ലണ്ടൻ: ലോകത്തെ ഭീതിയിലാഴ്ത്തി കോവിഡ് വ്യാപിക്കുമ്പോൾ പരീക്ഷണ വഴിയിൽ ശാസ്ത്രജ്ഞർ. വാക്സീനിലൂടെ കോവിഡിനെ വരുതിയിലാക്കാൻ ശ്രമം നടത്തുന്ന ഫൈസർ കമ്പനി കോവിഡിന് ഫലപ്രദമായ ആന്റി വൈറൽ മരുന്ന് ഗുളിക രൂപത്തിൽ വികസിപ്പിക്കാൻ തയ്യാറെടുക്കുന്നു. ഇതിനായുള്ള തീവ്രപരീക്ഷണത്തിലാണ് അമേരിക്കൻ കമ്പനിയായ ഫൈസർ.
എന്നാൽ അമേരിക്കയിലെയും ബൽജിയത്തിലെയും കമ്പനിയുടെ നിർമാണ യൂണിറ്റുകളിൽ ഇതിനായുള്ള പരീക്ഷണം വിജയകരമായി പുരോഗമിക്കുകയാണ്. ഇതു വിജയത്തിലെത്തിയാൽ കോവിഡിന്റെ അന്തകനായ മരുന്ന് ഗുളിക രൂപത്തിൽ അവതരിക്കും. ഇരുപതിനും അറുപതിനും മധ്യേ പ്രായമുള്ള അറുപതു പേരിലാണ് മരുന്നിന്റെ പരീക്ഷണം തുടരുന്നത്. പരീക്ഷണം വിജയകരമായാൽ അടുത്തവർഷം ആദ്യത്തോടെ മരുന്ന് വിപണിയിലെത്തും.