KeralaNews

‘കരിക്ക് കച്ചവടം ചെയ്തിരുന്നയാള്‍ക്ക്‌ വൻ ശമ്പളം ഓഫർ’; വിയറ്റ്നാമിലേക്ക് കടത്തിയ സംഘം അറസ്റ്റില്‍

ഇടുക്കി: കരിക്ക് കച്ചവടം ചെയ്തിരുന്നയാളെ വൻ ശമ്പളം ഓഫർ ചെയ്ത് വിയറ്റ്നാമിലേയ്ക്ക് കടത്തി രണ്ടു ലക്ഷം തട്ടിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. വിയറ്റ്‌നാമില്‍ വന്‍ ശമ്പളത്തില്‍ ജാേലി വാഗ്ദാനം നല്‍കി മനുഷ്യക്കടത്ത് നടത്തിയ മൂന്നംഗ സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഒന്നാംപ്രതി തിരുവനന്തപുരം പാങ്ങോട് പഴയവിള എസ്.എസ് കോട്ടേജില്‍ സജീദ് (36), കൊല്ലം കൊട്ടിയം തട്ടുത്തല സ്വദേശികളായ തെങ്ങുവിളയില്‍ മുഹമ്മദ് ഷാ (23), മുട്ടന്‍ചിറ അന്‍ഷാദ് (27) എന്നിവരെയാണ് അടിമാലി പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പ്രിന്‍സ് ജെയിംസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 

സംഭവത്തിൽ  പൊലീസ് പറയുന്നത് ഇങ്ങനെ: പ്രതികള്‍ മൂന്നാര്‍ സന്ദര്‍ശനത്തിനിടെ അടിമാലി ഭാഗത്ത് പാതയോരത്ത് കരിക്ക് വില്‍പന നടത്തിയിരുന്ന അടിമാലി സ്വദേശി കല്ല് വെട്ടിക്കുഴിയില്‍ കാസിമിന്റെ മകന്‍ ഷാജഹാനെ (33) പരിചയപ്പെട്ടു. ഉന്നത വിദ്യാഭ്യാസമുള്ള ഷാജഹാന് വിയറ്റ്‌നാമില്‍ മാസം 80,000 രൂപ ശമ്പളത്തില്‍ ഡി.ടി.പി ഓപ്പറേറ്ററായി ജോലി വാഗ്ദാനം നല്‍കി. ഇതിനായി 2 ലക്ഷം രൂപ വാങ്ങിച്ചു.

എന്നാല്‍ വിസിറ്റിംഗ് വിസ നല്‍കി വിയറ്റ്‌നാമില്‍ എത്തിച്ചു. വിയറ്റ്‌നാമില്‍ ജോലി കിട്ടാതെ ആയതോടെ ഷാജഹാന്‍ ഏജന്റുമാരുമായി ബന്ധപ്പെട്ടു. എന്നാല്‍ വിയറ്റ്‌നാമില്‍ ഇപ്പോള്‍ ജോലി ഒഴിവ്  ഇല്ലെന്നും കമ്പോഡിയയില്‍ ജോലി നല്‍കാമെന്നും അറിയിച്ച് മറ്റൊരു ഏജന്‍സി മുഖേന ഷാജഹാനെ കമ്പോഡിയയില്‍ എത്തിച്ചു. ഇവിടെ തടവില്‍ പാര്‍പ്പിച്ച് ഭീഷണിപ്പെടുത്തി ഓണ്‍ലൈന്‍ തട്ടിപ്പ് ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. 

താന്‍ കബളിപ്പിക്കപ്പെട്ടതായി ബോധ്യപ്പെട്ട ഷാജഹാന്‍ എംബസി മുഖേന രക്ഷപ്പെട്ട് കേരളത്തിലെത്തി. തുടര്‍ന്ന് പരാതിയുമായി രംഗത്ത് എത്തിയതോടെ ഇയാളില്‍ നിന്നും വാങ്ങിയ രണ്ട് ലക്ഷത്തില്‍ പകുതി തുക തിരികെ കൊടുത്ത പ്രശ്‌നം ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടത്തി. പണം തിരികെ കിട്ടിയ കാസിം മറ്റൊരു ഏജന്‍സി മുഖേന ദുബായിയില്‍ ജോലിക്ക് എത്തി. ഇതിനിടെ മറ്റ് തട്ടിപ്പിനിരയായവര്‍ പൊലീസിന് പരാതികള്‍ നല്‍കി. പരാതികളുമായി ബന്ധപ്പെട്ട തുടര്‍ അന്വേഷണത്തിനിടെയാണ് മൂവര്‍ സംഘത്തെ അറസ്റ്റ് ചെയ്തത്. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15 പേരെ വിദേശത്തേക്ക് സമാന രീതിയില്‍ കടത്തിയിട്ടുള്ളതായി പ്രതികള്‍ സമ്മതിച്ചു. വിയറ്റ്‌നാമില്‍ ജോലി ലഭിക്കാതെയാകുന്നതോടെ ചൈനക്കാരായ ഇടനിലക്കാര്‍ക്ക് ചെറിയ തുകയ്ക്ക് ഉദ്യോഗാര്‍ഥികളെ വില്‍ക്കുകയാണ് എന്നതാണ് പൊലീസിന് ലഭിക്കുന്ന സൂചന. ഇവരാണ് ഓണ്‍ലൈന്‍ തട്ടിപ്പ് ജോലിക്ക് ഉദ്യോഗാര്‍ഥികളെ നിയോഗിക്കുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ പണം ലഭിച്ചാല്‍ മാത്രം ഇവര്‍ക്ക് ശമ്പളം നല്‍കും.

അല്ലാത്ത ആളുകളെ തടവിലാക്കി പീഡിപ്പിക്കുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.  അടിമാലി പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രിന്‍സ് ജോസഫ്, എ.എസ്.ഐ ഷാജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നിഷാദ്, സി.പി.ഒ അജീസ് എന്നിവര്‍ ചേര്‍ന്ന് തിരുവനന്തപുരത്ത് നിന്നും കൊല്ലത്തു നിന്നുമായാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തട്ടിപ്പു സംഘത്തിന്റെ വലയില്‍ അകപ്പെട്ടവര്‍ വിദേശത്ത് കുടുങ്ങി കിടക്കുന്നതായി സൂചനയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker