തമിഴ് നടി ബിന്ദു ഘോഷ് അന്തരിച്ചു; വിടവാങ്ങിയത് കമല്‍ഹാസന്‍, രജനീകാന്ത്, പ്രഭു, വിജയകാന്ത് തുടങ്ങി ഒട്ടേറ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച നടി

ചെന്നൈ: നടി ബിന്ദു ഘോഷ് (76) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കമല്‍ഹാസന്‍, രജനീകാന്ത്, ശിവാജി ഗണേശന്‍, മോഹന്‍, പ്രഭു, വിജയകാന്ത് തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മരണം സംഭവിച്ചതെന്നും ഏറെക്കാലമായി ഹൃദയ, വൃക്ക സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നുവെന്നും മകന്‍ ശിവജി പി.ടി.ഐയോട് പ്രതികരിച്ചു. സംസ്‌കാര ചടങ്ങുകള്‍ തിങ്കളാഴ്ച നടന്നു.
കമല്‍ഹാസന്റെ ആദ്യ സിനിമ കളത്തൂര്‍ കണ്ണമ്മയില്‍ ബാല താരമായിട്ടായിരുന്നു അരങ്ങേറ്റം. ഗംഗൈ അമരന്‍ സംവിധാനം ചെയ്ത ‘കോഴി കൂവുത്’ എന്ന സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. തമിഴിന് പുറമെ മലയാളം, തെലുങ്ക് ചിത്രങ്ങളുടേയും ഭാഗമായി. നേരറിയും നേരത്ത്, ലൂസ് ലൂസ് അരപിരി ലൂസ് തുടങ്ങിയ മലയാള ചിത്രങ്ങളിലാണ് അഭിനയിച്ചത്.
ഹാസ്യ വേഷങ്ങളായിരുന്നു കൂടുതലും ചെയ്തത്. മുപ്പതോളം ചിത്രങ്ങളുടെ ഭാഗമായി. സിനിമയില്‍ അവസരങ്ങള്‍ നഷ്ടമായതിന് പിന്നാലെ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു.