കല്‍പ്പറ്റ: പി.വി.അന്‍വറിന്റെ മാപ്പ് സ്വീകരിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അന്‍വറിന് മുന്നില്‍ വാതില്‍ അടച്ചിട്ടുമില്ല തുറന്നിട്ടുമില്ല. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നിയമസഭയില്‍ വി.ഡി.സതീശനെതിരേ 150 കോടി കടത്തിയെന്ന ആരോപണമുന്നയിച്ചത് പി.ശശി പറഞ്ഞിട്ടാണെന്ന് അന്‍വര്‍ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ വി.ഡി.സതീശനോട് അന്‍വര്‍ മാപ്പ് ചോദിക്കുകയുംചെയ്തു. ഇതിനുപിന്നാലെയായിരുന്നു അന്‍വറിന്റെ മാപ്പ് സ്വീകരിച്ചതായി വി.ഡി.സതീശന്‍ പ്രതികരിച്ചത്.
മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ് അന്‍വര്‍ തെറ്റായ ആരോപണം ഉന്നയിച്ചതെന്ന് അന്നേ പറഞ്ഞു. അപ്പോള്‍ അവരെല്ലാം ചിരിച്ചു. മുഖ്യമന്ത്രി അറിയാതെ എം.എല്‍.എ.യ്ക്ക് ആരോപണം ഉന്നയിക്കാനാകില്ല. നിങ്ങളെ ഓര്‍ത്ത് കരയണോ ചിരിക്കണോ എന്നാണ് അന്ന് ഞാന്‍ ചോദിച്ചത്.
അന്‍വറിന്റെ വെളിപ്പെടുത്തലോടെ അന്നത്തെ ആരോപണം മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിലെ ഉപജാപകസംഘത്തിന്റെയും ഗൂഢാലോചനയാണെന്ന് വ്യക്തമായി. മുഖ്യമന്ത്രിക്കെതിരായ ആരോപണം പ്രതിരോധിക്കാന്‍ പ്രതിപക്ഷനേതാവിനെതിരേ ആരോപണം കെട്ടിച്ചമയ്ക്കുകയായിരുന്നു. അവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ വേണ്ടിയാണ് അത്തരം ആരോപണങ്ങള്‍ ഉന്നയിച്ചത്.
അത് വിജിലന്‍സ് അന്വേഷിച്ച് തള്ളിയതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ സി.പി.എം. ഉന്നതരെന്ന് നേരത്തെ പറഞ്ഞതാണ്. അതും അന്‍വര്‍ ഇന്ന് വെളിപ്പെടുത്തിയിരിക്കുകയാണെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.
വി.ഡി സതീശനെതിരെ ഉന്നയിച്ച 150 കോടി രൂപയുടെ കോഴ ആരോപണം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി ഡ്രാഫ്റ്റ് ചെയ്തതാണ് എന്നായിരുന്നു അന്‍വറിന്റെ ആരോപണം. പാര്‍ട്ടി തന്നെ ഏല്‍പിച്ച ജോലി മാത്രമാണ് സ്പീക്കറുടെ അറിവോടെ താന്‍ ചെയ്തതെന്നും അതിന്റെ പാപഭാരം താനിപ്പോഴും ചുമക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ 150 കോടിയുടെ കോഴ ആരോപണം സഭയില്‍ ഉന്നയിച്ചത് പി.ശശി നിര്‍ബന്ധം പിടിച്ചതുകൊണ്ടാണ്. അതും സ്പീക്കറുടെ അറിവോടെ. പിതാവിന് തുല്യം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയേയും കുടുംബത്തേയും സഭയിലിട്ട് ആക്രമിക്കുന്നത് കണ്ടതിന്റെ മാനസിക സംഘര്‍ഷത്തിലാണ് അന്ന് താന്‍ ആ വിഷയം സഭയില്‍ അവതരിപ്പിച്ചതെന്നും അന്‍വര്‍ പറഞ്ഞു.
പാര്‍ട്ടി ഏല്‍പിച്ച കാര്യം മാത്രമാണ് താന്‍ ചെയ്തത്. പക്ഷേ, വിജിലന്‍സ് അന്വേഷണത്തില്‍ അതില്‍ കഴമ്പില്ലെന്ന് തെളിഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ ശത്രുവായി അവതരിപ്പിക്കാനാണോ അന്നങ്ങനെ ഒരു പ്ലാനിങ് നടന്നതെന്ന് അറിയില്ല. അന്ന് നടന്ന സംഭവത്തില്‍ വി.ഡി സതീശനുണ്ടായ മാനഹാനിക്ക് കേരളസമൂഹത്തോട് മാപ്പ് പറയുകയാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.