KeralaNews

കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി; രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നു സുധീരന്‍ രാജിവച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും വി.എം സുധീരന്‍ രാജിവച്ചു. പുതിയ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചാണ് സുധീരന്‍ രാജിവച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയാണ് സുധീരന്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് രാജികത്ത് കൈമാറിയത്.

രാഷ്ട്രീയകാര്യസമിതി നോക്കുകുത്തിയായെന്നും സുധീരന്‍ വിമര്‍ശനം ഉന്നയിച്ചു. പാര്‍ട്ടിയില്‍ വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ല. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് താനുമായി കൂടിയാലോചന ഉണ്ടായില്ല. പുതിയ നേതൃത്വം വന്നശേഷം തീരുമാനങ്ങള്‍ ഏകപക്ഷീയമാണെന്നും സുരധീരന്‍ കുറ്റപ്പെടുത്തി.

കെ.സുധാകരനെ കെപിസിസി പ്രസിഡന്റും വി.ഡി. സതീശനെ പ്രതിപക്ഷ നേതാവുമായി നിശ്ചയിച്ചതിനു പിന്നാലെ കോണ്‍ഗ്രസിലെ ഗ്രൂപ്പുകളില്‍ തുടങ്ങിയ പുകച്ചില്‍ ഡിസിസി പ്രസിഡന്റ്മാരുടെ പ്രഖ്യാപനത്തോടെ ആളിക്കത്തുകയാണ്. കോണ്‍ഗ്രസില്‍ ഉടലെടുത്തിട്ടുള്ള പൊട്ടിത്തെറികള്‍ കൂടുതല്‍ രൂക്ഷമാകുകയാണ് സുധീരന്റെ രാജിയോടെ.

മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കെപിസിസി പുനഃസംഘടനയുമായും അതൃപ്തികള്‍ പങ്കുവച്ചിരുന്നു. ഇതിനുപിന്നാലെയാണ് സുധീരന്റെ രാജി. നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തിയാണ് സുധീരനും രേഖപ്പെടുത്തിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button