ചെങ്ങന്നൂര്‍: ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ ജനറല്‍ സെക്രട്ടറിയും പ്രശസ്ത ഗായകനുമായ വി.കെ.ശശിധരന്‍ (83)അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഗായകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന അദ്ദേഹം സിനിമയ്ക്ക് വേണ്ടിയും പാട്ടുകള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രാവബോധം വളര്‍ത്തുന്ന ഗാനങ്ങള്‍ ജനകീയമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് വി.കെ ശശിധരന്‍. ഇടശേറിയുടെ പൂതപ്പാട്ട് ചിട്ടപ്പെടുത്തി അവതരിപ്പിച്ച് ശ്രദ്ധേയനായിരുന്നു. ടാഗോറിന്റെ ഗീതാഞ്ജലി ഉള്‍പ്പെടെയുള്ള കവിതകള്‍ക്ക് സംഗീതാവിഷ്‌കാരവും രംഗാവിഷ്‌കാരവും നിര്‍വഹിച്ചിട്ടുണ്ട്.
കര്‍ണാടക സംഗീതത്തില്‍ പരിശീലനം നേടിയ അദ്ദേഹം 30 വര്‍ഷക്കാലം ശ്രീനാരായണ പോളിടെക്ക്നിക്കിലെ അധ്യാപകനായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കലാജാഥകളില്‍ അനവധി ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. കുട്ടികളിലേക്കും പൊതുജനങ്ങളിലേക്കും ശാസ്ത്രീയ അവബോധം സൃഷ്ടിക്കാന്‍ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്ക് കഴിഞ്ഞ. സംഗീത നാടക അക്കാദമിക്ക് വേണ്ടിയും സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.