‘കങ്കുവയുടേയും ഗോട്ടിന്റേയും പരാജയത്തെക്കുറിച്ച് ഇവിടെ എന്തിന് സംസാരിക്കണം: വിജയ് സേതുപതി
ചെന്നൈ:തമിഴ് സിനിമയില്‍ വന്‍ ബജറ്റില്‍ ഒരുങ്ങിയ സൂര്യയുടെ കങ്കുവ, വിജയ്‌യുടെ ഗോട്ട് തുടങ്ങിയ ചിത്രങ്ങള്‍ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. തിയേറ്ററില്‍ പരാജയമായ സിനിമയിലെ രംഗങ്ങളെ പരിഹസിച്ച് നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അടുത്തിടെ നടന്‍ വിജയ് സേതുപതിയും ഈ ചിത്രങ്ങളുടെ പരാജയത്തെ കുറിച്ച് ചോദ്യം നേരിട്ടു. തന്റെ പുതിയ ചിത്രം വിടുതലൈ 2-വിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് അവതാരകന്‍ കങ്കുവയേയും ഗോട്ടിനേയും കുറിച്ച് നടനോട് ചോദിച്ചത്.
തന്റെ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് ഇവിടെ എത്തിയതെന്നും എന്തിനാണ് ആ വിഷയത്തെ കുറിച്ച് ഇവിടെ സംസാരിക്കുന്നതെന്നും വിജയ് സേതുപതി ചോദിച്ചു. പരാജയം എല്ലാവര്‍ക്കും സംഭവിക്കാവുന്ന കാര്യമാണെന്നും ആളുകള്‍ തന്നേയും ഒരുപാട് ട്രോളിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഒരുപാട് ആളുകള്‍ ബിസിനസ് തുടങ്ങിയിട്ടുണ്ട്. അതില്‍ എല്ലാവരും വിജയിക്കണം എന്നില്ല. പക്ഷേ എല്ലാവരുടേയും ആഗ്രഹം വിജയിക്കണം എന്നാണ്. അതുപോലെയാണ് സിനിമയും. സിനിമ റിലീസ് ആകുന്നതിന് മുമ്പ് ചിത്രം തിരഞ്ഞെടുത്ത ആളുകളെ കാണിക്കാറുണ്ട്. എന്റെ പരാജയപ്പെട്ട ചിത്രങ്ങളും ഇത്തരത്തില്‍ റിലീസിന് മുമ്പ് കാണിച്ചിട്ടുണ്ട്. സിനിമ കണ്ടിട്ട് അവരുടെ അഭിപ്രായങ്ങള്‍ ഞങ്ങള്‍ കേള്‍ക്കാറുണ്ട്. കാരണം അവരും സിനിമയുടെ പിന്നാലെ ഒരുപാട് കാലങ്ങളായി നടക്കുന്ന ആളുകളാണ്. അതുകൊണ്ടുതന്നെ പലതും അവരുടെ കണ്ണിലൂടെ കാണുമ്പോഴാണ് തിരുത്ത് വരുന്നത്. എല്ലാ ചിത്രങ്ങളും അങ്ങനെത്തന്നെയാണ് തിയേറ്ററിലെത്തുന്നത്.’-വിജയ് സേതുപതി പറയുന്നു.
Vijay Sethupathi response to Suriya's Kanguva and Vijay's Goat failure in Telugu states during Viduthalai Part 2 interview. pic.twitter.com/QfeF3VvA6a
— Manobala Vijayabalan (@ManobalaV) December 16, 2024
വെട്രിമാരന്‍ സംവിധാനം ചെയ്ത വിടുതലൈ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് വിടുതലൈ 2. വിജയ് സേതുപതിക്കൊപ്പം സൂരി, മഞ്ജു വാര്യര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.