തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് പ്രഖ്യാപനം പൂര്‍ത്തിയായി. പദ്ധതി വിഹിതങ്ങളില്‍ വര്‍ധനവ് വരുത്തി പ്രഖ്യാപിച്ചിട്ടുള്ള ഈ ബജറ്റില്‍ ഏറ്റവുമധികം പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുള്ളത് കൊല്ലം ജില്ലയ്ക്കാണെന്നതും ശ്രദ്ധേയമാണ്. പുതിയ ഒമ്പത് പദ്ധതികളാണ് ബജറ്റില്‍ കൊല്ലം ജില്ലയ്ക്കായി നല്‍കിയിരിക്കുന്നത്.
ഇതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതി വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ കോറിഡോര്‍ പദ്ധതിയാണ്. 1000 കോടി രൂപയാണ് ഈ പദ്ധതിക്കായി ബജറ്റില്‍ വകയിരുത്തിയിരിക്കുന്നതെന്നാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചിരിക്കുന്നത്. ഇതിനുപുറമെ, കൊല്ലം നഗരസഭയില്‍ ഐ.ടി.പാര്‍ക്ക് സ്ഥാപിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിക്കുന്നുണ്ട്.
കൊല്ലം, ചെറായി എന്നിവിടങ്ങളിലെ ബീച്ചുകളുടെ വികസനത്തിനായി അഞ്ചുകോടി രൂപയാണ് ബജറ്റില്‍ നല്‍കുന്നത്. ഇതിനുപുറമെ, കൊല്ലത്ത് മറൈന്‍ ഗവേഷണ കേന്ദ്രം ഒരുക്കുന്നതായി അഞ്ചുകോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ അറിയിച്ചു. ശാസ്താംകോട്ട ടൂറിസം വികസനത്തിനായി ഒരു കോടി രൂപയും കൊട്ടാരക്കയിലെ കെ.ഐ.പി. ഭൂമിയില്‍ ഒരുങ്ങുന്ന ഐ.ടി.പാര്‍ക്കും കൊല്ലത്തിന് ലഭിച്ച ബജറ്റ് വിഹിതമാണ്.
കൊല്ലം ജില്ലയിലെ കൊട്ടാരക്കര കേന്ദ്രീകരിച്ച് തീര്‍ഥാടന ടൂറിസം കേന്ദ്രം ആരംഭിക്കുമെന്നും ഇതിനായി അഞ്ചുകോടി രൂപ ബജറ്റില്‍ അനുവദിച്ചിട്ടുണ്ടെന്നുമാണ് ധനമന്ത്രി അറിയിച്ചത്. കൊല്ലത്ത് ഫുഡ് പാര്‍ക്ക് സ്ഥാപിക്കുന്നതിനായും അഞ്ച് കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. കൊല്ലം ജില്ലയ്ക്ക് ലഭിച്ച വലിയ പ്രഖ്യാപനങ്ങളില്‍ ഒന്ന് ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയാണ്. 30 കോടി രൂപയാണ് ഇതിനായി ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.