കോഴിക്കോട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് പി. സരിന്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ചര്‍ച്ചയായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സംസ്ഥാന സെക്രട്ടറി വി.കെ സനോജാണ് ' പൂത്ത ബ്രെഡ് പാലക്കാട് ചെലവാകില്ല' എന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. സരിന്‍ ഇടത് പാളയത്തിലെത്തുമെന്ന വാര്‍ത്ത സി.പി.എം നേതാക്കളുള്‍പ്പെടെ തള്ളാത്ത സാഹചര്യത്തിലാണ് സനോജിന്റെ പോസ്‌റ്റെന്നതും ശ്രദ്ധേയമാണ്.
നേരത്തെ സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ സരിന്‍ സ്ഥാനാര്‍ഥിയായേക്കുമെന്നുള്ള സൂചന നല്‍കിയിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുമെന്നും സരിന്‍ നിലപാട് വ്യക്തമാക്കിയാല്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള തീരുമാനം ഉണ്ടാവുമെന്നുമാണ് ജില്ല സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു പറഞ്ഞത്.
കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ കൂടിയായ പി. സരിന്‍ പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തെ സ്ഥാനാര്‍ഥിയാക്കിയതോടെയാണ് പാര്‍ട്ടിയില്‍ കലാപക്കൊടിയുയര്‍ത്തിയത്. വാര്‍ത്താ സമ്മേളനം വിളിച്ച് പാര്‍ട്ടിക്കെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തിയ സരിന്‍ നിലപാട് തിരുത്തിയില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സരിന്‍ ഇടത് സ്ഥാനാര്‍ഥിയാവുമെന്ന വാര്‍ത്തകളുയര്‍ന്നത്. കോണ്‍ഗ്രസിന്റെ സൈബര്‍ മുഖമായിരുന്ന സരിന്‍ ഇടത് സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലുള്‍പ്പടെ സി.പി.എം പ്രവര്‍ത്തകരില്‍ പ്രതിഷേധത്തിന് കാരണമാക്കിയിട്ടുണ്ട്.