KeralaNews

പാലക്കാട്ട് സി.പി.എം മൂന്നാം സ്ഥാനത്ത്,ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സീപ്ലെയ്ന്‍ ലാന്‍ഡ് ചെയ്യിച്ചപ്പോള്‍ എതിര്‍ത്തു,ഇപ്പോള്‍ പിതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നു; സിപിഎമ്മേ നിന്റെ പേരാണോ കാപട്യമെന്ന് വി.ഡി.സതീശന്‍

പാലക്കാട്: പത്ത് വര്‍ഷം മുന്‍പ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സീ പ്ലെയിന്‍ ലാന്‍ഡ് ചെയ്യിച്ചപ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിച്ച സിപിഎം ഇപ്പോള്‍ അതേ പദ്ധതി ഏറ്റെടുക്കുന്ന നടപടി കാപട്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കാപട്യമെ നിന്റെ പേരാണോ സി.പി.എം എന്ന് ആരെങ്കിലും വിളിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. കാപട്യം നിറഞ്ഞ പാര്‍ട്ടിയാണ് സി.പി.എം. കേരളത്തില്‍ ആദ്യമായി സീപ്ലെയിന്‍ കൊണ്ടുവരുന്നതിന്റെ പിതാക്കന്‍മാര്‍ എന്നാണ് ടൂറിസം വകുപ്പ് ഇപ്പോള്‍ നടിക്കുന്നത്.

പത്ത് വര്‍ഷം മുന്‍പ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സീ പ്ലെയിന്‍ ലാന്‍ഡ് ചെയ്യിച്ചപ്പോള്‍ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം നഷ്ടപ്പെടുമെന്നും അനുവദിക്കില്ലെന്നുമാണ് സി.പി.എം പറഞ്ഞത്. ഇപ്പോള്‍ അതേ പദ്ധതി ഏറ്റെടുക്കുന്നു. സി.പി.എമ്മിന്റെ മുഖമുദ്ര തന്നെ കാപട്യമാണ്.

സര്‍ക്കാരില്ലായ്മയാണ് കേരളമനുഭവിക്കുന്ന പ്രശ്‌നമെന്നും മുഖ്യമന്ത്രിക്ക് പോലും സര്‍ക്കാരിന്മേല്‍ നിയന്ത്രണമില്ലെന്നും വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി. പാലക്കാട് യുഡിഎഫ് വിജയിക്കുമെന്നും സിപിഎമ്മിന്റെ നാടകങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഭൂരിപക്ഷം വര്‍ദ്ധിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

‘സര്‍ക്കാരില്ലായ്മയാണ് കേരളമനുഭവിക്കുന്നത്. ജനകീയ പ്രശ്നങ്ങളിലും പൊതുവിഷയങ്ങളിലും ഭരണത്തിലും പ്രതിഫലിക്കുന്ന വാക്കാണ് സര്‍ക്കാരില്ലായ്മ. പ്രതിസന്ധിയുണ്ടാകുമ്പോള്‍ അവര്‍ തിരഞ്ഞെടുത്ത സര്‍ക്കാരിന്റെ സാമീപ്യം ജനങ്ങള്‍ ആഗ്രഹിക്കും. അങ്ങനെ ഒരു സര്‍ക്കാരിന്റെ സാന്നിധ്യം ഇപ്പോഴില്ല. മുഖ്യമന്ത്രിക്ക് പോലും ഭരണത്തില്‍ കണ്ട്രോളില്ല.

മുഖ്യമന്ത്രിയുടെ വകുപ്പ് പോലും കൈകാര്യം ചെയ്യുന്നത് ഓഫീസിലെ ഒരു ഉപജാപക സംഘമാണ്. അവരാണ് നവീന്‍ ബാബു അഴിമതിക്കാരനാണെന്ന് വരുത്തി തീര്‍ത്തതും അതിലെ പ്രതിയെ സംരക്ഷിക്കാന്‍ ശ്രമം നടത്തിയതും. നവീന്‍ ബാബുവിന്റെ വീട്ടില്‍ പോയി അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

എന്നിട്ട് ദിവ്യയെ പാര്‍ട്ടി ഗ്രാമത്തില്‍ ഒളിപ്പിച്ചു. ജയിലില്‍ നിന്ന് പുറത്തുവന്നപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ സ്വന്തം സഹധര്‍മ്മിണിയെ പറഞ്ഞയപ്പിച്ച് അവരെ സ്വീകരിക്കുകയാണ്. സിപിഎമ്മേ നിന്റെ പേരാണോ കാപട്യമെന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ പറ്റുമോ. ഇപ്പോള്‍ സീപ്ലെയ്ന്‍ കൊണ്ടുവന്നിട്ട് ടൂറിസം വകുപ്പ് പറയുന്നു ഞങ്ങളാണ് ആദ്യമായി കേരളത്തില്‍ സീപ്ലെയ്ന്‍ കൊണ്ടുവന്നതിന്റെ പിതാക്കന്മാരെന്ന്.

