ബോളിവുഡ് നായിക വിദ്യാബാലൻ അണിയുന്ന സാരികൾ എപ്പോഴും ട്രെൻഡിങ് ആവാറുണ്ട്.ശകുന്തളാ ദേവി എന്ന സിനിമയിറങ്ങിയപ്പോൾ അക്കങ്ങളും കണക്ക് ഫോർമുലകളുമായുള്ള സാരി ആണ് ശ്രദ്ധ നേടിയത്. എന്നാലിപ്പോൾ മറ്റൊരു സാരി ചർച്ചയായിരിക്കുകയാണ്. രവീന്ദ്രനാഥ ടാഗോറിന്‍റെ വരികൾ പ്രിന്‍റ് ചെയ്ത സാരി ധരിച്ചാണ് വിദ്യയുടെ പുതിയ ഫോട്ടോ ഷൂട്ട്.
ടാഗോറിന്‍റെ പ്രശസ്തമായ ഏക്‍ല ചോലോ റി എന്ന ഗാനത്തിലെ വരികളാണ് സാരിയിൽ കുറിച്ചിരിക്കുന്നത്. മെറൂണിൽ വെളുത്ത വരകളുള്ള സാരിയുടെ കരകളിൽ വെളുത്ത നിറത്തിൽ വരികൾ എഴുതിയിരിക്കുന്നു. ഇംഗ്ലീഷിലും ബംഗാളിയിലും വരികൾ കുറിച്ചിട്ടുണ്ട്. രാജസ്ഥാനിലെ നെയ്ത്ത് ഗ്രാമത്തിൽ തയ്യാറാക്കിയ സാരിയുടെ വില 2700 രൂപയാണ്. ഫോർസാരീസ് എന്ന ബ്രാന്‍റാണ് പ്രകൃതി ദത്ത നിറങ്ങൾ ഉപയോഗിച്ച് സാരി നിർമിച്ചിരിക്കുന്നത്.
ബംഗാൾ വിഭജന സമയത്ത് 1905ൽ ആണ് ടാഗോർ ഗാനം രചിച്ചത്. 2012ൽ പുറത്തിറങ്ങിയ വിദ്യാ ബാലൻ ചിത്രം കഹാനിയിൽ ഈ ഗാനം ഉൾപ്പെടുത്തിയിരുന്നു. അമിതാഭ് ബച്ചനാണ് ഗാനം ആലപിച്ചത്. ദേശസ്നേഹം തുളുമ്പുന്ന ഈ ഗാനം 2004ൽ സുഭാഷ് ചന്ദ്രബോസിന്‍റെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങിയ സിനിമയിലും ഉൾപ്പെടുത്തിയിരുന്നു.