KeralaNews

മുട്ടില്‍ മരംമുറി കേസ് അന്വേഷിക്കുന്നതിന്റെ പേരില്‍ വ്യാജ വാര്‍ത്ത;റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് പരാതി

കൊച്ചി: മലപ്പുറം പൊന്നാനിയില്‍ വീട്ടമ്മയെ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ ബലാല്‍സംഗം ചെയ്‌തെന്ന പരാതി വ്യാജമെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെ ഡിവൈഎസ്പി വി വി ബെന്നി റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് പരാതി നല്‍കി.

മുന്‍ എസ് പി സുജിത് ദാസ്, പൊന്നാനി എസ്എച്ച്ഒ ആയിരുന്ന വിനോദ്, താനൂര്‍ ഡിവൈഎസ്പി ബെന്നി എന്നിവര്‍ക്കെതിരായ പീഡന പരാതി വ്യാജമാണെന്നാണ് മലപ്പുറം അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. നിജസ്ഥിതി അന്വേഷിക്കാതെയാണ് ചാനല്‍ തനിക്കെതിരെ വ്യാജ വാര്‍ത്ത സംപ്രേഷണം ചെയ്തതെന്ന് ബെന്നി പരാതിയില്‍ പറയുന്നു. തനിക്കും കുടുംബത്തിനും ഈ വ്യാജ വാര്‍ത്ത അപകീര്‍ത്തികരമാണ്. ഫേസ്ബുക്കിലും, ഇന്‍സ്റ്റഗ്രാമിലും, ടെലഗ്രാമിലും, എക്‌സിലും എല്ലാം ചാനല്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചു.

വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ വേണ്ടി റിപ്പോര്‍ട്ടര്‍ ടിവി തനിക്കെതിരെ വ്യാജ വാര്‍ത്ത ചമയ്ക്കുകയായിരുന്നു. ഇത് ജനാധിപത്യ രാജ്യത്തിന് ചേര്‍ന്നതല്ല. പൊന്നാനിയിലെ വീട്ടമ്മയുടെ പീഡന വാര്‍ത്ത വ്യാജമെന്ന് ഓണ്‍ലൈന്‍ വാര്‍ത്താ പ്ലാറ്റ്‌ഫോമുകളും, വാർത്ത ചാനലുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, റിപ്പോര്‍ട്ടര്‍ ടിവി മാത്രം ഈ വ്യാജ വാര്‍ത്തയുടെ സംപ്രേഷണം തുടര്‍ന്നു.

ഈ വ്യാജ വാര്‍ത്ത തന്റെ കുടുംബ ബന്ധങ്ങളെയാകെ ബാധിച്ചു. വാര്‍ത്ത അപകീര്‍ത്തികരമാണെന്നും യൂടൂബില്‍ നിന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ഇ-മെയില്‍ അയച്ചെങ്കിലും നടപടിയുണ്ടായില്ല. വീട്ടമ്മയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ മുട്ടില്‍ മരം മുറി കേസ് അന്വേഷിക്കുന്നതിലെ വിരോധത്തിന്റെ ഭാഗമായുള്ള ഗൂഢാലോചനയാണ്. മുട്ടില്‍ മരംമുറിക്കേസില്‍ കസ്റ്റഡിയില്‍ എടുത്തതിന്റെ പേരില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമകളായ അഗസ്റ്റിന്‍ സഹോദരന്മാര്‍ തനിക്കെതിരെ തിരിഞ്ഞു. കേസിലെ 42 കുറ്റപത്രങ്ങളില്‍ ആറെണ്ണം സമര്‍പ്പിച്ചു. ബാക്കിയുള്ള കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥനായ തന്നെ തടയാന്‍ ലക്ഷ്യമിട്ടുള്ളതാണ് വ്യാജ പീഡന കേസെന്നും ബെന്നി പരാതിയില്‍ പറഞ്ഞു.

തനിക്കെതിരെ റിപ്പോര്‍ട്ടര്‍ ചാനല്‍ നിരവധി തവണ വ്യാജ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്തു. ഈ വിഷയം പരിശോധിക്കാന്‍ ഐ ആന്‍ഡ് ബി മന്ത്രാലയത്തോട് അഭ്യര്‍ഥിക്കുന്നു. വാര്‍ത്താ ചാനലുകള്‍ ഇത്തരത്തില്‍ ദുരുപയോഗിച്ചുകൂടാ. റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും വിവി ബെന്നി പരാതിയില്‍ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker