ലൈംഗികബന്ധം ഉഭയസമ്മത പ്രകാരം, അവസരം നൽകാത്തതിൽ വൈരാഗ്യം;ചോദ്യം ചെയ്യലിൽ വിജയ് ബാബു പറഞ്ഞത്
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. പരാതിക്കാരിയായ നടിയുമായി ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണെന്ന് ചോദ്യം ചെയ്യലില്‍ വിജയ് ബാബു പോലീസിനെ അറിയിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്നും എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ നടക്കുന്ന ചോദ്യം ചെയ്യലില്‍ വിജയ് ബാബു അറിയിച്ചു.
സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നിലെന്നും ഒളിവില്‍ പോകാന്‍ ആരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു പൊലീസിനോട് പറഞ്ഞു. ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ പോലീസിന് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല. എന്നാല്‍ നാളെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം എതിര്‍ക്കാനുള്ള തെളിവ് സമാഹരിക്കുകയാണ് പോലീസിന്റെ ലക്ഷ്യം.
നേരത്തെ, കേസില്‍ അന്വേഷണവുമായി സഹകരിക്കുമെന്ന് വിജയ്ബാബു പറഞ്ഞിരുന്നു. ദുബായില്‍നിന്ന് കൊച്ചിയിലെത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ഞാന്‍ ഇന്ന് വരുമെന്ന് പറഞ്ഞിരുന്നു, ഞാന്‍ ഇന്ന് വന്നു. ബഹുമാനപ്പെട്ട കോടതിയില്‍ പൂര്‍ണവിശ്വാസമുണ്ട്. പോലീസുമായി പൂര്‍ണമായും സഹകരിക്കും. സത്യം പുറത്തുകൊണ്ടുവരും. എന്നോടൊപ്പംനിന്ന എല്ലാവര്‍ക്കും നന്ദി’, വിജയ്ബാബു പ്രതികരിച്ചു.
ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് വിജയ്ബാബു എമിറേറ്റ്സ് വിമാനത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. കഴിഞ്ഞദിവസം നടിയെ പീഡിപ്പിച്ച കേസില്‍ വിജയ്ബാബുവിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. വ്യാഴാഴ്ച മുന്‍കൂര്‍ ജാമ്യഹര്‍ജി വീണ്ടും പരിഗണിക്കുന്നതുവരെയാണ് വിജയ്ബാബുവിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.