Vikram Box Office : ആഗോള ബോക്സ് ഓഫീസില്‍ ട്രിപ്പിള്‍ സെഞ്ചുറിയടിച്ച് വിക്രം; നേട്ടം 10 ദിവസം കൊണ്ട്
റിലീസ് ചെയ്‍ത് രണ്ടാം വാരത്തിലും തിയറ്ററുകളില്‍ സിനിമാസ്വാദകരുടെ ആദ്യ ചോയ്സ് ആയി തുടര്‍ന്ന് ലോകേഷ് കനകരാജിന്‍റെ കമല്‍ ഹാസന്‍ (Kamal Haasan) ചിത്രം വിക്രം (Vikram). സമീപകാല ഇന്ത്യന്‍ സിനിമയിലെ തന്നെ വന്‍ ഹിറ്റുകളില്‍ ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്ന ചിത്രം സമീപവര്‍ഷങ്ങളില്‍ ഒരു തമിഴ് ചിത്രം നേടുന്ന ഏറ്റവും വലിയ വിജയവുമാണ്. തമിഴ്നാടിനൊപ്പം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ വന്‍ പ്രതികരണം നേടി തുടരുകയാണ് ചിത്രം. ഇപ്പോഴിതാ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നിര്‍ണ്ണായകമായ ഒരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ് വിക്രം.
വെറും 10 ദിനങ്ങളിലാണ് ചിത്രത്തിന്‍റെ ഈ അവിസ്മരണീയ നേട്ടം. 2019നു ശേഷം ഒരു തമിഴ് ചിത്രം ആദ്യമായാണ് 300 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്നത്. ഇന്ത്യയില്‍ നിന്നു മാത്രം 210 കോടിയാണ് ചിത്രത്തിന്‍റെ നേട്ടം. തമിഴ്നാട്ടില്‍ നിന്നു മാത്രം 127 കോടിയാണ് വിക്രം ഇതിനകം നേടിയിരിക്കുന്നത്. തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 25 കോടി, കേരളത്തില്‍ നിന്ന് 31 കോടി, കര്‍ണാടകത്തില്‍ നിന്ന് 18.75 കോടി, ഇന്ത്യയിലെ മറ്റിടങ്ങളില്‍ നിന്ന് 8.25 കോടി എന്നിങ്ങനെയാണ് ഇന്ത്യന്‍ ബോക്സ് ഓഫീസിലെ കണക്കുകള്‍. അതേസമയം രണ്ടാം വാരാന്ത്യത്തിലും കളക്ഷനില്‍ വലിയ ഇടവ് രേഖപ്പെടുത്തിയിട്ടില്ല ചിത്രം. അതിനാല്‍ത്തന്നെ റെക്കോര്‍ഡുകള്‍ പലതും ചിത്രം തിരുത്തിയെഴുതുമെന്നാണ് കരുതപ്പെടുന്നത്.
രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്സ് ഡിസ്നി. ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രാഹകൻ. സംഗീതം അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, സംഘട്ടന സംവിധാനം അന്‍പറിവ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, വസ്ത്രാലങ്കാരം പല്ലവി സിംഗ്, വി സായ്, കവിത ജെ, മേക്കപ്പ് ശശി കുമാര്‍, നൃത്തസംവിധാനം സാന്‍ഡി, ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്, പബ്ലിസിറ്റി ഡിസൈനര്‍ ഗോപി പ്രസന്ന, സൗണ്ട് ഡിസൈനിംഗ് സിങ്ക് സിനിമ, വിഎഫ്എക്സ് യൂണിഫൈ മീഡിയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എം സെന്തില്‍, അസോസിയേറ്റ് ഡയറക്ടേഴ്സ് മഗേഷ് ബാലസുബ്രഹ്മണ്യം, സന്തോഷ് കൃഷ്‍ണന്‍, സത്യ, വെങ്കി, വിഷ്‍ണു ഇടവന്‍, മദ്രാസ് ലോഗി വിഘ്നേഷ്, മേക്കിംഗ് വീഡിയോ എഡിറ്റ് പി ശരത്ത് കുമാര്‍.