KeralaNews

ബാബുവിന് വീട് വച്ച് നല്‍കും; ജന്മദിനത്തില്‍ ആശംസകളുമായി വി.കെ ശ്രീകണ്ഠന്‍ എം.പി

പാലക്കാട്: ചെറാട് മലയില്‍ നിന്ന് സൈന്യം രക്ഷിച്ച ബാബുവിന് സഹായ വാഗ്ദാനവുമായി വി കെ ശ്രീകണ്ഠന്‍ എം.പി. ബാബുവിന് വീട് വയ്ക്കാന്‍ ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ബാബുവിന് ജന്മദിനാശംസകള്‍ നേരാന്‍ എത്തിയപ്പോഴാണ് എം പി ഇക്കാര്യമറിയിച്ചത്.

‘ചെറുപ്പക്കാര്‍ക്ക് ഒരു മാതൃകയാണ് ബാബു, മലകയറിപ്പോയതിലല്ല നല്ല ആത്മധൈര്യത്തിന്റെ ഉടമയാണ് ബാബു. നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയാണ് ബാബുവിന്റെ തിരിച്ചുവരവ്. ബാബുവിന്റെ പിറന്നാള്‍ ആണെന്ന് അറിഞ്ഞു അതില്‍ ഏറെ സന്തോഷം. ജീവിതത്തിലേക്ക് വലിയൊരു തിരിച്ചുവരവാണ് ബാബു നടത്തിയിരിക്കുന്നത്. ഈ ആത്മധൈര്യം ഉയരങ്ങളില്‍ എത്തിക്കട്ടെ മറ്റുള്ളവര്‍ക്ക് ആത്മധൈര്യം പകര്‍ന്ന് കൊടുക്കട്ടെ എന്നാണ് ആശംസിക്കാനുള്ളത്. വീട് വച്ച് കൊടുക്കനായി ഞാന്‍ തന്നെ മുന്‍കൈ എടുക്കും’ വി കെ ശ്രീകണ്ഠന്‍ എം പി പറഞ്ഞു.

അതേസമയം ബാബുവിനെ രക്ഷിക്കാന്‍ മുക്കാല്‍ കോടിയോളം ചെലവ് വന്നുവെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രാഥമിക കണക്ക്. കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍, വ്യോമസേനാ ഹെലികോപ്റ്റര്‍, കരസേനാ , മറ്റ് രക്ഷാപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രം നല്‍കിയത് അരക്കോടി രൂപയാണ്.

ബില്ലുകള്‍ ഇനിയും കിട്ടാനുണ്ട് എന്നതിനാല്‍ തുക ഇനിയും കൂടാനാണ് സാധ്യത. ബാബു കുടുങ്ങിയത് മുതല്‍ രക്ഷാ പ്രവര്‍ത്തനത്തിനായി പ്രാദേശിക സംവിധാനങ്ങള്‍ മുതല്‍ ഏറ്റവും ഒടുവില്‍ കരസേനയുടെ രക്ഷാ ദൗത്യ സംഘത്തെ വരെ എത്തിച്ചു. ദുരന്ത നിവാരണ അഥോറിറ്റി, കോസ്റ്റ് ഗാര്‍ഡ്. കരസേന എന്നിവരുടെ സേവനം തേടി. എന്‍ഡിആര്‍എഫും രക്ഷാ ദൗത്യത്തിന് മുന്നിലുണ്ടായിരുന്നു. പിന്നാലെയെത്തിയ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററിന് രണ്ടു ലക്ഷം രൂപയായിരുന്നു മണിക്കൂറിന് ചെലവ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button