കോട്ടയം: റെയില്‍വേ ട്രാക്കിലേക്ക് ഇടിഞ്ഞു വീണ മണ്ണ് നീക്കുന്ന ജോലികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. കോട്ടയം – ചിങ്ങവനം പാതയില്‍ റെയില്‍വേ ടണലിന് സമീപമാണ് ഇന്നലെ മണ്ണിടിച്ചിലുണ്ടായത്.
പാതയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് കോട്ടയം വഴി സര്‍വീസ് നടത്തിയിരുന്ന വേണാട്, ജനശതാബ്ദി ട്രെയിനുകള്‍ ഇന്ന് ആലപ്പുഴ വഴിയാകും ഓടുക. 06302 തിരുവനന്തപുരം- എറണാകുളം ജങ്ഷന് വേണാട് സ്പെഷ്യല്‍, 02081 കണ്ണൂര്‍ -തിരുവനന്തപുരം ജനശതാബ്ദി എന്നീ ട്രെയിനുകളാണ് ആലപ്പുഴ വഴി തിരിച്ചുവിടുക.
എറണാകുളം, ആലപ്പുഴ, കായംകുളം സ്റ്റേഷനുകളില്‍ ഈ ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പുണ്ടാകുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. കോവിഡ് മൂലം തീവണ്ടി സര്‍വ്വീസുകള്‍ കുറവായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.