തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായി യുവതി ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും. എല്‍ദോസ് കുന്നപ്പിള്ളിയുടെ വിശദീകരണത്തിന് കാത്തിരിക്കുകയാണെന്ന് സതീശന്‍ പറഞ്ഞു. ഇത്തരത്തിലുള്ള ആരോപണം നേരിടുന്ന ഒരാളെ സംരക്ഷിക്കേണ്ട ബാധ്യത കെപിസിസിക്കില്ലെന്നും ആരോപണം ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ കുന്നപ്പിള്ളിക്കെതിരേ പാര്‍ട്ടി നടപടിയുണ്ടാകുമെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.
മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന സാഹചര്യത്തില്‍ കുന്നപ്പിള്ളി ഒളിവില്‍ പോകേണ്ട ഒരാവശ്യവും ഉണ്ടായിരുന്നില്ലെന്ന് സതീശന്‍ പറഞ്ഞു. എല്‍ദോസ് കുന്നപ്പിള്ളിയില്‍നിന്ന് കെപിസിസി വിശദീകരണം ആവശ്യപ്പെടും. അത് സ്വാഭാവിക നീതിയുടെ കാര്യമാണ്. കുന്നപ്പിള്ളിയില്‍നിന്ന് വിശദീകരണം ലഭിക്കുന്നതിനാണ് കാത്തിരിക്കുന്നത്. എല്‍ദോസ് കുന്നപ്പള്ളിയെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.
സിപിഎം ചെയ്യുന്നതുപോലെ രാഷ്ട്രീയപ്രേരിതമായ ആരോപണമാണെന്ന തരത്തിലുള്ള പതിവ് ആരോപണങ്ങളൊന്നും ഞങ്ങള്‍ പറയുന്നില്ല. ഒരു വിധത്തിലും പ്രതിരോധിക്കാന്‍ ശ്രമിച്ചിട്ടില്ല. ഇത്രയും ശക്തമായുള്ള തീരുമാനം ഒരു രാഷ്ട്രീയപാര്‍ട്ടിയും കേരളത്തില്‍ സ്വീകരിച്ചിട്ടില്ല. കെപിസിസി തീരുമാനമെടുക്കുന്നില്ല എന്നൊക്കെയുള്ള ആരോപണങ്ങളില്‍ ഒരു അര്‍ഥവുമില്ല. ഒരു യുവതി ഗൗരവതരമായ പരാതിയുമായി നില്‍ക്കുമ്പോള്‍ പാർട്ടി അതേ ഗൗരവത്തോടെയാണ് ആ വിഷയത്തെ കാണുന്നതെന്നും സതീശന്‍ വ്യക്തമാക്കി.
ഇത്തരം ആരോപണം നേരിടുന്ന ഒരാളെ സംരക്ഷിക്കേണ്ട ഒരു ബാധ്യതയും കെപിസിസിക്ക് ഇല്ലെന്ന് കെ. സുധാകരന്‍ പറഞ്ഞു. അതൊക്കെ സിപിഎമ്മുകാരുടെ സ്ഥിരം ശൈലിയാണ്. കമ്മീഷനെ വെച്ച് തീവ്രത അളക്കുന്ന പതിവ് ഞങ്ങള്‍ക്കില്ല. ഒരു ജനപ്രതിനിധി എന്ന നിലയില്‍ അദ്ദേഹം ചെയ്തത് തെറ്റാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തണം. അതിനാണ് കത്ത് കൊടുത്തത്. അദ്ദേഹത്തിന് എന്തെങ്കിലും മനഃപരിവര്‍ത്തനം ഉണ്ടെങ്കില്‍ അതേക്കുറിച്ച് ചര്‍ച്ചചെയ്യാം. അല്ലെങ്കില്‍ നടപടി എടുക്കും എന്നകാര്യം ഉറപ്പാണ്.
ആരോപണം ശരിയാണെങ്കില്‍ ഒരു ജനപ്രതിനിധിയില്‍നിന്ന് ഒരിക്കലും പ്രതീക്ഷിക്കാന്‍ പാടില്ലാത്ത കാര്യമാണ് അദ്ദേഹത്തില്‍നിന്ന് ഉണ്ടായത്. ഇപ്പോള്‍ പുറത്തുവരുന്ന ആരോപണം ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ കുന്നപ്പിള്ളിയെ പാര്‍ട്ടിയുടെ പ്രവര്‍ത്തന രംഗത്തുനിന്ന് മാറ്റിനിര്‍ത്തുക എന്ന നടപടി എടുക്കും. അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചില്ല. നിയമനടപടിയെ മറികടക്കാനുള്ള ശ്രമം എന്നതിലപ്പുറം മറ്റു കാരണങ്ങളൊന്നും കുന്നപ്പിള്ളി ഒളിവില്‍ പോയതിലില്ലെന്നും സുധാകരന്‍ പറഞ്ഞു.