കൊച്ചി: ഇടതുമുന്നണി വിട്ട് എംഎൽഎ സ്ഥാനം രാജിവച്ച പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം. അനധികൃതമായി 11 ഏക്കർ ഭൂമിയുടെ പോക്കുവരവ് നടത്തി സ്വന്തമാക്കി എന്ന പരാതിയിലാണ് നടപടി. ആലുവയിൽ 11 ഏക്കർ ഭൂമി സ്വന്തമാക്കി എന്നാണ് ആരോപണം. ഇത് സംബന്ധിച്ച പരാതി നേരത്തെ വിജിലൻസിന് ലഭിച്ചിരുന്നു.
പാട്ടാവകാശം മാത്രമുളള ഭൂമി കൈവശപ്പെടുത്തിയെന്നായിരുന്നു വിജിലൻസിന് ലഭിച്ച പരാതിയിൽ പറഞ്ഞിരുന്നത്. തുടർന്ന് ഇതിൽ പ്രാഥമികാന്വേഷണം നടത്തിയ വിജിലൻസ് വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്യുകയായിരുന്നു. ഇതോടെയാണ് അൻവറിനെതിരെ അന്വേഷണത്തിന് ആഭ്യന്തര അഡീഷണൽ സെക്രട്ടറി ഉത്തരവിട്ടിരിക്കുന്നത്.
കൊല്ലം സ്വദേശിയായ വ്യവസായി മുരുകേഷ് നരേന്ദ്രന്റെ പരാതിയിലാണ് മുൻ നിലമ്പൂർ എംഎൽഎക്കെതിരെ അന്വേഷണം നടക്കുന്നത്. വിജിലൻസ് ഡയറക്‌ടർക്ക് ലഭിച്ച ഉത്തരവ് തിരുവനന്തപുരം വിജിലൻസ് യൂണിറ്റിന് കൈമാറിയിട്ടുണ്ട്. സ്പെഷ്യൽ ഇൻവെസ്‌റ്റിഗേഷൻ യൂണിറ്റ് രണ്ടിനാണ് അന്വേഷണത്തിന്റെ ചുമതല നൽകിയിരിക്കുന്നത്.
പരാതിയിൽ വിശദമായ അന്വേഷണം നടത്തി സമയപരിധിക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതോടെ അൻവറിനെതിരായ പോർമുഖം ഒന്നുകൂടി തുറക്കുകയാണ് സംസ്ഥാന സർക്കാർ. ഇടതുമുന്നണി വിട്ടതിന് ശേഷം പലയിടത്തും അഭയം തേടിയ അൻവർ യുഡിഎഫ് പാളയത്തിലേക്ക് തന്നെ മടങ്ങിയിരുന്നു.
ഇതോടെയാണ് സർക്കാർ കേസുകൾ പൊടി തട്ടിയെടുക്കുന്നത്. എംഎൽഎ പദവി ഇല്ലാത്തതിനാൽ തന്നെ ഇനി അൻവറിനെതിരായ നിയമ നടപടികൾ കൂടുതൽ എളുപ്പമാവും എന്നാണ് സർക്കാർ കരുതുന്നത്. എങ്കിലും മുഖ്യമന്ത്രിയെ നിരന്തരം വിമർശന വിധേയമാക്കിയ അൻവറിന് പിന്നിൽ യുഡിഎഫ് ഉറച്ചുനിൽക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
അടുത്തിടെ നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരണപ്പെട്ടതോടെ അൻവറും അനുയായികളും ചേർന്ന് വനംവകുപ്പ് ഓഫീസ് അടിച്ചുതകർത്തത് വിവാദമായിരുന്നു. സംഭവത്തിൽ അൻവറിനെതിരെയും സഹായികൾക്ക് എതിരെയും പോലീസ് കേസെടുത്തിരുന്നു. പിന്നാലെ അന്ന് രാത്രി തന്നെ നാടകീയമായ അൻവറിനെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു.
ഏറെ വിവാദമായിരുന്നു ഈ സംഭവം. ഒരു സിറ്റിങ് എംഎൽഎയെ ഇത്തരത്തിൽ അറസ്‌റ്റ് ചെയ്‌തു കൊണ്ടുപോവുന്നത് കേരളത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത സംഭവമായിരുന്നു. അതിന് പിന്നാലെയാണ് അൻവറിനെതിരെ വിജിലൻസ് അന്വേഷണവും വരുന്നത്. ഇതോടെ അൻവറിനെ പൂട്ടാൻ തന്നെയാണ് സർക്കാർ തീരുമാനം എന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്.