേര്‍എബൗട്ട് ഫെയിലിയറായി കണക്കാക്കും.

സെപ്റ്റംബര്‍ 9 ന് സോനിപ്പത്തിലെ വീട്ടില്‍ ഉത്തേജക മരുന്ന് പരിശോധനയ്ക്ക് തയ്യാറാണെന്ന് വിനേഷ് ഫോഗട്ട് അറിയിച്ചിരുന്നെന്നും എന്നാല്‍ ആ സമയം വീട്ടിലുണ്ടായിരുന്നില്ലെന്നുമാണ് നാഡ പറയുന്നത്. ഒരു ഡോപ് കണ്‍ട്രോള്‍ ഉദ്യോഗസ്ഥനെ ആ സമയം പരിശോധന നടത്താനായി അയച്ചിരുന്നുവെന്നും എന്നാല്‍ ഫോഗട്ടിനെ കണ്ടെത്താനായില്ലെന്നുംനാഡ പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം നല്‍കിയ വിവരപ്രകാരം പറഞ്ഞ സമയത്ത് താന്‍ സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് വിനേഷ് തെളിയിക്കണം. അല്ലാത്തപക്ഷം വേര്‍എബൗട്ട് ഫെയിലിയറായി ഇത് കണക്കാക്കും. 12 മാസത്തിനിടയില്‍ മൂന്ന് തവണ ഇത്തരത്തില്‍ പരിശോധനയ്ക്ക് തയ്യാറാവാതിരുന്നാല്‍ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിക്ക് താരത്തിനെതിരേ നടപടിയെടുക്കാം.

വിനേഷ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുകയാണ്. പാരീസ് ഒളിമ്പിക്‌സില്‍ ഗുസ്തി ഫൈനലിലെത്തിയ ശേഷം 100 ഗ്രാം ഭാരം കൂടിയതിനെ തുടര്‍ന്ന് അയോഗ്യയാക്കപ്പെട്ട താരം പിന്നാലെ ഗുസ്തി ഉപേക്ഷിച്ചിരുന്നു. തുടര്‍ന്നായിരുന്നു കോണ്‍ഗ്രസ് പ്രവേശനം. ജിന്ദ് ജില്ലയിലെ ജുലാന മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് വിനേഷ്. ഹരിയാണയില്‍ 90 നിയമസഭാസീറ്റുകളിലേക്കുള്ള തിരഞ്ഞടുപ്പ് ഒക്ടോബര്‍ അഞ്ചിനാണ്. എട്ടിന് ഫലമറിയാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker