KeralaNews

മുഖ്യമന്ത്രി സൂര്യനാണ്; അടുത്തുപോയാൽ കരിഞ്ഞുപോകും, ഇല്ലെങ്കിൽ 58 വെട്ടുവെട്ടി കരിച്ചുകളയും പരിഹാസവുമായി സതീശൻ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ സ്തുതിപാഠകരുടെ ഇടയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത് കേട്ട് മയങ്ങിയിരിക്കുന്ന മുഖ്യമന്ത്രി ഭരിക്കാൻ മറന്നുപോയെന്നും അദ്ദേഹം ആരോപിച്ചു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി. ജയരാജനേക്കുറിച്ച് പാട്ടുവന്നപ്പോൾ വിമർശിച്ച പാർട്ടിയുടെ സെക്രടറി ഇപ്പോൾ പിണറായി സൂര്യനാണെന്ന് പറയുന്നു. അടുത്തേക്ക് പോയാൾ കരിഞ്ഞു പോകും. ഇനി കരിഞ്ഞില്ലെങ്കിൽ വീട്ടിലേക്ക് ഇന്നോവ കാറയക്കും. 58 വെട്ടുവെട്ടി കരിയിച്ചുകളയും. സ്തുതി പാഠകരുടെ ഇടയിൽപ്പെട്ട എല്ലാ ഭരണധികരികൾക്കും പറ്റിയതുതന്നെ പിണറായിക്കും പറ്റി. സി.പി.എം എത്രമാത്രം ജീർണിച്ചുവെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസത്തെ പാട്ട്. കേന്ദ്രത്തിൽ മോദിക്ക് വേണ്ടി ബിജെപി ചെയ്യുന്നത് തന്നെയാണ് ഇവിടെയും നടക്കുന്നത്.

അൻസിൽ ജലീൽ വ്യാജ ഡിഗ്രി നേടിയെന്ന ആരോപണം കള്ളമാണെന്ന് തെളിഞ്ഞു. വ്യാജരേഖ ചമച്ചതാണെന്ന് പോലീസ് കണ്ടെത്തി. ദേശാഭിമാനി പത്രമാണ് വ്യാജരേഖ ചമച്ചത്. സി.പി.എമ്മിന്റെ അറിവോടെയാണിത്. എസ്.എഫ്.ഐക്കാർ അത്തരക്കാരാണെന്ന് തെളിഞ്ഞപ്പോൾ കെ.എസ്.യുവും ഇങ്ങനെയാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു. ക്രൂരമായ വേട്ടയാടലാണ് ഒരു വിദ്യാർഥിക്ക് നേരെയുണ്ടായത്. അദ്ദേഹത്തിന് സി.പി.എമ്മും ദേശാഭിമാനിയും നഷ്ടപരിഹാരം നൽകണം. നടപടിയുണ്ടായിട്ടില്ലെങ്കിൽ നിയമനടപടി സ്വീകരിക്കും.

കേരളത്തിലെ രോ​ഗികൾ വലയുകയാണ്. സർക്കാർ ആശുപത്രികളിൽ 75 ശതമാനം മരുന്നുകൾ ലഭ്യമല്ല. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ആശുപത്രികളുടെ ആവശ്യത്തിനനുസരിച്ചുള്ള മരുന്നുകൾ വിതരണം ചെയ്യുന്നില്ല. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മരുന്നുകൾ നൽകിയ സ്വകാര്യ കമ്പനികൾക്ക് നൽകാനുള്ളത് കോടിക്കണക്കിന് രൂപയാണ്. മരുന്നിന്റെ ഗുണനിലവാരം പരിശോധിക്കുന്നില്ല. കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തെന്ന് സി ആൻഡ് ജി റിപ്പോർട്ടിലുണ്ട്. സപ്ലൈക്കോയ്ക്ക് പറ്റിയതുതന്നെ മെഡിക്കൽ സർവീസ് കോർപ്പറേഷനും സംഭവിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button