തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം എല്ലാവരും ഒരുമിച്ച് എടുത്ത തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡിസതീശൻ. സ്ഥാനാർത്ഥി നിർണയത്തിലെ ഉത്തരവാദിത്തം പാർട്ടിക്കെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതികരിച്ചു. പത്മജ ബിജെപിയിലേക്ക് പോയത് സ്ഥാനാർത്ഥി നിർണയത്തെ സ്വാധീനിച്ചിട്ടില്ലെന്നും ഇരുനേതാക്കളും വ്യക്തമാക്കി. പട്ടികയിൽ ഒരു റിസ്ക്കും ഇല്ല. സർപ്രൈസ് പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്.
ഓരോ മണ്ഡലത്തിലും ഏറ്റവും അനിയോജ്യമായ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. കൃത്യമായ ആലോചനക്ക് ശേഷമുള്ള പട്ടികയാണിത്. കെ സി വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കുന്നത് കേരളത്തിലെ നേതാക്കളുടെ ആവശ്യ പ്രകാരം എന്ന് വി ഡി സതീശൻ പറഞ്ഞു. ആലപ്പുഴയിൽ മികച്ച സ്ഥാനാർത്ഥി കെസിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷമിപ്പിച്ചത് പത്മജ പോയതല്ല, കെ.കരുണാകരന്റെ മകൾ ബിജെപിയിൽ പോയതാണെന്നും സതീശൻ പറഞ്ഞു. ബിജെപി പ്രവേശനത്തിനു പിന്നിൽ സിപിഎം എന്ന് വി ഡി സതീശൻ ആരോപിച്ചു. ദില്ലിയിൽ ഇടനിലക്കാരനായി പ്രവർത്തിക്കുന്ന ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ ആണ് പിന്നിലെന്നും സതീശൻ കൂട്ടിച്ചേർത്തു. എല്ലാ സൗകര്യങ്ങളും കൊടുത്തു പിണറായി കേരളത്തിൽ ഇരുത്തിയ ഐപിഎസ് ഉദ്യോഗസ്ഥൻ ആണത്.
അതേ സമയം, ഇടതുമുന്നണിയെ നിലംപരിശാക്കുന്ന സ്ഥാനാർത്ഥി പട്ടികയാണ് കോൺഗ്രസിന്റെതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കരുണാകരന്റെ മകൾ ബിജെപിയിൽ പോയി എന്ന് വലിയ പ്രചാരണം കൊടുക്കുന്നത് ഇടതുമുന്നണിയാണ്. ആ ഇടതുമുന്നണിക്ക് കോൺഗ്രസ് കൊടുത്ത അടിയാണ് തൃശ്ശൂരിലെ കെ മുരളീധരന്റെ സ്ഥാനാർത്ഥിത്വം എന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. കോൺഗ്രസിന്റെ പട്ടിക കൂടി പുറത്തുവന്നതോടെ യുഡിഎഫിന് 20 സീറ്റ് എന്നത് യാഥാർത്ഥ്യമാകും എന്നും കുഞ്ഞാലിക്കുട്ടി പ്രതീക്ഷ പങ്കുവെച്ചു.