‘ചില മാന്യന്മാര്ക്ക് വേണ്ടി പ്രത്യേകം’; ചുരുളിയിലെ രംഗത്തിന്റെ കിടിലന്‍ സ്പൂഫ് വേര്‍ഷന്‍ പങ്കുവെച്ച് വിനയ് ഫോര്‍ട്ട്
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി സിനിമയിലെ പല രംഗങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലാണ്. പ്രത്യേകിച്ച് തെറിവിളി രംഗങ്ങള്‍. ഇത്തരത്തില്‍ സിനിമയിലെ ഒരു രംഗത്തില്‍ നിന്നും തെറി ഒഴിവാക്കിക്കൊണ്ട് ചില പുതിയ ഡയലോഗുകള്‍ കൂട്ടിച്ചേര്‍ത്തുള്ള ഒരു സ്പൂഫ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് വിനയ് ഫോര്‍ട്ട്. ചിത്രത്തില്‍ തങ്കച്ചന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജോജു ജോര്‍ജും വര്‍ക്കിച്ചനെ അവതരിപ്പിച്ച ജാഫര്‍ ഇടുക്കിയും വിനയ് ഫോര്‍ട്ടും ചെമ്പന്‍ വിനോദ് ജോസും ഒന്നിച്ചെത്തുന്ന ഒരു രംഗമാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. ഡയലോഗിലെ തെറിവിളികള്‍ക്ക് പകരം പുതിയ ചില ‘മാന്യമായ’ ചില ഡയലോഗ് ചേര്‍ത്തുവെച്ചതാണ് ഈ വീഡിയോ.
വിനയ് ഫോര്‍ട്ടിന്റേയും ചെമ്പന്റേയും കഥാപാത്രത്തെ കാണുന്ന ജാഫര്‍ ഇടുക്കിയുടേയും ജോജുവിന്റേയും കഥാപാത്രങ്ങള്‍ അല്ലയോ സഹോദരന്മാരെ നിങ്ങളെയൊന്നും ഇതിന് മുന്‍പ് ഇവിടെ കണ്ടിട്ടില്ലല്ലോ എന്നാണ് ചോദിക്കുന്നത്. ഞങ്ങള്‍ തങ്കച്ചേട്ടന്റെ പറമ്പില്‍ റബ്ബറിന് കുഴിയെടുക്കാന്‍ വന്നതാണെന്ന് പറയുന്നതും എന്തിനാണ് നിങ്ങള്‍ ഇവിടെ വന്നതെന്ന് ജോജുവിന്റെ കഥാപാത്രം വീണ്ടും ചോദിക്കുന്നതും കുഴിയെടുക്കാന്‍ വന്നതാണെന്ന് പറയുമ്പോള്‍ എന്തിനാണ് സുഹൃത്തേ ചുമ്മാ നുണ പറഞ്ഞ് ഇവിടെ വന്നതെന്നും നുണ പറയുന്നതൊക്കെ തെറ്റാണെന്ന് അറിയില്ലേയെന്നുമാണ് ജോജുവിന്റെ കഥാപാത്രം ചോദിക്കുന്നത്.
നിങ്ങളെ ആരോ പറ്റിച്ചതാണെന്നും നിങ്ങള്‍ പറയുന്ന ‘തങ്കന്‍ ജ്യേഷ്ടന്‍’ താനാണെന്നും തന്നെ അറിയുമോ എന്നും ജോജുവിന്റെ കഥാപാത്രം ചോദിക്കുമ്പോള്‍ ഫേസ്ബുക്കില്‍ എവിടെയോ കണ്ടിട്ടുണ്ടെന്ന ഡയലോഗാണ് ഇവരുടെ കഥാപാത്രം പറയുന്നത്. എത്ര മഹാപാപമുള്ളകാര്യമാണ് നിങ്ങള്‍ ചെയ്തതെന്നും നുണ പറയുന്നത് തെറ്റാണെന്ന് അറിയില്ലേ, ഇനി നുണ പറയുമോ എന്ന് ജോജു ചോദിക്കുന്നതും ഞങ്ങള്‍ക്ക് തെറ്റ്പറ്റിയെന്നും മേലില്‍ ഇതാവര്‍ത്തിക്കില്ലെന്നും വിനയ് ഫോര്‍ട്ടിന്റെ കഥാപാത്രം പറയുന്നതായിട്ടാണ് ഡയലോഗ്.
പിള്ളേര്‍ക്ക് തെറ്റ് പറ്റിയതാണെന്നും ക്ഷമിച്ചുകളയെന്നും ജാഫര്‍ ഇടുക്കിയുടെ കഥാപാത്രം പറയുമ്പോള്‍ ഞങ്ങളോട് പൊറുക്കണമെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും വിനയ് ഫോര്‍ട്ടിന്റെ ചെമ്പന്റേയും കഥാപാത്രം പറയുന്നതുമായിട്ടാണ് ഡയലോഗ് ഒരുക്കിയിരിക്കുന്നത്.
ഇങ്ങനെയാണ് ഡയലോഗുകള്‍ വേണ്ടിയിരുന്നത് എന്നാണ് ഇപ്പറഞ്ഞ സദാചാര വാദികള്‍ പറഞ്ഞിരുന്നതെന്നും പണി കലക്കിയെന്നുമാണ് വീഡിയോക്ക് താഴെ ചിലരുടെ കമന്റ്. മാന്യന്‍ ചുരുളിയെന്നും ഒരു ജിസ്ജോയ് ചിത്രമെന്നുമൊക്കെ ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. ഇങ്ങനെയെങ്ങാന്‍ ആയിരുന്നെങ്കില്‍ അറു ബോര്‍ ആയിരുന്നേനെ എന്നും ചില മാന്യന്മാര്ക്ക് വേണ്ടി പ്രത്യേകം ഒരുക്കിയ വീഡിയോ ആണെന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.