പത്തുകൊല്ലം മുമ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സീപ്ലെയ്ന്‍ ലാന്‍ഡ് ചെയ്യിച്ചപ്പോള്‍ മത്സ്യത്തൊഴിലാളികളുടെ ഉപജീവനം നഷ്ടപ്പെടും ഒരു കാരണവശാലും കേരളത്തില്‍ സീപ്ലെയ്ന്‍ അനുവദിക്കില്ലെന്ന് പറഞ്ഞു. എന്നിട്ടിപ്പോള്‍ അതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നു. കാപട്യമാണ് സിപിഎമ്മിന്റെ മുഖമുദ്ര.

രണ്ടാം സ്ഥാനത്തേക്ക് വരാനുണ്ടായിരുന്ന സാധ്യത ബിജെപിയിലേക്ക് സീറ്റു ചോദിച്ചു പോയ ഒരാളെ സ്ഥാനാര്‍ഥിയാക്കിയതോടുകൂടി സിപിഎം തന്നെ അത് ഇല്ലാതാക്കി. പാലക്കാട് പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കും. സിപിഎമ്മിന്റെ നാടകങ്ങള്‍ ആവര്‍ത്തിച്ചാല്‍ അത് പതിനയ്യായിരം വരെ പോകും.

റെയ്ഡ് നാടകം കൊണ്ട് ഞങ്ങള്‍ക്ക് കുറച്ചുകൂടി വോട്ട് കിട്ടും. ഇവരുടെ അഹങ്കാരത്തിനു പിറകേ പോയാല്‍ പാര്‍ട്ടി ഉണ്ടാകില്ലെന്ന് നല്ല കമ്മ്യൂണിസ്റ്റുകള്‍ക്കറിയാം. അതുകൊണ്ട് നല്ല കമ്മ്യൂണിസ്റ്റുകാര്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യും. അത് ഞങ്ങള്‍ ജയിക്കാനല്ല ഈ സര്‍ക്കാര്‍ ജയിക്കാതിരിക്കാനാണ്,’ വി.ഡി. സതീശന്‍ പറഞ്ഞു.

പാലക്കാട് സി.പി.എം മൂന്നാം സ്ഥാനത്ത് വരും. മൂന്നാം സ്ഥാനത്ത് വരുമെന്ന് ഉറപ്പിച്ചിട്ടും ബി.ജെ.പിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനാണ് സി.പി.എം ശ്രമിക്കുന്നത്. കുഴല്‍പ്പണ ആരോപണത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നാണംകെട്ട് നില്‍ക്കുന്നതിനാലാണ് കോണ്‍ഗ്രസും കുഴല്‍പ്പണക്കാരാണെന്നു വരുത്തി തീര്‍ക്കാന്‍ മന്ത്രി എം.ബി രാജേഷ് ശ്രമിച്ചത്. എം.ബി രാജേഷ് ഫോണില്‍ വിളിച്ചതു കൊണ്ടാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയാതെയും വനിതാ ഉദ്യോഗസ്ഥര്‍ ഇല്ലാതെയും അര്‍ദ്ധരാത്രിയില്‍ മഹിളാ കോണ്‍ഗ്രസ് നേതാക്കളുടെ ഹോട്ടല്‍ മുറിയില്‍ റെയ്ഡിന് എത്തിയത്.

വനിതാ നേതാക്കളുടെ ഹോട്ടല്‍ മുറിയില്‍ അര്‍ദ്ധരാത്രി റെയ്ഡ് നടത്താന്‍ ഫോണില്‍ നിര്‍ദ്ദേശം നല്‍കുന്ന മന്ത്രിമാരുള്ളനാടാണ് കേരളം. ബി.ജെ.പിയുമായുള്ള സി.പി.എമ്മിന്റെ ബാന്ധവം വ്യക്തമായിരിക്കുകയാണ്. തൃശൂരിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കരുവന്നൂരും എസ്.എഫ്.ഐ.ഒയുമൊക്കെ എവിടെ പോയി എന്നും സതീശന്‍ ചോദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker