തിരുവനന്തപുരം: വർക്കല എംഎൽഎയായ വി.ജോയ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാവും. ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് വി.ജോയിയുടെ പേര് സെക്രട്ടറി സ്ഥാനത്തേക്ക് നിർദേശിക്കപ്പെട്ടത്. പല മുതിർന്ന നേതാക്കളുടേയും പേരുകൾ സെക്രട്ടറി സ്ഥാനത്തേക്ക് വന്നതോടെ സമവായം എന്ന നിലയിലാണ് വി.ജോയിക്ക് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വഴി തുറന്നത്. നിർണായക യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തിരുന്നു.
കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനത്തിൽ നിലവിലെ ജില്ലാ സെക്രട്ടറിയായ ആനാവൂർ നാഗപ്പൻ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സിപിഎമ്മിലെ രീതി അനുസരിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ ജില്ലാ സെക്രട്ടറി പദവി കൈകാര്യം ചെയ്യാറില്ല. എന്നാൽ സംസ്ഥാന സമ്മേളനം കഴിഞ്ഞ് പത്ത് മാസത്തോളമായിട്ടും ആനാവൂർ നാഗപ്പൻ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുകയായിരുന്നു. തിരുവനന്തപുരം സിപിഎമ്മിനുള്ളിൽ നിലനിൽക്കുന്ന ഉൾപ്പോരായിരുന്നു ആനാവൂരിന് പകരക്കാരനെ കണ്ടെത്തുന്നതിൽ ഏറ്റവും വലിയ വെല്ലുവിളി.
ആനാവൂർ നാഗപ്പൻ, കടകംപള്ളിസുരേന്ദ്രൻ, വി.ശിവൻകുട്ടി എന്നിങ്ങനെ മൂന്ന് പ്രമുഖ നേതാക്കളുടേയും കീഴിലായി വിവിധ ചേരികൾ തിരുവനന്തപുരം സിപിഎമ്മിൽ ശക്തമാണ്. ഇവരോട് ചേർന്ന് നിൽക്കുന്ന സിപിഎം, ഡിവൈഎഫ്ഐ, എസ്.എഫ്ഐ നേതാക്കളിൽ പലരുമാണ് സമീപകാലത്ത് സിപിഎമ്മിനെ നാണം കെടുത്തിയ പല വിവാദങ്ങളിലും പ്രതിസ്ഥാനത്തുണ്ടായിരുന്നത്. മേയർ ആര്യരാജേന്ദ്രനെ കുടുക്കിയ കത്ത് വിവാദവും എസ്എഫ്ഐ നേതാക്കൾ മദ്യപിച്ച് നൃത്തം ചെയ്യുന്ന വീഡിയോ പുറത്തു വന്നതുമെല്ലാം ഈ ഉൾപ്പോരിൻ്റെ തുടർച്ചയായിട്ടായിരുന്നു എന്നാണ് സൂചന.
ജില്ലയിലെ സിപിഎമ്മിലുണ്ടാവുന്ന വിവാദങ്ങൾ പാർട്ടിയെ നിരന്തരം പ്രതിരോധത്തിലാക്കിയതോടെ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തന്നെ നേരിട്ട് ഇടപെടുകയും കർശനമായ തിരുത്തൽ നടപടികൾക്ക് തുടക്കമിടുകയും ചെയ്തിരുന്നു. ഇതിനു തുടർച്ചയായാണ് ഇപ്പോൾ പുതിയ ജില്ലാസെക്രട്ടറി വരുന്നത്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധിയാല്ലാതിരുന്നിട്ടും സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആളാണ് വി.ജോയ്. അതിനു പിന്നാലെയാണ് തലസ്ഥാന ജില്ലയിലെ സിപിഎമ്മിനെ നയിക്കാനും അദ്ദേഹം നിയോഗിക്കപ്പെടുന്നത്.