KeralaNews

ഗവേഷക വിദ്യാര്‍ത്ഥിനിക്ക് നീതി ഉറപ്പാക്കും; അധ്യാപകനെ മാറ്റിനിര്‍ത്തുന്നതില്‍ തീരുമാനം നീണ്ടാല്‍ നടപടിയെന്ന് മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ സമരം നടത്തുന്ന ദളിത് വിദ്യാര്‍ത്ഥിനി ദീപ പി മോഹനന് നീതി ഉറപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍ ബിന്ദു. വിദ്യാര്‍ത്ഥിനിയുടെ പരാതി സര്‍വ്വകലാശാല എത്രയും പെട്ടെന്നു തീര്‍പ്പാക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ആരോപണവിധേയനായ അധ്യാപകനെ പദവിയില്‍നിന്ന് മാറ്റിനിര്‍ത്തി പരാതി അന്വേഷിക്കാന്‍ എന്താണ് സര്‍വ്വകലാശാലയ്ക്ക് തടസ്സമെന്ന് ആരാഞ്ഞിട്ടുണ്ട്.

ആരോപണവിധേയനായ അധ്യാപകന്റെ കാര്യത്തില്‍ ദീപ ആവശ്യപ്പെട്ട നടപടിയെടുക്കാന്‍ സര്‍വ്വകലാശാല തടസ്സമുന്നയിച്ച സാഹചര്യത്തിലാണ് സമരം നീണ്ടുപോയിരിക്കുന്നത്. സാങ്കേതിക തടസ്സമുണ്ടെങ്കില്‍ അതിനാധാരമായ രേഖകള്‍ എന്തെല്ലാമാണെന്ന് അറിയിക്കാന്‍ സര്‍വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍വ്വകലാശാലയുടെ തീരുമാനം ഇനിയും നീളുന്ന നില വന്നാല്‍, അധ്യാപകനോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടാന്‍ സര്‍വ്വകലാശാലാ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

കുറിപ്പിന്റെ പൂര്‍ണരൂപം:

എംജി സര്‍വ്വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥിനിയായ ദീപ പി മോഹനന്‍ നടത്തിവരുന്ന നിരാഹാരസമരവുമായി ബന്ധപ്പെട്ടുകൊണ്ട്, വിദ്യാര്‍ത്ഥിനിയുടെ പക്ഷത്തുനിന്ന് കാര്യങ്ങള്‍ കണ്ട് സര്‍വ്വകലാശാലാ അധികൃതര്‍ പരിഹരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ശ്രമിച്ചിരുന്നു. ഒരു വിധ മാനസികപ്രയാസത്തിനോ സാങ്കേതികതടസ്സങ്ങള്‍ക്കോ ഇടവരുത്താതെ ദീപയ്ക്ക് ഗവേഷണം പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കാമെന്നും അതിനുവേണ്ട ലൈബ്രറി, ലാബ്ഹോസ്റ്റല്‍ സംവിധാനങ്ങളുള്‍പ്പെടെ എല്ലാ പശ്ചാത്തലസൗകര്യങ്ങളും നല്‍കാമെന്നും താന്‍തന്നെ ഗൈഡായി പ്രവര്‍ത്തിക്കാമെന്നും വൈസ് ചാന്‍സലര്‍ ഉറപ്പുകൊടുക്കുകയും, ദീപ അത് വിശ്വാസത്തിലെടുക്കുകയും ചെയ്തിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്.എന്നാല്‍, ആരോപണവിധേയനായ അധ്യാപകന്റെ കാര്യത്തില്‍ ദീപ ആവശ്യപ്പെട്ട നടപടിയെടുക്കാന്‍ സര്‍വ്വകലാശാല തടസ്സമുന്നയിച്ച സാഹചര്യത്തിലാണ് സമരം നീണ്ടുപോയിരിക്കുന്നത്.

ഹൈക്കോടതിയും പട്ടികവര്‍ഗ്ഗ കമ്മീഷനും ഇടപെട്ടിട്ടുള്ളതാണ് നേരത്തെത്തന്നെ ദീപയുടെ പരാതിയില്‍. ഇവകൂടി പരിഗണിച്ച് വിദ്യാര്‍ത്ഥിനിയുടെ പരാതി സര്‍വ്വകലാശാല എത്രയും പെട്ടെന്നു തീര്‍പ്പാക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ആരോപണവിധേയനായ അധ്യാപകനെ പദവിയില്‍നിന്ന് മാറ്റിനിര്‍ത്തി പരാതി അന്വേഷിക്കാന്‍ എന്താണ് സര്‍വ്വകലാശാലയ്ക്ക് തടസ്സമെന്ന് ആരാഞ്ഞിട്ടുണ്ട്. അതിന് സാങ്കേതികതടസ്സമുണ്ടെങ്കില്‍ അതിനാധാരമായ രേഖകള്‍ എന്തെല്ലാമാണെന്ന് അറിയിക്കാനും സര്‍വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനിലയില്‍ സര്‍ക്കാരിന് ഉത്ക്കണ്ഠയുണ്ട്. വ്യക്തിപരമായും ആകുലതയുണ്ട്. വിദ്യാര്‍ത്ഥിനിയ്ക്ക് നീതി ഉറപ്പാക്കാന്‍ വേണ്ടത് സര്‍വ്വകലാശാലയുടെ വിശദീകരണം കിട്ടിയയുടനെ ചെയ്യും. ആരോപണവിധേയനായ അദ്ധ്യാപകനെ മാറ്റിനിര്‍ത്തുന്ന കാര്യത്തില്‍ സര്‍വ്വകലാശാലയുടെ തീരുമാനം ഇനിയും നീളുന്ന നില വന്നാല്‍, അധ്യാപകനോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടാന്‍ സര്‍വ്വകലാശാലാ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കും.ഇതൊരുറപ്പായെടുത്ത് സമരത്തില്‍നിന്നു പിന്മാറണമെന്ന് വിദ്യാര്‍ത്ഥിനിയോട് അഭ്യര്‍ത്ഥിക്കുന്നു. കൊറോണ ബാധിതയായി ആശുപത്രിയിലായതിനാലാണ് ദീപയെ നേരിട്ട് കാണാന്‍ വരാത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker