100 ഗ്രാമിൽ പൊലിഞ്ഞു 144 കോടി ജനങ്ങളുടെ സ്വപ്‌നം; പാരീസിലെ വേദനയായി വിനേഷ് ഫോഗട്ട്
ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ വേദനയായി വിനേഷ് ഫോഗട്ട്. 50 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ മെഡലുറപ്പിച്ച വിനേഷ് ഫോഗട്ടിന് ഫൈനലിന് തൊട്ടുമുന്‍പ് നടന്ന ഭാരപരിശോധനയിലാണ് തിരിച്ചടി നേരിട്ടത്. ഭാരപരിശോധനയില്‍ നിശ്ചിതഭാരത്തെക്കാള്‍ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതോടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കുകയായിരുന്നു. ഇതോടെ ഒളിമ്പിക്‌സ് ഗുസ്തിയില്‍ വിനേഷ് ഫോഗട്ടിനെ കാത്തിരുന്ന ചരിത്രനേട്ടവും വഴുതിപ്പോയി.
50 കിലോ ഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗം പ്രീ ക്വാര്‍ട്ടറില്‍ നിലവിലെ ഒളിമ്പിക് ചാമ്പ്യനും നാലുവട്ടം ലോകചാമ്പ്യനുമായ ജപ്പാന്റെ യുയി സുസാകിയെ അട്ടിമറിച്ചാണ് വിനേഷ് ഒളിമ്പിക്‌സിലെ പോരാട്ടത്തിനു തുടക്കമിട്ടത്. ക്വാര്‍ട്ടറില്‍ മുന്‍ യൂറോപ്യന്‍ ചാമ്പ്യനായ ഒക്‌സാന ലിവാച്ചിനെ കീഴടക്കി. സെമി ഫൈനലില്‍ ക്യൂബയുടെ യുസ്നൈലിസ് ഗുസ്മാന്‍ ലോപ്പസിനെ കീഴടക്കിയാണ് ഫൈനല്‍ പോരാട്ടത്തിന് അര്‍ഹത നേടിയത് (5-0). ബുധനാഴ്ച നടക്കാനിരുന്ന ഫൈനലില്‍ അമേരിക്കയുടെ സാറ ഹില്‍ഡ്ബ്രാണ്ടുമായിട്ടായിരുന്നു മത്സരം.
വിനേഷ് ഫോഗട്ട് ഫൈനലില്‍ കടന്നതോടെ വനിതാ ഗുസ്തിയില്‍ സ്വര്‍ണമോ വെള്ളിയോ ഇന്ത്യ ഉറപ്പിച്ചിരുന്നു. മെഡല്‍ നേടിയാല്‍ ഒളിമ്പിക്‌സ് ഗുസ്തിയില്‍ വെള്ളിയോ സ്വര്‍ണമോ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാകുമായിരുന്നു ഫോഗട്ട്. ഗുസ്തി ഫെഡറേഷനിലെ അനീതികള്‍ക്കെതിരേ നിരന്തരം പോരാട്ടം നടത്തിയ ഫോഗട്ടിന് സ്വര്‍ണമെഡല്‍ തന്നെ നേടാനാകുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ. എന്നാല്‍, ഫൈനലിന് തൊട്ടുമുന്‍പ് നടന്ന ഭാരപരിശോധനയില്‍ 50 കിലോയും 100 ഗ്രാമും ഭാരമുണ്ടെന്ന് കണ്ടെത്തിയതോടെ അമിതഭാരത്തിന്റെ പേരില്‍ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കുകയായിരുന്നു.