KeralaNews

മുതിർന്ന മാധ്യമ പ്രവർത്തൻ ഭാസുരേന്ദ്രബാബു അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഭാസുരേന്ദ്രബാബു (75) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സെൻട്രൽ പ്രോവിഡൻ്റ് ഫണ്ട് ഉദ്യോഗസ്ഥനായിരുന്ന ഭാസുരേന്ദ്രബാബു സർവ്വീസിൽ നിന്നും വിരമിച്ചതിന് ശേഷം മാധ്യമ പ്രവർത്തന രംഗത്ത് സജീവമാകുകയായിരുന്നു. കൈരളി ചാനലിൽ അദ്ദേഹം അവതരിപ്പിച്ച ‘വർത്തമാനം’ പരിപാടി ശ്രദ്ധേയമായിരുന്നു. രാഷ്ട്രീയ-സാംസ്കാരിക നിരീക്ഷകൻ എന്ന നിലയിൽ ചാനൽ സംവാദങ്ങളിൽ ഇടതുപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ചു കൊണ്ട് ഇടപെട്ടിരുന്നു.

അടിയന്തിരവസ്ഥക്കാലത്ത് ക്രൂരമായ പൊലീസ് മർദ്ദനത്തിന് ഇരയായിട്ടുള്ള ഭാസുരേന്ദ്രബാബു കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിൻ്റെ നേതൃസ്ഥാനത്ത് പ്രവർത്തിച്ചു. ചിന്നഭിന്നമായി കിടന്നിരുന്ന കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തെ പുന:സംഘടിപ്പിക്കുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ചു.

അടിയന്തരാവസ്ഥയ്ക്ക് ശേഷം ജയിൽമോചിതനായ ഭാസുരേന്ദ്രബാബു എംഎൽ പ്രസ്ഥാനങ്ങളുടെ സെൻട്രൽ റീ ഓർഗനൈസേഷൻ കമ്മിറ്റിയുടെ കേരള സംസ്ഥാന ഘടകത്തിൻ്റെ അസിസ്റ്റൻ്റ് സെക്രട്ടറിയായിരുന്നു. പിന്നീട് 1982ൽ വാളാട് നടന്ന കൺവെൻഷന് ശേഷവും സിപിഐഎംഎല്ലിൻ്റെ കേരളത്തിലെ പ്രധാന നേതാവായി തുടർന്നു.

എംഎൽ പ്രസ്ഥാനത്തിൽ ഉടലെടുത്ത അഭിപ്രായ ഭിന്നതകളെ തുടർന്ന് നക്സസൽ പ്രസ്ഥാനവുമായുള്ള ബന്ധം ഉപേക്ഷിച്ച അദ്ദേഹം പിൽക്കാലത്ത് സിപിഐഎമ്മുമായി അടുത്ത ബന്ധം പുലർത്തി. ചാനൽ ചർച്ചകളിൽ സിപിഐഎം ഔദ്യോഗിക വിഭാഗത്തിൻ്റെ ശക്തനായ വക്താവെന്ന നിലയിൽ ഇടപെട്ടിരുന്നു.

നിരവധി ആനുകാലികങ്ങളിൽ സമകാലിക വിഷയങ്ങളെ സംബന്ധിച്ച് അദ്ദേഹം ലേഖനങ്ങൾ എഴുതിയിരുന്നു. ഭാസുരേന്ദ്രബാബു ജെ രഘുവിനൊപ്പം ചേർന്നെഴുതിയ ‘മന്ദബുദ്ധികളുടെ മാർക്സിസ് സംവാദം’, മൈത്രേയനൊപ്പം എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ‘വിമോചന ദൈവശാസ്ത്രവും മാർക്സിസവും’ എന്നീ പുസ്തകങ്ങൾ ശ്രദ്ധനേടിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button