ലൈംഗിക പീഡനക്കേസ്;വിജയ് ബാബു ജോർജിയയിലേക്ക് കടന്നതായി വിവരം
കൊച്ചി ∙ പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ ദുബായിൽ ഒളിവിൽ കഴിഞ്ഞിരുന്ന നടനും നിർമാതാവുമായ വിജയ് ബാബു ജോർജിയയിലേക്ക് കടന്നതായി സൂചന. ഇന്ത്യയുമായി പിടികിട്ടാപ്പുള്ളികളെ കൈമാറാന്‍ ഉടമ്പടിയില്ലാത്ത രാജ്യമാണ് ജോർജിയ. ഇതു മനസ്സിലാക്കിയാണ് ജോർജിയയിലേക്ക് കടന്നതെന്നാണ് വിവരം.
കൊച്ചി സിറ്റി പൊലീസ് നല്‍കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കിയിരുന്നു. ഇതോടെ വിജയ് ബാബുവിന്റെ വീസയും റദ്ദാകും. ഇതു മുൻകൂട്ടി മനസ്സിലാക്കിയാണ് ജോർജിയയിലേക്കു കടന്നതെന്നാണ് വിവരം. പാസ്പോർട്ട് റദ്ദാക്കിയ ശേഷം ഇന്റർപോളിന്റെ സാഹയത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാനായിരുന്നു പൊലീസിന്റെ ശ്രമം.
വിജയ് ബാബു മറ്റൊരു രാജ്യത്തേക്ക് കടന്നതായാണ് സൂചനയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു നേരത്തേ അറിയിച്ചിരുന്നു. മേയ് 24നകം ഹാജരായില്ലെങ്കിൽ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കുമെന്നും കമ്മിഷണർ പറഞ്ഞു.