ചങ്ങനാശേരി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്ത്. മുഖ്യമന്ത്രി സ്തുതിപാടകരുടെ നടുവിലാണ് കഴിയുന്നത്. തെറ്റ് ചൂണ്ടിക്കാണിക്കുന്നത് മുഖ്യമന്ത്രിക്ക് ഇഷ്ടമല്ല. മോദിയുടെ അതേ രീതിയാണ് പിണറായിയുടേതെന്നും സതീശന്‍ വിമര്‍ശിച്ചു.
ലോക്ക്ഡൗണ്‍ പ്രതിസന്ധിയെ തുടര്‍ന്ന് ജീവനൊടുക്കിയ ചങ്ങനാശേരിയിലെ ഹോട്ടല്‍ ഉടമ സരിന്‍ മോഹന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. കാലാവസ്ഥ മുന്നറിയിപ്പില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന ആരോപണവും സതീശന്‍ ആവര്‍ത്തിച്ചു.
ദുരന്ത മേഖലകളില്‍ സര്‍ക്കാരിന് കൃത്യ സമയത്ത് അറിയിപ്പ് നല്‍കാനായില്ല. രക്ഷാപ്രവര്‍ത്തനം വൈകി. അതിനുള്ള സംഘം പ്രദേശത്തില്ലായിരുന്നു. കൊക്കയാറില്‍ ഉരുള്‍പൊട്ടി ഒരു ദിവസം കഴിഞ്ഞാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. നദികളില്‍ വെള്ളം കയറിയാല്‍ എവിടെയൊക്കെ വെള്ളം കയറുമെന്ന് സര്‍ക്കാര്‍ പഠിച്ചില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.